സിനഡ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള പത്രസമ്മേളനത്തിൽനിന്ന് സിനഡ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള പത്രസമ്മേളനത്തിൽനിന്ന് 

സിനഡ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ലേഖനമൊരുക്കുമെന്ന് മെത്രാന്മാരുടെ സിനഡ്

സിനഡ് പ്രവർത്തനങ്ങളെക്കുറിച്ച് അറിയാത്തവർക്കും, സിനഡിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും, സിനഡിലെ പ്രവർത്തനങ്ങളും, പങ്കെടുത്തവരുടെ അനുഭവങ്ങളും മനസ്സിലാക്കുവാൻവേണ്ടി ഒരു ലേഖനം തയ്യാറാക്കുമെന്ന് ഒക്ടോബർ പതിനേഴ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞും പതിനെട്ട് ബുധനാഴ്ച രാവിലെയും നടന്ന സിനഡ് സമ്മേളനത്തിലെ ചർച്ചകൾ സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സിനഡ് വാർത്താവിനിമയകമ്മീഷൻ പ്രെസിഡന്റ്.

തിസ്സ്യാന കംപീസി - മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒക്ടോബർ നാലിന് ആരംഭിച്ച സിനൊഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പതിനാറാമത് പൊതുസമ്മേളനത്തിന്റെ വിവിധ യോഗങ്ങൾ തുടരവെ, സിനഡിന്റെ പ്രവർത്തനങ്ങൾ, അതിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ തുടങ്ങി, സിനഡിനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു സന്ദേശലേഖനം സിനഡ് സംബന്ധിച്ച കാര്യങ്ങൾ അറിയാത്ത ദൈവജനത്തിനായി പുറത്തിറക്കുമെന്ന് സിനഡ് വാർത്താവിനിമയകമ്മീഷൻ പ്രെസിഡന്റ് പൗളോ റുഫീനി. ഒക്ടോബർ പതിനെട്ടാം തീയതി നടത്തിയ പത്രസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അദ്ദേഹം നൽകിയത്. പാപ്പായുടെ അനുമതിയോടെ ഇത്തരമൊരു ലേഖനം സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചതിനെ സിനഡിലെ 346 പേരിൽ 335 പേരും അനുകൂലിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ

ബ്രസീലിൽനിന്നുള്ള കർദ്ദിനാൾ ലെയൊനാർദോ ഉൾറിച്ച് സ്റ്റൈനർ, ലാത്‌വിയയിൽനിന്നുള്ള ആർച്ച്ബിഷപ് സ്ബിഗ്നെവ് സ്‌തങ്കെവിച്, ഫിലിപ്പീൻസിൽനിന്നുള്ള ബിഷപ് പാബ്ലോ വിർജിലിയോ ഡേവിഡ്, സിൻഡിലെ ഏറ്റവും ചെറുപ്പക്കാരനായ, അമേരിക്കയിൽനിന്നുള്ള വ്യാട്ട് ഒളിവാസ് എന്ന പത്തൊൻപതുകാരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

സിനഡ് വിവരങ്ങൾ സംബന്ധിച്ച് പുറത്തിറക്കുന്ന ലേഖനം, സിനൊഡാലിറ്റി സംബന്ധിച്ച സിനഡിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കും സഹായിയായിരിക്കുമെന്ന് കർദ്ദിനാൾ ഷാൻ ക്ളോഡ് ഹോള്ളെറിഹ് വിശദീകരിച്ചു. സിനഡിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളും സിനഡിലെ വിവിധ അനുഭവങ്ങളും പങ്കുവയ്ക്കുന്ന അതുപക്ഷേ അടുത്ത സിനഡൽ സമ്മേളനത്തിനുള്ള മാർഗ്ഗനിർദ്ദേശരേഖയായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള പ്രാർത്ഥന

ഒക്ടോബർ പത്തൊൻപത് വ്യാഴാഴ്ച വൈകുന്നേരം ഏഴ് പതിനഞ്ചിന് സെന്റ് പീറ്റേഴ്‌സ് മൈതാനത്തുവച്ച് അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും വേണ്ടി ഒരു പ്രാർത്ഥനാസമ്മേളനം ഉണ്ടാകുമെന്ന് വാർത്താവിനിമയ കമ്മീഷൻ സെക്രട്ടറി ശ്രീമതി ഷെയ്‌ല പീരെസ് അറിയിച്ചു. പരിശുദ്ധ പിതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രാർത്ഥനയിൽ, സിനഡിലെ അംഗങ്ങളും പങ്കെടുക്കും.

ആമസോണിയ പ്രദേശവും സിനഡും

ആമസോണിയ പ്രദേശത്തുനിന്നുള്ള കർദ്ദിനാൾ സ്റ്റൈനർ, സിനഡിന്റെ ഒരുക്കത്തിനായുള്ള സമ്മേളനങ്ങളിൽ അവിടെയുള്ള തദ്ദേശീയ ജനങ്ങൾക്കും അവരുടെ പ്രതിനിധികൾക്കും പങ്കെടുക്കാനായെന്നും, ഇപ്പോൾ നടക്കുന്ന സിനഡ് സമ്മേളനങ്ങളിൽ ഏവർക്കും സംസാരിക്കാനുള്ള അവസരം ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഏതാണ്ട് എഴുപത്തിനായിരത്തോളം തദ്ദേശീയരാണ് ഉള്ളതെന്നും, അവരുമായും പരാസ്പരവുമുള്ള ശ്രവണം സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലാത്‌വിയയും സിനഡും

ലാത്‌വിയയിലെ ഇരുപത് ശതമാനത്തോളം വരുന്ന കത്തോലിക്കർ സിനഡിനെ സംശയത്തോടെയാണ് ആദ്യം സമീപിച്ചതെങ്കിലും, മറ്റുള്ളവരെ ശ്രവിക്കുവാനായുള്ള ശ്രമങ്ങളെ പിന്നീട് അവർ സ്വീകരിച്ചുവെന്ന് ആർച്ച്ബിഷപ് സ്‌തങ്കെവിച് പറഞ്ഞു. സഭയോട് പരിശുദ്ധാത്മാവിന് പറയാനുള്ളത് എന്താണെന്ന് അറിയാൻ, കത്തോലിക്കരെ മാത്രമല്ല, മറ്റുള്ളവരെയും കേൾക്കുന്നതിന്റെ പ്രാധാന്യം ഈയൊരു തയ്യാറെടുപ്പിൽ വ്യക്തമായെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾ പുരുഷന്മാരോട് മത്സരിക്കുകയല്ല, പരസ്പരപൂരകങ്ങളാകുക എന്നതാണ് പ്രധാനപ്പെട്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സുവിശേഷങ്ങളിലും പാരമ്പര്യത്തിലും പറഞ്ഞിട്ടുള്ളവയിൽനിന്ന് അകലാതെ, സ്ത്രീകൾക്ക് സഭയിൽ കൂടുതൽ ഇടം കൊടുക്കുക എന്നതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

സ്വർഗ്ഗാനുരാഗികളും സിനഡും

സ്വർഗ്ഗാനുരാഗികളും മറ്റു ലിംഗസത്വങ്ങളും സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ കർദ്ദിനാൾ സ്റ്റൈനർ, സിനഡിൽ ഇതുസംബന്ധിച്ച വിചിന്തനങ്ങൾ ഉണ്ടായി എങ്കിലും പ്രത്യേക നിഗമനങ്ങളിലേക്ക് സിനഡ് നീങ്ങിയിട്ടില്ല എന്നും വ്യക്തമാക്കി. സ്വവർഗ്ഗാനുരാഗികളായ ആളുകളും വിധിക്കപ്പെടാതെ, സ്നേഹത്തോടെ സ്വാഗതം ചെയ്യപ്പെടേണ്ടവരാണെന്ന് ആർച്ച്ബിഷപ് സ്‌തങ്കെവിച് പറഞ്ഞു. അത്തരം ആളുകളുടെയും മനുഷ്യാന്തസ്സ്‌ മാനിക്കപ്പെടണം. വിവാഹേതരലൈംഗികബന്ധം പാപമാണെന്ന കാര്യം ഓർമ്മിപ്പിച്ചുകൊണ്ട്, സ്വർഗ്ഗാനുരാഗികളും ചാരിത്ര്യം കാത്തുസൂക്ഷിക്കേണ്ടവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മനുഷ്യരെ അവരുടെ ലിംഗ, രാഷ്ട്രീയ, മതചിന്തകൾ അനുസരിച്ച് മുദ്രകുത്തുന്ന പ്രവണത ഉണ്ടെന്നും, എന്നാൽ യേശു മനുഷ്യരെ ദൈവമക്കളായാണ് കണ്ടതെന്നും ബിഷപ് ഡേവിഡ് പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2023, 17:35