കുഷ്ഠരോഗിയായ ഒരു മനുഷ്യനെ യേശു സ്പർശിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നതിന്റെ കലാപരമായ ചിത്രീകരണം. കുഷ്ഠരോഗിയായ ഒരു മനുഷ്യനെ യേശു സ്പർശിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നതിന്റെ കലാപരമായ ചിത്രീകരണം. 

കർദ്ദിനാൾ ചെർണി: അന്തസ്സിൽ ഐക്യപ്പെടാനുള്ള ഒരു അവസരമാണ് ആഗോള കുഷ്ഠരോഗ ദിനം

ആഗോള കുഷ്ഠരോഗി ദിനത്തിൽ സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്ട്രിയുടെ അദ്ധ്യക്ഷ൯ പുറപ്പെടുവിച്ച സന്ദേശത്തിൽ അപമാനവും വിവേചനവും ഒരിക്കലും തന്റെ അംഗങ്ങളെ വിഭജിക്കാൻ അനുവദിക്കരുതെന്ന് സഭയെ ആഹ്വാനം ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഞായറാഴ്ച 69 മത് ആഗോള കുഷ്ഠരോഗ ദിനം പ്രമാണിച്ച് ഹാൻസെൻസ് രോഗവുമായി (കുഷ്ഠരോഗം) ജീവിക്കുന്നവരോടുള്ള സഭയുടെ ഐക്യമത്യം കർദ്ദിനാൾ മൈക്കൽ ചെർണി പ്രകടിപ്പിച്ചു. സഭാ നേതൃത്വത്തിനും എല്ലാ നല്ല മനസ്കർക്കുമായി അയച്ച സന്ദേശത്തിൽ ഈ വർഷത്തെ കുഷ്ഠരോഗ ദിനാചരണത്തിനായി തിരഞ്ഞെടുത്ത “അന്തസ്സിൽ ഐക്യപ്പെട്ടിരിക്കുന്നു” എന്ന വിഷയം വിചിന്തനം ചെയ്തു.

1980 കളിൽ ആരംഭിച്ച മൾട്ടി ഡ്രഗ് ചികിൽസ വഴി കുഷ്ഠരോഗം കുറഞ്ഞാണു വരുന്നതെങ്കിലും ഉഷ്ണമേഖലയിൽ കാണപ്പെടുന്ന ഈ രോഗം ഇപ്പോഴും വിനാശകരവും അവഗണിക്കപ്പെടുന്നതുമാണെന്ന് കർദിനാൾ ചെർണി അഭിപ്രായപ്പെട്ടു.  "കുഷ്ഠരോഗവുമായി ബന്ധപ്പെട്ട ശാരീരീക വെല്ലുവിളികൾക്കുമപ്പുറം അപമാനം നിരുൽസാഹപ്പെടുത്തുന്ന യാഥാർത്ഥ്യമായി സമ്പൂർണ്ണ ആരോഗ്യത്തിനും രോഗശാന്തിക്കും ശക്തമായ തടസ്സമായി തുടരുന്നു", കർദിനാൾ പറഞ്ഞു.

കഴിഞ്ഞ വർഷം 1,27000 കുഷ്ഠരോഗ ബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ ധാരാളം കേസുകൾ ദീർഘകാല സങ്കീർണ്ണതകളിലേക്ക് നയിക്കുന്നതാണ്. ഏകദേശം 3-4 ദശലക്ഷം ആളുകൾ രോഗം മൂലമുള്ള പ്രത്യക്ഷമായ ബലഹീനതകളും വൈകല്യങ്ങളുമായി ജീവിക്കുന്നവരാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വെളിപ്പെടുത്തുന്നു.

അന്തസ്സുള്ള ഐക്യം

കുഷ്ഠരോഗമുള്ളവർക്ക് വിവേചനമനുഭവിക്കാതെയും അന്തസ്സോടും കൂടെ ജീവിക്കാനുള്ള അവകാശം കർദ്ദിനാൾ ചെർണി ഉറപ്പിച്ചു പറഞ്ഞു. കുഷ്ഠരോഗത്തിന്റെ  ലക്ഷണങ്ങൾ മുഴുവൻ വ്യക്തിയേയും പ്രതികൂലമായി ബാധിക്കുകയും അവരുടെ ആത്മീയവും ശാരീരികവുമായ തലങ്ങളെ ഹീനമാക്കുകയും ചെയ്യുന്നു. "കുഷ്ഠരോഗികൾ പലപ്പോഴും ഇരട്ട ഭാരമാണ് ചുമക്കുന്നത്; ശാരീരികമായ യാഥാർത്ഥ്യത്തോടൊപ്പം ആകുലത, വിഷാദം, മാനസിക വിഷമം, ഒറ്റപ്പെടൽ, ആത്മഹത്യാ പ്രവണത തുടങ്ങിയവയും അവരിൽ ഉണ്ടാവുന്നു" കർദ്ദിനാൾ കൂടിച്ചേർത്തു.

ഫലദായകമായ സർഗ്ഗാത്മകത

നിസ്സംഗതരാകാതെയും സഹോദരീ സഹോദരന്മാരുടെ സഹനങ്ങളെ ചേർത്തു പിടിക്കാനും ഫ്രാൻസിസ് പാപ്പാ ഫ്രത്തേല്ലി തൂത്തിയിൽ ആഹ്വാനം ചെയ്തത് ഓർമ്മിച്ചു കൊണ്ട് കർദിനാൾ എഴുതി, "നമ്മുടെ പൊതുവായ മാനവാന്തസ്സാണ് നമ്മെ ഒരുമിച്ചുകൂട്ടിയിണക്കുന്നത്. യേശുക്രിസ്തു ഈ സുപ്രധാന യാഥാർത്ഥ്യത്തെ തന്റെ വാക്കുകളാലും അതിലേറെ തന്റെ മാതൃകയിലൂടെയും നമ്മെ  പഠിപ്പിക്കുന്നു."

കോവിഡ് 19 ആരോഗ്യ സംരക്ഷണം തേടുകയെന്നത് വീണ്ടും ദുഷ്കരമാക്കി, "എന്നിരുന്നാലും, ഒരു മഹാമാരിക്കും മനുഷ്യന്റെ  അന്തസ്സിനേയോ, അവരുടെ സമൂഹത്തിലുള്ള അലംഘനീയമായ മൂല്യത്തേയോ മാറ്റാൻ കഴിയുകയില്ല" എന്ന് കർദ്ദിനാൾ കൂട്ടിച്ചേർത്തു. അന്തസ്സിലുള്ള ഐക്യപ്പെടൽ ഫലപ്രദമായ സർഗ്ഗാത്മകയ്ക്ക് കാരണമാകും അത് "സമൂഹങ്ങളെയും വ്യക്തികളെയും ഓരോ വ്യക്തിയുടെയും പ്രത്യേകിച്ച് രോഗവും വൈകല്യവും അനുഭവിക്കുന്നവരുടെ മൂല്യം തിരിച്ചറിയാൻ പ്രാപ്തരാക്കും" എന്നും കർദ്ദിനാൾ പറഞ്ഞു.

ദൈവം നൽകിയ മൂല്യം

കുഷ്ഠരോഗത്തിന് ചികിൽസയും സാങ്കേതിക വിദ്യകളും നിലവിലുണ്ട് എന്നും അവ ആവശ്യമുള്ളവർക്ക് ലഭ്യമാക്കേണ്ടതുണ്ട് എന്നും ഓർമ്മിപ്പിച്ചു കൊണ്ടുമാണ് ലോകകുഷ്ഠരോഗദിന സന്ദേശം കർദ്ദിനാൾ മൈക്കൽ ചെർണി ചുരുക്കുന്നത്. "എല്ലാ വ്യക്തികളിലും ദൈവം മനുഷ്യകുലത്തിനു നൽകിയ സവിശേഷമായ അന്തസ്സും മൂല്യവും തിരിച്ചറിയാൻ നമ്മുടെ അമ്മയും, രോഗികളുടെ സഹായവും, കന്യകയുമായ മറിയം നമുക്കു വേണ്ടി തുടർന്നും മാധ്യസ്ഥം വഹിക്കട്ടെ," അദ്ദേഹം പ്രാർത്ഥിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 January 2022, 14:16