അധികാരം ആധിപത്യമല്ല സേവനമാണ്:സിനഡ് ബ്രീഫിംഗ്
ഒസ്സർവത്തോരെ റൊമാനോ,ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
പതിനാറാം സാധാരണ സിനഡ് സമ്മേളനത്തിന്റെ വിശദമായ വിവരങ്ങൾ ഒക്ടോബർ മാസം ഇരുപതാം തീയതി വൈകുന്നേരം നടത്തിയ മാധ്യമസമ്മേളനത്തിൽ കമ്മ്യൂണിക്കേഷൻ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റും, സിനഡിന്റെ ഇൻഫർമേഷൻ കമ്മീഷൻ പ്രസിഡന്റുമായ ഡോ.പൗളോ റുഫീനിയുടെ നേതൃത്വത്തിൽ പങ്കുവച്ചു. പങ്കാളിത്തവും ഉത്തരവാദിത്തവും അധികാരവും" എന്ന തലക്കെട്ടിലുള്ള ഇൻസ്ട്രുമെന്റം ലബോറിസിന്റെ സെക്ഷൻ ബി3-ലെ ഇടപെടലുകളെ പരാമർശിച്ച്, സഭയിലെ അധികാരികളുടെ പ്രതിബദ്ധതയെയും, സേവനങ്ങളെയും കുറിച്ച് സിനഡിൽ ചർച്ചകൾ നടന്നതായി ഡോ.പൗളോ റുഫീനി എടുത്തു പറഞ്ഞു.
അധികാരം ആധിപത്യമല്ല, മറിച്ച് സേവനം ആണെന്നുള്ള വാചകം ആവർത്തിച്ചുന്നയിക്കപ്പെട്ടതായും അദ്ദേഹം എടുത്തു പറഞ്ഞു. എല്ലാം നിയന്ത്രിക്കുന്നതിനുമപ്പുറം എല്ലാം നിയുക്തമായ രീതിയിൽ ചെയ്യുവാനുള്ള കഴിവ് ഓരോ സ്ഥാനത്തുള്ളവർക്കും ഉണ്ടായിരിക്കണമെന്നും സിനഡ് അംഗങ്ങൾ എടുത്തുപറഞ്ഞു.
പാവങ്ങളോടുള്ള സഭയുടെ അനുകമ്പയും, സ്നേഹവും, പരിചരണവും കൂടുതൽ ഊട്ടിയുറപ്പിക്കണമെന്നും ചർച്ചകളിൽ ഉയർന്നു വന്ന ഒരു ആശയമാണ്.തെരുവിൽ കഷ്ടപ്പെടുന്നവരുടെ നിലവിളികളിലേക്കു എല്ലാവരും ശ്രദ്ധിക്കുവാനും ,ആയുധക്കടത്തുപോലെ തിന്മയായ കാര്യങ്ങൾ ചെയ്യുന്നവരുടെ ഹൃദയങ്ങളിൽ മനസാക്ഷിയുടെ പരിവർത്തനം സാധ്യമാകുന്നതിനും മെത്രാന്മാർ ആഹ്വാനം ചെയ്യണമെന്നും സിനഡ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതിനായി കൂട്ടുത്തരവാദിത്വത്തോടെ എല്ലാവരും സഭയിൽ സേവനം ചെയ്യണമെന്നും, സിനഡ് അംഗങ്ങളുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഡോ.പൗളോ അടിവരയിട്ടു പറഞ്ഞു.
വൈദികർക്കിടയിൽ ആരോപിക്കപ്പെട്ടതുപോലെ അത്മായർക്കിടയിലും വളർന്നു വരുന്ന അധികാര ദുർവിനിയോഗങ്ങളെയും സിനഡ് വിലയിരുത്തിയതായി ഇൻഫർമേഷൻ കമ്മീഷൻ സെക്രട്ടറി ഡോ.ഷെയ്‌ല പിരെഴ്സ് എടുത്തു പറഞ്ഞു. സാമ്പത്തികവും,ലൈംഗികവുമായ ദുരുപയോഗങ്ങൾ സഭയിൽ വിശ്വാസ്യത നഷ്ടപ്പെടുവാൻ ഇടയാക്കിയ സാഹചര്യങ്ങളും സിനഡ് ചർച്ച ചെയ്തു.സാമ്പത്തിക ഘടനയിലും സാമ്പത്തിക മേഖലയിലും കൂടുതൽ സുതാര്യത കൈവരിക്കുന്നതിന് ആവശ്യമായ മാറ്റങ്ങളെക്കുറിച്ചും സിനഡിൽ സംസാരിച്ചു.പാസ്റ്ററൽ കൗൺസിലുകൾ പോലുള്ള നിലവിലുള്ള ഘടനകളെ ശക്തിപ്പെടുത്തേണ്ടതിന്റെ അടിയന്തിരതയും, യുവജനങ്ങളെ സഭാജീവിതത്തിൽ ഉൾച്ചേർക്കേണ്ടതിനെപ്പറ്റിയും സിനഡിൽ ചർച്ചചെയ്തുവെന്ന് ഡോ.ഷെയ്‌ല പറഞ്ഞു.
തുടർന്ന് യൂറോപ്പിലെ കൗൺസിൽ ഓഫ് എപ്പിസ്‌കോപ്പൽ കോൺഫറൻസസിന്റെയും ലിത്വാനിയയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെയും പ്രസിഡന്റും വിൽനിയസ് ആർച്ച് ബിഷപ്പുമായ മോൺസിഞ്ഞോർ ജിന്ററാസ് ഗ്രൂസാസും സംസാരിച്ചു. പല സ്ഥലങ്ങളിൽ നിന്നും, പല സംസ്കാരങ്ങളിൽ നിന്നും വരുന്നവരായിട്ടും, വിശ്വാസം ഞങ്ങളെ തമ്മിൽ ഏറെ അടുപ്പിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം, സഭയിലെ പരിശീലനത്തിന്റെ അടിസ്ഥാന തത്വം, 'സഭയാകുക, ഒരുമിച്ചു വസിക്കുക,കൂട്ടായ്മ അനുഭവിക്കുക', എന്നതാണെന്ന് എടുത്തു പറഞ്ഞു.
തുടർന്ന് മധ്യപൂർവേഷ്യയിൽ നിന്നുള്ള സി. ഹുദാ ഫാദുലും തന്റെ വ്യക്തിപരവും സഭാപരവുമായ അനുഭവത്തെക്കുറിച്ച് സംസാരിച്ചു. യുദ്ധം, മഹാമാരി, ഭൂകമ്പം തുടങ്ങിയ ദുരിതപൂർണ്ണമായ ഒരു സാഹചര്യത്തിൽ നിന്നും സിനഡിന്റെ അനുഭവത്തിലേക്ക് കടന്നുവരുമ്പോൾ പ്രാർത്ഥനയിൽ അർപ്പിക്കുന്ന ഐക്യത്തിനും പങ്കുവയ്ക്കലിനുമുള്ള വലിയ പ്രാധാന്യം തിരിച്ചറിയുവാൻ സാധിക്കുന്നതായി സിസ്റ്റർ പറഞ്ഞു.
ടോക്കിയോ ആർച്ചുബിഷപ്പും തന്റെ അനുഭവങ്ങൾ പങ്കുവച്ചു.നിരവധി ഭാഷകളും നിരവധി യാഥാർത്ഥ്യങ്ങളുമുള്ള ഏഷ്യയിലെ യോഗങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ, "വാസ്തവത്തിൽ, ഒരൊറ്റ പരിഹാരം എല്ലാവർക്കും സാധുതയുള്ളതല്ലെങ്കിൽപ്പോലും സാർവത്രിക ദൈവശാസ്ത്രത്തിന്റെ ഭാഷയാണ്. അതിന് ഉള്ള ഏറ്റവും വലിയ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് കാരിത്താസ് സംഘടനയുടെ മികച്ച സേവന മാതൃകകളാണ്.
ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്‌സ് ജനറലിന്റെ പ്രസിഡന്റ്, സിസ്റ്റേഴ്‌സ് ഓഫ് ഔർ ലേഡി ഓഫ് അപ്പോസ്‌തലസ് സഭയുടെ സുപ്പീരിയർ ജനറൽ, അയർലണ്ടുകാരിയായ സിസ്റ്റർ മേരി തെരേസ ബാരൺ, ആഫ്രിക്കയിലെ തന്റെ മിഷനറി അനുഭവങ്ങൾ എപ്രകാരം സിനഡിൽ ഉൾച്ചേർന്നിരിക്കുന്നുവെന്ന് പങ്കുവച്ചു.'ആഫ്രിക്കയിലെ സമൂഹത്തിൽ, വിശ്വാസികളോടൊപ്പം, എല്ലാ ഞായറാഴ്ചയും ചെളിക്കുടിലുകൾക്ക് പുറത്ത്, ഞങ്ങൾ എല്ലാവരും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കാൻ ഒരു വൃത്തത്തിൽ ഇരിയ്ക്കുന്നതിനു സമമാണ്, മേശയ്ക്കു ചുറ്റും, വ്യത്യാസങ്ങളൊന്നും കൂടാതെ ഒരുമിച്ചു ചേരുന്ന സിനഡിന്റെ അനുഭവമെന്ന്' സിസ്റ്റർ എടുത്തു കാണിച്ചു.
തുടർന്നു നടന്ന ചോദ്യോത്തരവേളയിൽ ഒരിക്കൽക്കൂടി വനിതാ ഡീക്കൻ പട്ടത്തെ കുറിച്ചുള്ള ചോദ്യം ആവർത്തിക്കപ്പെട്ടു.മറുപടിയായി, സഭയിൽ സ്ത്രീകളും,പുരുഷന്മാരും കർത്താവിന്റെ ദാനങ്ങൾ സ്വീകരിച്ചുകൊണ്ട് എപ്രകാരം തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നു എന്നതാണ് ഏറ്റവും പ്രധാനമെന്ന് സിസ്റ്റർ ഫാദുൽ എടുത്തു പറഞ്ഞു.
സഭയിലെ വിവിധ ശുശ്രൂഷകളെക്കുറിച്ചുള്ള സംവാദം സിനഡിലെ ഈ വിശാലമായ കൈമാറ്റത്തിന്റെ ഭാഗമാണെന്ന് ആർച്ച് ബിഷപ്പ് ഗ്രൂസ് കൂട്ടിച്ചേർത്തു.സഭയിലെ ആതിഥ്യമര്യാദയും ഉൾക്കൊള്ളലും സംബന്ധിച്ച ഏഷ്യൻ കോണ്ടിനെന്റൽ ഡോക്യുമെന്റിൽ അടങ്ങിയിരിക്കുന്ന നിർദ്ദേശത്തെക്കുറിച്ചുള്ള ഒരു ഫിലിപ്പിനോ പത്രപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി, ടോക്കിയോ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ തർച്ചീസിയോ മൈനർ സർക്കിളുകളിൽ നിർദ്ദേശിച്ച കാര്യം ആവർത്തിച്ചു.
പൗരസ്ത്യ പാരമ്പര്യത്തിൽ വീടുകളിൽ പ്രവേശിക്കുന്നതിനുമുൻപ് അതിഥിയുടെ ചെരുപ്പ് അഴിച്ചുകൊണ്ട്, ആ വ്യക്തിയോടുള്ള ആതിഥ്യ മര്യാദ കാണിക്കുന്നതുപോലെ, സഭയിലും എല്ലാവരെയും ഉൾക്കൊള്ളുവാൻ വിവിധങ്ങളായ സംസ്കാരങ്ങളോടു ചേർന്ന മര്യാദകൾ പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സിനഡിലെ തീരുമാനങ്ങൾക്കു വേണ്ടി ജിജ്ഞാസയോടെ നോക്കിയിരിക്കുന്നവർ, തീരുമാനങ്ങൾക്കുമുപരി, പ്രക്രിയകളാണ് പ്രധാനമെന്നു മനസിലാക്കണമെന്ന് മോൺസിഞ്ഞോർ.ഗ്രൂസാസ് പറഞ്ഞു. അതോടൊപ്പം ശ്രവിക്കുക,പങ്കുവയ്ക്കുക, വിവേചിച്ചറിയുക എന്നതാണ് സഭയുടെ സൂചകപദങ്ങളെന്ന് സിസ്റ്റർ ഫാദുലും അടിവരയിട്ടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: