സിനഡ് സംബന്ധിച്ച പത്രസമ്മേളനത്തിൽ പൗളോ റുഫീനി സിനഡ് സംബന്ധിച്ച പത്രസമ്മേളനത്തിൽ പൗളോ റുഫീനി  

സിനഡ് ഒരു ടോക് ഷോയല്ല: ലോകത്ത് സഭയുടെ ജീവിതത്തെസംബന്ധിച്ച വിചിന്തനമാണ്

ഒക്ടോബർ 16 വൈകുന്നേരവും ഒക്ടോബർ 17 രാവിലെയും നടന്ന ചർച്ചകളെ അടിസ്ഥാനമാക്കി നടത്തിയ പത്രസമ്മളനത്തിൽ, പൗളോ റുഫീനി അസംബ്ലി പ്രവർത്തനങ്ങളുടെ ചുരുക്കത്തിലുള്ള വിവരണം നൽകി.

സാൽവത്തോറെ ചെർനൂസ്സിയോ - മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മെത്രാന്മാരുടെ സേവനം, കാനോനികനിയമത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ സംബന്ധിച്ച പുനരവലോകനം, അല്മായർക്ക് സഭയിൽ നൽകാൻ സാധിക്കുന്ന സേവനങ്ങൾ, സ്ത്രീ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ കഴിഞ്ഞ ദിവസങ്ങളിലെ സിനഡൽ ചർച്ചകളിൽ സ്ഥാനം പിടിച്ചുവെന്ന് സിനഡ് വാർത്താവിനിമയകമ്മീഷൻ പ്രെസിഡന്റ് പൗളോ റുഫീനി പത്രസമ്മേളനത്തിലൂടെ അറിയിച്ചു. കഴിഞ്ഞ നാലാം തീയതി മുതൽ സിനഡിൽ 35 ചെറുഗ്രൂപ്പുകളിലായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കർദ്ദിനാൾമാർ, മെത്രാന്മാർ, പുരോഹിതർ, സിസ്റ്റർമാർ, സമർപ്പിതർ, അല്മയർ തുടങ്ങിയവരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് പതിവുപോലെ നടത്തിവരുന്ന മീറ്റിംഗിൽ പങ്കെടുത്ത പത്രപ്രവർത്തകരുമായി സംസാരിക്കവെയാണ് പൗളോ റുഫീനി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മീറ്റിങ്ങിൽ അദ്ദേഹത്തിനൊപ്പം കർദിനാൾ ക്രിസ്റ്റോബാൽ ലോപ്പസ് റോമെറോ, ബിഷപ് ആന്റണി റന്താസ്സോ, പ്രൊഫെസ്സർ റെനേ റയാൻ, എമ്മാനുവേൽ ഒറോബാത്തോർ എന്ന നൈജീരിയൻ ജസ്യൂട്ട് സഭാംഗം എന്നിവരുമുണ്ടായിരുന്നു.

"സെ ല കോൺഫിയാൻസ്" (C’est la Confiance) എന്ന പേരിൽ കൊച്ചുത്രേസ്യയുടെ തിരുനാളിൽ പാപ്പാ പ്രസിദ്ധീകരിച്ച അപ്പസ്തോലിക ലേഖനത്തിന്റെ കോപ്പി ഏവർക്കും നൽകപ്പെട്ടുവെന്ന് പൗളോ റുഫീനി അറിയിച്ചു. സഭയുടെ മിഷനിൽ ഏവർക്കുമുള്ള "സഹഉത്തരവാദിത്വത്തെക്കുറിച്ചും" ചർച്ച ചെയ്യപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു. കാനോനിക നിയമവുമായി ബന്ധപ്പെട്ട്, "സഹവർത്തിത്വം" എന്ന വാക്കിനുപകരം "സഹഉത്തരവാദിത്വം" എന്ന വാക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ബിഷപ് റന്താസ്സോയും സംസാരിച്ചു. ഒരു വിപ്ലവകരമായ മാറ്റമല്ല, പരിണാമാത്മകരമായ മാറ്റമാണ് പ്രതീക്ഷിക്കേണ്ടതെന്ന് അദ്ദേഹം അറിയിച്ചു.

യേശു തന്റെ കൂടെ സ്ത്രീകളെയും കൂട്ടിയിരുന്നു എന്ന് പരാമർശിച്ച പൗളോ റുഫീനി സ്ത്രീകൾക്ക് സുവിശേഷപ്രഘോഷണം നടത്തുവാൻ സാധിക്കില്ലേ എന്ന ചിന്ത ഉയർന്നുവന്നതിനെക്കുറിച്ച് സംസാരിച്ചു. എന്നാൽ സ്ത്രീപൗരോഹിതം എന്നത് ഏറ്റവും പ്രധാനപ്പെട്ട ചിന്ത ആയിരുന്നില്ല എന്ന് സിനഡ് പ്രതിനിധികൾ വ്യക്തമാക്കി. ഇത് ഒരു പ്രധാന ചോദ്യമാണെങ്കിലും ഇന്നത്തെ സ്ത്രീകളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളെയല്ല ഇത് പ്രതിനിധാനം ചെയ്യുന്നതെന്ന് പ്രൊഫെസ്സർ റെനേ റയാൻ പറഞ്ഞു. സ്ത്രീ പൗരോഹിത്യം എന്ന ചിന്തയെ കേന്ദ്രീകരിക്കാതെ, മാതൃത്വം, ജോലി, കുടുംബത്തിലെ അവരുടെ പ്രധാനപ്പെട്ട റോൾ തുടങ്ങിയവയും ചർച്ച ചെയ്യപ്പെടണമെന്ന് അവർ ഓർമ്മിപ്പിച്ചു.

ഇടവക സേവനങ്ങൾക്കുള്ള ഒരിടമല്ല, മറിച്ച് കൂട്ടായ്മയുടെ ഇടമാണെന്ന് സിനഡ് അനുസ്മരിച്ചു. വൈദികരുടെ അഭാവം നികത്താനുള്ളവരല്ല അൽമായർ. മെത്രാൻ, പൈതൃകഭാവത്തോടെ, സ്നേഹവും കരുതലും പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയായിരിക്കണമെന്ന് സിനഡ് വാർത്താവിനിമയകമ്മീഷൻ സെക്രട്ടറി ഷെയ്‌ല പീരെസ് എടുത്തുപറഞ്ഞു. മതാന്തര, എക്യൂമെനിക്കൽ ചർച്ചകൾക്ക് അവർ വഴിയൊരുക്കേണ്ടതുണ്ട്. മെത്രാൻ മറ്റുള്ളവർക്കൊപ്പമാണ് സേവനം ചെയ്യേണ്ടതെന്നും അദ്ദേഹം മാത്രമല്ല രൂപതയെന്ന് മനസ്സിലാക്കണമെന്നും ഷെയ്‌ല പീരെസ് പറഞ്ഞു.

മെത്രാന്മാരുടെ തുടർ പരിശീലനം, മെത്രാന്മാർ തമ്മിലും, വൈദികരുമായുമുള്ള ബന്ധം, ചൂഷണങ്ങൾക്ക് ഇരകളായവരെ ശ്രവിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവയും ചർച്ച ചെയ്യപ്പെട്ടതായി പത്രസമ്മേളനത്തിൽ സിനഡ് പ്രതിനിധികൾ വ്യക്തമാക്കി.

സിനഡിൽ വിവിധ കാര്യങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നതെന്നും, 2021 ഒക്ടോബറിൽ ആരംഭിച്ച ഈ യാത്രയിൽ ഇപ്പോൾ നാം പാതിവഴിയിലാണെന്നും, ഇത് 2024-ലേക്ക് നീളുമെന്നും കർദ്ദിനാൾ റോമെറോ അറിയിച്ചു.

ആഗോളസഭ എന്ന നിലയിൽ, വിവിധങ്ങളായ സ്വരങ്ങൾ ശ്രവിക്കാൻ നമുക്ക് കടമയുണ്ടെന്ന്  പ്രൊഫെസ്സർ റെനേ റയാൻ ഓർമ്മിപ്പിച്ചു. ഒരു പത്രപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറയവേ, സ്ത്രീകൾ, ലിംഗസത്വം തുടങ്ങിയ ചിന്തകളും സിനഡിൽ ഉണ്ടെന്ന് ഉറപ്പുനൽകിയ പൗളോ റുഫീനി സിനഡ് ഒരു ടോക് ഷോ അല്ലെന്നും, ഇത് പരിശുദ്ധാത്മാവിന്റെ കീഴിലുള്ള ഒരു സംവാദമാണെന്നും വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 October 2023, 17:21