കർദ്ദിനാൾ സാന്ദ്രി: നമ്മുടെ മുന്നിലുള്ള ശക്തമായ ആയുധം പ്രാർത്ഥന!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നരകുലത്തിന് ഏറ്റവും നാണക്കേടുണ്ടാക്കുകയും മഹായാതനകൾ വിതയ്ക്കുകയും ചെയ്യുന്ന യുദ്ധത്തിനു മുന്നിൽ നമ്മുടെ ഏക ആയുധം പ്രാർത്ഥനയാണെന്ന് പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി.
ഫ്രാൻസീസ് പാപ്പായുടെ പ്രത്യേക ആഹ്വാനപ്രകാരം ഉക്രയിനു വേണ്ടി പ്രാർത്ഥനയുടെയും ഉപവാസത്തിൻറെയും ദിനം ആചരിച്ച മാർച്ച് 2-ന്, ക്ഷാരബുധനാഴ്ച റോമിൽ ഇറ്റലിയിലെ ഉക്രയിൻകാരായ കത്തോലിക്കാവിശ്വസികൾക്കായുള്ള അപ്പൊസ്തോലിക് എക്സാർക്കേറ്റിൻറെ കത്തീദ്രലിൽ പ്രാർത്ഥന നയിച്ച അദ്ദേഹം തദ്ദവസരത്തിൽ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു.
ലോകത്തിൻറെയും ഭൂമിയിലെ ശക്തരുടെയും അവഹേളനം ഏറ്റുവാങ്ങുന്നവരുടെ വിനയത്തിൻറെ ശക്തി നമുക്കുണ്ടെന്നും കർദ്ദിനാൾ സാന്ദ്രി പറയുന്നു.
അധികാരപ്രമത്തതയ്ക്ക് അറുതിവരുത്താനും ഉക്രേനിയൻ ജനതയുടെ ഈ പറഞ്ഞറിയിക്കാനാവാത്ത കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനും സമാധാനം സംസ്ഥാപിക്കാനും പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ച അദ്ദേഹം പരിശുദ്ധ അമ്മ നമുക്കു തുണയാകുകയും ശക്തിയേകുകയും ചെയ്യുന്നതിനായി പ്രാർത്ഥിച്ചു.
ബുദ്ധിശൂന്യവും, അചിന്തനീയവും, സങ്കൽപ്പിക്കാനാവാത്തതുമായ ഈ യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്നവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വീകരിക്കേണ്ടിവരുന്നവരെക്കുറിച്ചും അനുസ്മരിച്ച കർദ്ദിനാൾ സാന്ദ്രി കത്തോലിക്കാസഭ മുഴുവൻറെയും സാമീപ്യം ഉറപ്പു നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: