മോൺസിഞ്ഞോർ ജോർജ് പനംതുണ്ടിൽ കസാഖ്സ്ഥാൻ അപ്പൊസ്തോലിക് നുൺഷ്യൊ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സുറിയാനി മലങ്കര കത്തോലിക്കാ വൈദികൻ മോൺസിഞ്ഞോർ ജോർജ് ജോർജ് പനംതുണ്ടിലിനെ പാപ്പാ കസാഖ്സ്ഥാനിലെ പുതിയ അപ്പൊസ്തോലിക് നുൺഷ്യൊ ആയി നിയമിച്ചു.
പതിനാറാം തീയതി (16/06/23) വെള്ളിയാഴ്ചയാണ് പാപ്പായുടെ ഈ നിയമന ഉത്തരവുണ്ടായത്. ഒപ്പം അദ്ദേഹത്തിന് ആർച്ച്ബിഷപ്പ് സ്ഥാനവും ഫ്രാൻസീസ് പാപ്പാ നല്കി. സെപ്റ്റംബർ 9-നായിരിക്കും മെത്രാഭിഷേകം.
നിയുക്ത ആർച്ചുബിഷപ്പും കസാഖ്സ്ഥാൻറെ അപ്പൊസ്തോലിക് നുൺഷ്യൊയും ആയ ജോർജ് ജോർജ് പനംതുണ്ടിലിൻറെ ജനനം തിരുവന്തപുരത്ത് 1972 മെയ് 20-നാണ്. അദ്ദേഹം 1998 ഫെബ്രുവരി 18-ന് തിരുവനന്തപുരം സുറിയാനി മലങ്കര കത്തോലിക്കാ അതിരൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിച്ചു.
പൗരസ്ത്യസഭയുടെ കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള നിയുക്ത ആർച്ചുബിഷപ്പ് ജോർജ് പനംതുണ്ടിൽ 2005 ജൂലൈ 1-ന് പരിസുദ്ധസിംഹാസനത്തിൻറെ നയതന്ത്ര വിഭാഗത്തിൽ പ്രവേശിക്കുകയും കോസ്ത റീക്ക, ഗിനി, ഇറാഖ്, ഓസ്ത്രിയ, ഇസ്രായേൽ, ജറുസലേം, പലസ്തീൻ, സൈപ്രസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു.
മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ്, ജർമ്മൻ എന്നീ ഭാഷകൾ അറിയാവുന്ന അദ്ദേഹം സൈപ്രസിൽ പ്രവർത്തനനിരതനായിരിക്കവെയാണ് ഈ പുതിയ നിയമനം. കസാഖ്സ്ഥാനിലെ മുൻ അപ്പോസ്തോലിക് നുൺഷ്യൊയും മലയാളിയായിരുന്നു. ബോൾഗാട്ടി സ്വദേശിയായ ആർച്ച്ബിഷപ്പ് ഫ്രാൻസീസ് അസ്സീസി ചുള്ളിക്കാട്ടായിരുന്നു 2016 ഏപ്രിൽ 30 മുതൽ 2022 ഒക്ടോബർ 1 വരെ കസാഖ്സ്ഥാനിലെ അപ്പോസ്തോലിക് നുൺഷ്യൊ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: