തിരയുക

കർദ്ദിനാൾ പീയെത്രൊ പരോളിൻ,വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ,വത്തിക്കാൻ സംസ്ഥാന കാര്യദർശി   (ANSA)

ഉക്രൈയിനിൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപരി യത്നങ്ങൾ ആവശ്യം, കർദ്ദിനാൾ പരോളിൻ!

ഉക്രൈനിൻറെ പ്രസിഡൻറ് വ്ലോദിമിർ സെലെൻസ്കിയുടെ “സമാധാനപദ്ധതിയുടെ” ഭാഗമായി മാൾട്ടയുടെ സർക്കാരിൻറെ ആഭിമുഖ്യത്തിൽ അന്നാട്ടിൽ ഒക്ടോബർ 28-29 തീയിതികളിൽ നടന്ന സമ്മേളനത്തിന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ വീഡിയൊ സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉക്രൈനിൻറെ പ്രശ്ന പരിഹൃതി അന്നാടിൻറെ മാത്രം ഉത്തരവാദിത്വമല്ല പ്രത്യുത കൂട്ടുത്തരവാദിത്വമാണെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.

2022 നവമ്പർ 15-ന് ജി 20 ഉച്ചകോടിയിൽ തുടക്കം കുറിക്കപ്പെട്ട, ഉക്രൈനിൻറെ പ്രസിഡൻറ് വ്ലോദിമിർ സെലെൻസ്കിയുടെ “സമാധാനപദ്ധതിയുടെ” ഭാഗമായി മാൾട്ടയുടെ സർക്കാരിൻറെ ആഭിമുഖ്യത്തിൽ അന്നാട്ടിൽ ഒക്ടോബർ 28-29 തീയിതികളിൽ നടന്ന സമ്മേളനത്തിനയച്ച വീഡിയൊ സന്ദേശത്തിലാണ് കർദ്ദിനാൾ പരോളിൻ ഇതു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഉക്രൈനിന്, അതിൻറെ അതിർത്തി സംരക്ഷിക്കാനും അന്നാട്ടിലെ ജനങ്ങൾക്ക് സുരക്ഷിതത്വവും ജീവസന്ധാരണത്തിനാവശ്യമായവയും ഏറെ അഭിലഷിക്കുന്ന ശാന്തിയും ഉറപ്പാക്കാനും കഴിയുന്നതിനു വേണ്ടി അന്താരാഷ്ട്രതലത്തിൽ നിരവധി ശ്രമങ്ങൾ നടക്കുന്നത് തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്ന അദ്ദേഹം നിലവിലുള്ള തടസ്സങ്ങളെ മറികടക്കാനും ഇപ്പോൾ അസ്വീകാര്യവും അസാധ്യവുമാണെന്നു തോന്നുന്ന വഴികൾ തുറക്കാനും കൂടുതൽ പരിശ്രമങ്ങൾ എല്ലാ തലത്തിലും ആവശ്യമാണെന്ന് വ്യക്തമാക്കുന്നു.

തൻറെ സ്വഭാവവും ദൗത്യവും കണക്കിലെടുക്കുകയും, രാഷ്ട്രീയ പ്രശ്നങ്ങളെ രാജ്യങ്ങളുടെ കാര്യമായി പരിഗണിക്കുകയും ചെയ്യുന്ന പരിശുദ്ധസിംഹാസനം അന്താരാഷ്ട്ര നിയമത്തോടുള്ള, പ്രത്യേകിച്ച്, രാജ്യാതിർത്തിയുടെ അഖണ്ഡതയെ സംബന്ധിച്ച നിയമത്തോടുള്ള ആദരവിന്  ആഹ്വാനം ചെയ്യുകയും  ഉക്രൈയിനിൽ നീതിപൂർവ്വകവും സുസ്ഥിരവുമായ സമാധാനം ലക്ഷ്യമിടുന്ന എല്ലാ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് കർദ്ദിനാൾ പരോളിൻ പറയുന്നു.  ഉക്രൈയിൻ ജനതയുടെ യാതനകൾ ലഘൂകരിക്കുന്നതിനും തടവിലാക്കപ്പെട്ടവരെയും കുട്ടികളെയും അന്നാട്ടിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനുമുള്ള പരിശ്രമങ്ങൾ പരിശുദ്ധസിംഹാസനം തുടരുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്യുന്നു.

പ്രസിഡൻറ് സെലെൻസ്കിയുടെ “സമാധാനപദ്ധതിയുടെ” ഭാഗമായി ഇക്കൊല്ലം ജൂൺ 5-ന് കോപ്പെൻഹാഗെനിലും ആഗസ്റ്റ് 5-6 തീയതികളിൽ ജെദ്ദയിലും നടന്ന സമ്മേളനങ്ങളെക്കുറിച്ച് അനുസ്മരിക്കുന്ന കർദ്ദിനാൾ പരോളിൻ റഷ്യ-ഉക്രൈൻ യുദ്ധം വിതച്ചിരിക്കുന്ന നാനാതരത്തിലുള്ള നാശങ്ങൾക്ക് സമൂർത്തമായ പരിഹാരം കാണുകയെന്ന ലക്ഷ്യം അടങ്ങിയതിനാൽ ഈ സംരംഭം സുത്യർഹമാണെന്ന് പറയുന്നു

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 October 2023, 17:36