പോൾ ആറാമൻ ശാലയിൽ സിനഡിലെ അംഗങ്ങൾ പോൾ ആറാമൻ ശാലയിൽ സിനഡിലെ അംഗങ്ങൾ   (Vatican Media)

സിനഡ് സംഗ്രഹരേഖ ശനിയാഴ്ച്ച പ്രസിദ്ധീകരിക്കും

പതിനാറാമത് സാധാരണ സിനഡു സമ്മേളനത്തിന്റെ സംഗ്രഹ രേഖ, 'ദൈവജനത്തിനായുള്ള കത്ത്' എന്ന തലക്കെട്ടോടുകൂടി ഒക്ടോബർ മാസം ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ച്ച പ്രസിദ്ധീകരിക്കുമെന്ന് ഒക്ടോബർ ഇരുപത്തിമൂന്നാം തീയതി നടന്ന സിനഡ് ബ്രീഫിംഗിൽ സിനഡിന്റെ ഇൻഫർമേഷൻ കമ്മീഷൻ പ്രസിഡന്റ് പൗളോ റുഫീനി അറിയിച്ചു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ഒക്ടോബർ മാസം ഇരുപത്തിമൂന്നാം തീയതി വത്തിക്കാൻ മാധ്യമ ശാലയിൽ വച്ച് നടന്ന സിനഡ് ബ്രീഫിംഗ് വേളയിൽ പതിനാറാമത് സാധാരണ സിനഡു സമ്മേളനത്തിന്റെ സംഗ്രഹ രേഖ, 'ദൈവജനത്തിനായുള്ള കത്ത്' എന്ന തലക്കെട്ടോടുകൂടി ഒക്ടോബർ  മാസം ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ച്ച പ്രസിദ്ധീകരിക്കുമെന്ന് സിനഡിന്റെ  ഇൻഫർമേഷൻ കമ്മീഷൻ പ്രസിഡന്റ് പൗളോ റുഫീനി അറിയിച്ചു. രേഖയുടെ കരട് സിനഡിൽ വായിച്ചപ്പോൾ, സിനഡ് അംഗങ്ങൾ കരഘോഷത്തോടെയാണ് അത് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനഡിന്റെ ജനറൽ സെക്രട്ടറി കർദിനാൾ മാരിയോ ഗ്രെച്ച്  രേഖയിൽ വരുത്തേണ്ട മാറ്റങ്ങളും, പരിഷ്‌കാരങ്ങളും നിർദ്ദേശിക്കുവാൻ സിനഡ് അംഗങ്ങളെ ക്ഷണിച്ചു.അതോടൊപ്പം മറ്റു ഭാഷകളിലേക്കുള്ള വിവർത്തനങ്ങളിൽ ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ  സമർപ്പിക്കുവാനും അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചുവെന്ന് ബ്രീഫിംഗ് വേളയിൽ ഡോ .പൗളോ എടുത്തു പറഞ്ഞു.

ബ്രീഫിംഗ് അവസരത്തിൽ വിയന്നയിലെ ആർച്ചുബിഷപ്പായ കർദിനാൾ ക്രിസ്റ്റോഫ് ഷോൺബോൺ തന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി സിനഡിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു.രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ അവസരത്തിൽ കാൾ റാഹ്നരുടെ ഒരു വാചകം അദ്ദേഹം ഉദ്ധരിച്ചു." ഈ കൗൺസിലിൽ നിന്ന് വിശ്വാസത്തിലും, പ്രത്യാശയിലും,സ്നേഹത്തിലും വർദ്ധനവ് ഉണ്ടാകുന്നില്ലെങ്കിൽ  എല്ലാം വ്യർത്ഥമാണ്." അതിനാൽ കൂട്ടായ്മയെ പറ്റി കൂടുതൽ ചർച്ചകൾ നടത്തുകയും, ചിന്തിക്കുകയും ചെയ്യുന്ന ഈ സിനഡ് സഭയിൽ വിശ്വാസത്തിന്റെ കൂട്ടായ്മ ഊട്ടിയുറപ്പിക്കുവാൻ ഉതകണമെന്ന് കർദിനാൾ പറഞ്ഞു.

ത്രിയേക ദൈവവുമായും, മറ്റു സഹോദരങ്ങളുമായുള്ള ആശയവിനിമയം കൂട്ടായ്മ പരിപോഷിപ്പിക്കുന്നു, അത് എപ്രകാരം ജീവിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നതാണ് സിനഡാത്മകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് വരെ സഭയുടെ പ്രധാന കേന്ദ്രം യൂറോപ്പാണെന്ന ചിന്ത ഈ സിനഡിന് ശേഷം മാറുമെന്നും, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പ്രവർത്തനങ്ങൾ യൂറോപ്പിനു മാതൃകയും കർദിനാൾ അടിവരയിട്ടു. അവസാനമായി, സിനഡാത്മകതയിൽ ആരാധനക്രമം ഒഴിച്ചുകൂടാനാവാത്ത ഒരു യാഥാർഥ്യമാണെന്ന പൗരസ്ത്യസഭകളെയും അദ്ദേഹം അഭിനന്ദിച്ചുകൊണ്ട്  പരാമർശിച്ചു.

തുടർന്ന് മെക്സിക്കോയുടെ  ആർച്ച് ബിഷപ്പ് കർദ്ദിനാൾ കാർലോസ് , സ്പാനിഷ് ഭാഷയിൽ, പുതിയ സുവിശേഷവൽക്കരണത്തെക്കുറിച്ച് ബെനഡിക്റ്റ് പതിനാറാമൻ ആഗ്രഹിച്ച 2012ലെ  സിനഡ് സമ്മേളനത്തെ  അനുസ്മരിച്ചു.തുടർന്ന് ഫ്രാൻസിസ് പാപ്പാ വിളിച്ചുകൂട്ടിയ സിനഡ് സമ്മേളനങ്ങളും ഇപ്രകാരം സമൂഹത്തിന്റെ ഓരോ മേഖലകളിലും ഉള്ള സഹോദരങ്ങളെ ഒരുമിച്ചു നടത്തുവാൻ, പ്രത്യേക താത്പര്യമെടുത്തതിനെ പറ്റിയും, സമൂഹത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിനു ഓരോ സിനഡും വഹിക്കുന്ന പങ്കും എടുത്തു പറഞ്ഞു.

മാർസെയിൽ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജീൻ മാർക്ക് അവെലിനും തന്റെ അനുഭവങ്ങൾ പങ്കുവച്ചു. യുദ്ധങ്ങൾ , ആശങ്കാജനകമായ ജീവിത യാത്രകൾ തുടങ്ങിയ നാടകീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, "ദൈവസ്നേഹത്തിന്റെ സന്ദേശം ലോകമെമ്പാടും കൂടുതൽ ശക്തമായി പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്തം സഭ ഏറ്റെടുക്കണമെന്ന് കർദിനാൾ പറഞ്ഞു.തന്റെ രാജ്യത്ത് ഇനിയും സിനഡാത്മകത കൂടുതൽ പ്രവൃത്തിപഥത്തിൽ എത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം കൂട്ടിച്ചേർത്തു. 

ശേഷം പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും സിസ്റ്റേഴ്‌സ് ഓഫ് ദി മോസ്റ്റ് ഹോളി മദർ ഓഫ് സോറോസിന്റെ സുപ്പീരിയർ ജനറലുമായ സിസ്റ്റർ സാമുവേല മരിയ റിഗോണും സംസാരിച്ചു.

സിനഡിൽ താൻ അനുഭവിക്കുന്ന സാർവത്രികതയുടെ നിമിഷങ്ങൾ കൂടുതൽ വിനയത്തിലേക്കുള്ള വിളിയാണെന്ന് താൻ തിരിച്ചറിയുന്നുവെന്ന് സിസ്റ്റർ പറഞ്ഞു.സജീവമായ വിശ്വാസം, ദാനധർമ്മത്തിനുള്ള  പരിശ്രമം, യേശുക്രിസ്തുവിലുള്ള പ്രത്യാശയിലുള്ള സ്ഥിരത എന്നിവ ഈ സിനഡിന്റെ ഫലങ്ങളായി പുറത്തുവരണമെന്നും, അപ്രകാരം പരിവർത്തനത്തിന്റെ ഒരു പാതയിലേക്ക് നാം പ്രവേശിക്കണമെന്നും, സിസ്റ്റർ കൂട്ടിച്ചേർത്തു.

തുടർന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.ജെറുസലേം സൂനഹദോസുമുതൽ ഇന്ന് വരെയുള്ള സമ്മേളനങ്ങളിലെല്ലാം കേൾക്കുക, നിശബ്ദത പാലിക്കുക, ചർച്ചകൾ നടത്തുക എന്നീ മൂന്നു കാര്യങ്ങൾ ഉൾച്ചേർന്നിട്ടുണ്ടെന്ന് കർദിനാൾ ഷോൺബോൺ അടിവരയിട്ടു  പറഞ്ഞു.കേൾക്കുക എന്ന സിനഡിന്റെ രീതി നമ്മുടെ ജീവിതങ്ങളിലും മാതൃകയാക്കണെമെന്ന് സിസ്റ്റർ റിഗോൺ ചൂണ്ടിക്കാട്ടി.

മെത്രാന്മാരുടെ സിനഡിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന വിമർശനങ്ങൾക്ക് മറുപടിയായി, മെത്രാന്മാരല്ലാത്തവരുടെയും  യഥാർത്ഥ പങ്കാളിത്തത്തോടെ പോലും ഇത് ഒരു 'എപ്പിസ്‌കോപ്പൽ സിനഡായി' തുടരുന്നതിനാൽ, ഇത് ഒരു പ്രശ്‌നമല്ലെന്ന് കർദ്ദിനാൾ ഷോൺബോൺ എടുത്തുപറഞ്ഞു.കൂട്ടുത്തരവാദിത്വമാണ് ഇതിന്റെ സ്വഭാവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനഡിന്റെ ഐക്യത്തിന്റെ മഹത്തായ നിമിഷം "ഒരുമിച്ചുള്ള" എക്യുമെനിക്കൽ പ്രാർത്ഥനയാണെന്ന് കർദ്ദിനാൾ അവെലിൻ അടിവരയിട്ടു: ക്രൂശിക്കപ്പെട്ട ക്രിസ്തുവിന് ചുറ്റും എല്ലാവരും ഉണ്ടായിരുന്നു, ഇതാണ് ഐക്യത്തിനായുള്ള പാതയെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ധാർമ്മിക "അസ്വാസ്ഥ്യം" പരാമർശിക്കുന്ന കത്തോലിക്കാ സഭയുടെ മതബോധനത്തിന്റെ വാക്കുകൾ ചില LGBTQ+ ആളുകൾക്ക് വേദനിപ്പിച്ചേക്കാം എന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, ധാർമ്മിക ദൈവശാസ്ത്രത്തെ ബാധിക്കുന്ന വിഷയങ്ങളിൽ അപൂർണ്ണമായ വായനകൾ നടത്താതെ, പഠനങ്ങൾ പൂർണ്ണമായി വായിക്കണമെന്ന് കർദിനാൾ ഷോൺബോൺ എല്ലാവരെയും ആഹ്വാനം ചെയ്തു.കൂടാതെ സംസ്കാരങ്ങൾ വ്യത്യസ്തമാണെങ്കിലും, അപ്പോസ്തലന്മാരുടെ കാലം മുതൽ കാര്യങ്ങൾ വളരെയധികം വികസിച്ചാലും വിശ്വാസത്തിന്റെ സത്ത മാറ്റാൻ കഴിയില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

(കടപ്പാട്: ഒസെർവത്തോരെ റൊമാനൊ)

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 October 2023, 14:14