തിരയുക

വിയറ്റ്നാം പ്രസിഡന്റ് വോ വാൻ തോങും പരിശുദ്ധ പിതാവും വത്തിക്കാനിൽ. വിയറ്റ്നാം പ്രസിഡന്റ് വോ വാൻ തോങും പരിശുദ്ധ പിതാവും വത്തിക്കാനിൽ.  (Vatican Media)

പരിശുദ്ധ സിംഹാസനവും വിയറ്റ്നാമും ഉഭയകക്ഷി ബന്ധത്തിൽ മുന്നോട്ട്

ജൂലൈ 27 വ്യാഴാഴ്ച വത്തിക്കാനും വിയറ്റ്നാമും ചേർന്നു നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഹാനോയിൽ പരിശുദ്ധ പിതാവിന്റെ റസിഡന്റ് പ്രതിനിധിക്കായുള്ള അന്തിമ തീരുമാനത്തിൽ  പരിശുദ്ധ സിംഹാസനവും വിയറ്റ്നാമും എത്തിച്ചേർന്നതായി വത്തിക്കാന്റെ മാധ്യമകാര്യാലയം അറിയിച്ചു. വിയറ്റ്നാം പ്രസിഡന്റ് വോ വാൻ തോങും പരിശുദ്ധ പിതാവുമായി അന്നേ ദിവസം വത്തിക്കാനിൽ നടന്ന ഒരു സ്വകാര്യ സന്ദർശത്തിനു ശേഷമാണ് ഈ പ്രസ്താവന നടന്നത്.

ഉഭയകക്ഷി ബന്ധം തുടങ്ങുന്നതിനുള്ള ഉദ്ദേശത്തിൽ വത്തിക്കാനിൽ വച്ച് 2023 മാർച്ച് 31ന് വിയറ്റ്നാമിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും സംയുക്ത പ്രവർത്തന സംഘം നടത്തിയ  സമ്മേളനത്തിന്റെ അടിസ്ഥാനത്തിലാണ് വിയറ്റ്നാം പ്രസിഡന്റും പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ച നടന്നതെന്ന് പ്രസ്താവന  വ്യക്തമാക്കി.

ഈ പ്രസ്താവന വഴി വിയറ്റ്നാം സോഷ്യൽ റിപ്പബ്ളിക്കും പരിശുദ്ധ സിംഹാസനവും പാപ്പായുടെ പ്രതിനിധിയുടെ വിയറ്റ്നാമിലെ വാസത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കാര്യാലയത്തെക്കുറിച്ചുമുള്ള കാര്യങ്ങളിൽ  എടുത്ത തീരുമാനത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

പാപ്പയുമായും പിന്നീട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രൊ പരോളിനുമായുള്ള കൂടിക്കാഴ്ചയിലും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിൽ വന്ന പുരോഗതിയിൽ ഇരുകൂട്ടരും സംതൃപ്തിയും വിയറ്റ്നാമിലെ കത്തോലിക്കാ സമൂഹത്തിന്റെ ഇതുവരെയുള്ള സംഭാവനകളിൽ  നന്ദിയും രേഖപ്പെടുത്തി.

പാപ്പായുടെ പ്രതിനിധിയുടെ വിയറ്റ്നാമിലുള്ള താമസം അവിടെയുള്ള കത്തോലിക്കാ സമൂഹത്തിന് പിന്തുണയും സഭയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ രാജ്യത്തിന്റെ പുരോഗതിക്കും സഹായകമാകുമെന്നും വിയറ്റ്നാമും പരിശുദ്ധ സിംഹാസനവുമായുള്ള ബന്ധത്തിൽ അദ്ദേഹം ഒരു പാലം പോലെ പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 July 2023, 13:39