ഹോങ്കോങ് മുൻ മെത്രാനായിരുന്ന കർദ്ദിനാൾ ജോസഫ് സെൻ അറസ്റ് ചെയ്യപ്പെട്ടു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ദേശീയ സുരക്ഷാകാര്യങ്ങൾക്കുവേണ്ടിയുള്ള പൊലീസാണ് തൊണ്ണൂറുവയസ്സായ കർദ്ദിനാൾ സെന്നിനെ മെയ് പതിനൊന്ന് ബുധനാഴ്ച അറസ്റ് ചെയ്തത്. മാനുഷിക ദുരിതാശ്വാസ ഫണ്ടിന്റെ കാര്യനിർവ്വാഹകൻ എന്ന നിലയിൽ, വിദേശശക്തികളുമായി സഹകരിച്ചുപ്രവർത്തിച്ചു എന്ന കുറ്റമാണ് അദ്ദേഹത്തിൽ ആരോപിക്കപ്പെട്ടത്. രണ്ടായിരത്തിരണ്ടു മുതൽ രണ്ടായിരത്തി ഒൻപതു വരെ ഹോങ്കോങ് രൂപതയുടെ മെത്രാനായിരുന്നു കർദ്ദിനാൾ ജോസഫ് സെൻ. ബുധനാഴ്ച വൈകുന്നേരം പതിനൊന്ന് മണിയോടെ പോലീസ് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു. പുറത്തിറങ്ങിയ കർദ്ദിനാൾ പ്രസ്താവനകളൊന്നും നടത്തിയില്ല.
കർദ്ദിനാൾ സെന്നിന്റെ അറസ്റ്റിൽ പരിശുദ്ധ സിംഹാസനം ഉത്ക്കണ്ഠ രേഖപ്പെടുത്തുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശുദ്ധ സിംഹാസനം ശ്രദ്ധാപൂർവ്വം പിന്തുടരുന്നുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ വത്തിക്കാൻ പത്രം ഓഫീസ് മേധാവി മത്തെയോ ബ്രൂണി പറഞ്ഞു.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുന്ന, വാൻ ചായ് എന്ന പ്രദേശത്തുള്ള, പോലീസ് വിഭാഗം കർദ്ദിനാൾ സെന്നിനെ തടഞ്ഞുവയ്ക്കുകയും, പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്ക് നിയമപരവും ആരോഗ്യപരവുമായ കാര്യങ്ങളുടെ ചെലവുകൾക്ക് സഹായം നല്കുന്നതിനുവേണ്ടിയുള്ള "ഹ്യുമാനിറ്റേറിയൻ റിലീഫ് ഫണ്ട് 612" എന്ന പേരിലുള്ള സഹായനിധിയുടെ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട്, വിദേശശക്തികളുമായി ഒത്തുകളിച്ചു എന്ന ആരോപണമാണ് അദ്ദേഹത്തിന് നേരെ ഉയർന്നിരിക്കുന്നത്.
സഹായനിധിയുമായി ബന്ധപ്പെട്ട മൂന്ന് ട്രസ്റ്റിമാരിൽ ഒരാളായിരുന്നു കർദ്ദിനാൾ സെൻ. മാർഗരറ്റ് എൻജി എന്ന അഭിഭാഷക, പ്രതിപക്ഷ മുൻ എംപി ഹുയി പോ-ക്യൂങ്, ഡെനിസ് ഹോ എന്ന ഗായിക എന്നിവരുൾപ്പെടെ 612 സഹായനിധിയുടെ മറ്റ് പ്രൊമോട്ടർമാരെയും പോലീസ് അറസ്റ് ചെയ്തിരുന്നു എങ്കിലും, അവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി ഹോങ്കോങ് റിപ്പോർട്ടർമാർ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: