"ദൈവജനത്തിനായുള്ള ലേഖനം": സിനഡ് അസ്സംബ്ലി എല്ലാ ക്രൈസ്തവർക്കുമായി എഴുതിയ സന്ദേശം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പ്രിയ സഹോദരിമാരെ സഹോദരന്മാരെ,
മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് പൊതുസമ്മേളനത്തിന്റെ ആദ്യഭാഗം അതിന്റെ അവസാനത്തിലേക്ക് കടക്കുമ്പോൾ, ഞങ്ങൾ അനുഭവിച്ച മനോഹരവും സമ്പന്നവുമായ അനുഭവത്തിന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുമായി ആഴമേറിയ കൂട്ടായ്‌മയിലാണ് ഈ അനുഗ്രഹീതമായ സമയം ഞങ്ങൾ കഴിച്ചുകൂട്ടിയത്. നിങ്ങളുടെ പ്രതീക്ഷകളും ചോദ്യങ്ങളും ഒപ്പം നിങ്ങളുടെ ഭയങ്ങളും തോളിലേന്തിയ ഞങ്ങൾ നിങ്ങളുടെ പ്രാർത്ഥനകളാൽ പോഷിപ്പിക്കപ്പെട്ടു. ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടതനുസരിച്ച്, പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിന് കീഴിൽ, ക്രിസ്തുവിന്റെ പിന്നാലെ “ഒരുമിച്ച് ചരിക്കുന്ന” മിഷനറി ശിഷ്യരായ ഞങ്ങൾ, മൊത്തം ദൈവജനത്തിലേക്കും തുറന്നിരിക്കുന്ന, ആരെയും ഒഴിവാക്കാത്ത, ശ്രവണത്തിന്റെയും വിവേചിച്ചറിയലിന്റെയും നീണ്ട ഒരു പ്രക്രിയ ആരംഭിച്ചിട്ട് ഇത് രണ്ടു വർഷങ്ങളായി.
സെപ്റ്റംബർ 30 മുതൽ ഞങ്ങളെ റോമിൽ ഒരുമിച്ച് കൂട്ടിയിരിക്കുന്ന ഈ സെഷൻ, ഈയൊരു പ്രക്രിയയുടെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. പല വിധത്തിലും, ഇത് മുൻപെങ്ങുമില്ലാത്ത ഒരു അനുഭവമായിരുന്നു. ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരം ആദ്യമായി, തങ്ങളുടെ ജ്ഞാനസ്നാനത്തിന്റെ പേരിൽ, സ്ത്രീകളും പുരുഷന്മാരും, ചർച്ചകളിൽ പങ്കെടുക്കാൻ മാത്രമല്ല, മെത്രാന്മാരുടെ സിനഡിന്റെ ഈ അസംബ്ലിയുടെ വോട്ടെടുപ്പുകളിൽ പങ്കെടുക്കാൻ കൂടി ഒരേ മേശയ്ക്ക് ചുറ്റും ഇരിക്കാനായി ക്ഷണിക്കപ്പെട്ടു. ഞങ്ങളുടെ വിളികളുടെയും, കാരിസങ്ങളുടെയും, ഞങ്ങളുടെ ശുശ്രൂഷാമേഖലകളുടെയും പരസ്പരപൂരകതയിൽ, ഞങ്ങൾ ഏറെ ശ്രദ്ധയോടെ ദൈവവചനവും മറ്റുള്ളവരുടെ അനുഭവങ്ങളും ശ്രവിച്ചു. പരിശുദ്ധാത്മാവിന് ഇന്നത്തെ സഭയോട് പറയാനുള്ളത് തിരിച്ചറിയാൻ ശ്രമിച്ചുകൊണ്ട്, ഞങ്ങൾ ആത്മാവിലുള്ള സംവാദത്തിന്റെ രീതി ഉപയോഗിച്ച്, എളിമയോടെ, എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള നമ്മുടെ സമൂഹങ്ങളുടെ ശ്രേഷ്ഠതയും ദൈന്യതയും പങ്കിട്ടു. അങ്ങനെ, ഞങ്ങൾ ലത്തീൻ പാരമ്പര്യവും പൗരസ്ത്യ ക്രൈസ്തവരുടെ പാരമ്പര്യവും തമ്മിലുള്ള പരസ്പരകൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. മറ്റു സഭകളിൽനിന്നും സഭാസമൂഹങ്ങളിനിന്നുമുള്ള സാഹോദരപ്രതിനിധികളുടെ പങ്കാളിത്തം ഞങ്ങളുടെ സംവാദങ്ങളെ ഏറെ സമ്പന്നമാക്കി.
ഞങ്ങളുടെ ഈ അസംബ്ലി നടന്നത്, പ്രതിസന്ധിയിലായ ഒരു ലോകത്തിന്റെ പശ്ചാത്തലത്തിലാണ്. ഈ പ്രതിസന്ധികൾ ഉളവാക്കിയ മുറിവുകളും, നിന്ദ്യമായ അസമത്വങ്ങളും ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കുകയും, യുദ്ധം രൂക്ഷമായ ഇടങ്ങളിൽനിന്നാണ് ഞങ്ങളിൽ ചിലർ വന്നത് എന്നതുകൊണ്ടുതന്നെ, ഞങ്ങളുടെ ജോലികൾക്ക് ഒരു പ്രത്യേക ഭാരം ഏറ്റുകയും ചെയ്തു. കഷ്ടപ്പാടുകളും അഴിമതിയും കുടിയേറ്റത്തിന്റെ അപകടകരമായ പാതകളിലേക്ക് വലിച്ചെറിഞ്ഞ ആരെയും വിസ്മരിക്കാതെ, അക്രമകരമായ കൊലപാതകങ്ങൾക്ക് ഇരകളായവർക്കുവേണ്ടി ഞങ്ങൾ പ്രാർത്ഥിച്ചു. ലോകത്തിന്റെ എല്ലാ ഭാഗത്തും നീതിയുടെയും സമാധാനത്തിന്റെയും സൃഷ്ടാക്കളായി പ്രവർത്തിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും ഞങ്ങൾ ഞങ്ങളുടെ ഐക്യദാർഢ്യവും പ്രതിബദ്ധതയും ഉറപ്പു നൽകി.
പരിശുദ്ധ പിതാവിന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ തമ്മിൽ ആദരവോടെയുള്ള ശ്രവണവും ആത്മാവിലുള്ള കൂട്ടായ്മയ്ക്കായുള്ള ആഗ്രഹവും പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ നിശബ്ദതയ്ക്കു ഒരു പ്രധാന ഇടം നൽകിയിട്ടുണ്ട്. ക്രൂശിതനായ ക്രിസ്തുവിനെ നിശബ്ദതയിൽ ധ്യാനിക്കുന്നതിലൂടെ ഐക്യത്തിനായുള്ള ദാഹം എപ്രകാരമാണ് വളരുന്നതെന്ന്, (സിനഡിന്റെ) തുടക്കം കൃതിക്കുന്ന എക്യൂമെനിക്കൽ സായാഹ്നവേളയിൽ ഞങ്ങൾ മനസ്സിലാക്കി. ഏവരും ഒന്നായിരിക്കുന്നതിനുവേണ്ടി, സ്വജീവൻ ലോകത്തിന്റെ രക്ഷയ്ക്കായി നൽകിക്കൊണ്ട്, തന്റെ ശിഷ്യന്മാരെ പിതാവിന് ഏൽപ്പിച്ചവന്റെ ഏക പീഠമാണ് കുരിശ് (യോഹന്നാൻ 17, 21). അവന്റെ ഉയിർപ്പ് നൽകുന്ന പ്രത്യാശയിൽ ദൃഢമായി ഐക്യപ്പെട്ട്, കൂടുതൽ അടിയന്തിരമായി ഭൂമിയുടെയും ദരിദ്രരുടെയും മുറവിളികൾ മുഴങ്ങിക്കേൾക്കുന്ന, നമ്മുടെ പൊതുഭവനത്തെ ഞങ്ങൾ അവനു സമർപ്പിച്ചു. ഞങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന അവസരത്തിൽ, "ദൈവത്തെ സ്തുതിക്കുക" (Laudate Deum!) എന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചിരുന്നു.
അനുദിനം അജപാലന, മിഷനറി പരിവർത്തനത്തിനുള്ള ശക്തമായ ആഹ്വാനം ഞങ്ങൾ കേട്ടു. കാരണം തന്നിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടല്ല, മറിച്ച് ദൈവം ലോകത്തെ സ്നേഹിക്കുന്ന അനന്തമായ സ്നേഹത്തിന്റെ സേവനത്തിനായി സ്വയം സമർപ്പിച്ചുകൊണ്ട്, സുവിശേഷം പ്രഘോഷിക്കാനാണ് സഭയുടെ വിളി (യോഹന്നാൻ 3:16 കാണുക). ഈ സിനഡിന്റെ അവസരത്തിൽ സഭയിൽനിന്ന് നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് സെന്റ് പീറ്റേഴ്സ് മൈതാനത്തിന് സമീപത്ത് വസിക്കുന്ന ഭവനരഹിതരോട് ചോദിച്ചപ്പോൾ അവർ പ്രതികരിച്ചത്, “സ്നേഹം” എന്നാണ്. ഒക്ടോബർ പതിനഞ്ചാം തീയതി, ഞങ്ങളുടെ അസംബ്ലിയുടെ പാതിവഴിയിൽ, ഉണ്ണീശോയുടെ കൊച്ചുത്രേസ്യായുടെ സന്ദേശം ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഓർമ്മിപ്പിച്ചതുപോലെ, ഈ സ്നേഹം, ത്രിത്വയ്കവും ദിവ്യകാരുണ്യപരവുമായ സ്നേഹമാണ്, സഭയുടെ ജ്വലിക്കുന്ന ഹൃദയമായി നിലനിൽക്കേണ്ടത്. നമ്മുടെ സമാനതകളും വ്യത്യാസങ്ങളും, നമ്മുടെ ആഗ്രഹങ്ങളും നമ്മുടെ ചോദ്യങ്ങളും, സ്വാതന്ത്ര്യത്തോടെയും എളിമയോടെയും പ്രകടിപ്പിക്കാൻ നമുക്ക് നാമനുഭവിച്ച ധൈര്യവും ആന്തരികാസ്വാതന്ത്ര്യവും നൽകിയത് "വിശ്വാസമാണ്".
ഇനിയെന്ത്? 2024 ഒക്ടോബറിലെ രണ്ടാം സെഷനമായി ഞങ്ങളെ വേർതിരിച്ചുനിറുത്തുന്ന മാസങ്ങൾ ഞങ്ങളെ സിനഡ് എന്ന വാക്കാൽ സൂചിപ്പിക്കപ്പെടുന്ന മിഷനറി കൂട്ടായ്മയുടെ ചലനാത്മകതയിൽ സമൂർത്തമായി പങ്കെടുക്കാൻ ഞങ്ങളെല്ലാവരെയും സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് ഒരു പ്രത്യയശാസ്ത്രമല്ല മറിച്ച് അപ്പസ്തോലിക പാരമ്പര്യത്തിൽ വേരൂന്നിയ ഒരു അനുഭവമാണ്. പാപ്പാ ഈ പ്രക്രിയയുടെ ആരംഭത്തിൽ ഞങ്ങളെ ഓർമ്മിപ്പിച്ചതുപോലെ, എല്ലാവരുടെയും യഥാർത്ഥ പങ്കാളിത്തം പ്രോത്സാഹിപ്പിച്ചുകൊണ്ട് സിനൊഡാലിറ്റിയുടെ മൂർത്തതയെ പ്രകടിപ്പിക്കുന്ന ഒരു സഭാസമ്പ്രദായം വളർത്തിയെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ കൂട്ടായ്മയും മിഷനും, കുറച്ച് അമൂർത്തങ്ങളായ പദങ്ങളായി അവശേഷിക്കാൻ സാധ്യതയുണ്ട് (9 ഒക്ടോബർ 2021). വെല്ലുവിളികൾ നിരവധിയാണ്, ചോദ്യങ്ങൾ അസംഖ്യമാണ്: ആദ്യസെഷന്റെ സംഗ്രഹ റിപ്പോർട്ട്, എത്തിച്ചേരാനായ പൊരുത്തങ്ങളും, തുറന്നുകിടക്കുന്ന ചോദ്യങ്ങളും എടുത്തുകാട്ടുകയും, എപ്രകാരമാണ് പ്രവർത്തനങ്ങളിൽ മുന്നേറേണ്ടതെന്ന് സൂചിപ്പിക്കുകയും ചെയ്യും.
തന്റെ വിവേചനത്തിന്റെ പാതയിൽ പുരോഗമിക്കാൻ സഭ, ഏറ്റവും പാവപ്പെട്ടവർ മുതൽ ഏവരെയും ശ്രവിക്കേണ്ടതിന്റെ ആവശ്യമുണ്ട്. ഇതിനായി സഭയുടെ ഭാഗത്തുനിന്ന്, സ്തുതിയുടെ കൂടി പാതയായ, പരിവർത്തനത്തിന്റെ ഒരു പാതയിലൂടെ നീങ്ങേണ്ടതിന്റെ ആവശ്യമുണ്ട്; "സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ അവിടുത്തെ ഞാൻ സ്തുതിക്കുന്നു. എന്തെന്നാൽ, അങ്ങ് ഇവ ജ്ഞാനികളിൽനിന്നും ബുദ്ധിമാന്മാരിൽനിന്നും മറച്ചുവയ്ക്കുകയും ശിശുക്കൾക്ക് വെളിപ്പെടുത്തുകയും ചെയ്തു" (ലൂക്ക 17, 21). ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിൽ സംസാരിക്കാൻ അവകാശമില്ലാത്തതോ, സഭയാൽ പോലും അവഗണിക്കപ്പെട്ടവരോ ആയി തോന്നുന്ന ആളുകളെ ശ്രവിക്കുക എന്നതാണ്. എല്ലാ രൂപത്തിലുമുള്ള വംശീയവെറിയുടെ ഇരകളാകുന്ന, പ്രത്യേകിച്ച്, ചില പ്രദേശങ്ങളിൽ, തങ്ങളുടെ സംസ്കാരങ്ങൾ അപമാനിക്കപ്പെട്ട തദ്ദേശീയരായ ആളുകളെ ശ്രവിക്കുക എന്നതാണ്. എല്ലാത്തിനുമുപരിയായി, നമ്മുടെ ഇക്കാലത്തെ സഭയ്ക്ക്, പരിവർത്തനത്തിന്റെ മനോഭാവത്തോടെ, സഭാഗാത്രത്തിലെ അംഗങ്ങൾ ചെയ്ത ദുരുപയോഗങ്ങളുടെ ഇരകളായിരുന്നവരെ ശ്രവിക്കുവാനും, ഇനിയൊരിക്കലും അത് അവർത്തിക്കപ്പെടാതിരിക്കുവാനായി സമൂർത്തപരമായും ഘടനാപരമായും പ്രതിജ്ഞാബദ്ധരാകാനും കടമയുണ്ട്.
സഭ, തങ്ങളുടെ മാമ്മോദീസായിലൂടെ ലഭിച്ച വിളിയിലൂടെ വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന എല്ലാവരെയും, സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന അല്മായരെ: പലപ്പോഴും സുവിശേഷം പ്രഘോഷിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന സുവിശേഷപ്രഘോഷകരായ മതാധ്യാപകരുടെ സാക്ഷ്യം, കൊച്ചുകുട്ടികളുടെ ലാളിത്യവും ചടുലതയും, യുവാക്കളുടെ ആവേശവും, അവരുടെ ചോദ്യങ്ങളും പുനരാഹ്വാനങ്ങളും; വയോധികരുടെ സ്വപ്നങ്ങളും, അവരുടെ ജ്ഞാനവും സ്മൃതിയും, എല്ലാം ശ്രവിക്കേണ്ട ആവശ്യമുണ്ട്. സഭ കുടുംബങ്ങളുടെ, വിദ്യാഭ്യാസപരമായ അവരുടെ ആശങ്കകൾ, അവർ ഇന്നത്തെ ലോകത്തിന് നൽകുന്ന ക്രൈസ്തവസാക്ഷ്യം എന്നിവയെ ശ്രവിക്കേണ്ടതിന്റെ ആവശ്യമുണ്ട്. അൽമായസേവനപ്രവർത്തനങ്ങളിലും, വിവേചനത്തിലും തീരുമാനങ്ങളിലും ഭാഗഭാക്കാകുന്ന സംഘടനകളിലും ഏർപ്പെടാൻ ആഗ്രഹിക്കുന്നവരുടെയും സ്വരം ശ്രവിക്കേണ്ട ആവശ്യമുണ്ട്.
സിനഡൽ വിവേചനകർമ്മത്തിൽ പുരോഗമിക്കുന്നതിന് സഭ പ്രത്യേകമായി പൗരോഹിത്യം സ്വീകരിച്ച ശുശ്രൂഷകരുടെ വാക്കുകളും അനുഭവങ്ങളും ശേഖരിക്കേണ്ടതുണ്ട്: മുഴുവൻ (സഭാ)ഗാത്രത്തിന്റെയും ജീവന് ഒഴിച്ചുകൂടാനാകാത്ത കൂദാശാശുശ്രൂഷകളുള്ളവരും മെത്രാന്മാരുടെ പ്രഥമസഹകാരികളുമായ പുരോഹിതരുടെയും, തങ്ങളുടെ ശുശ്രൂഷ വഴി, ഏറ്റവും ദുർബലരായിട്ടുള്ളവർക്ക് സേവനം ചെയ്യാനുള്ള സഭയുടെ ഉത്കണ്ഠയെ ദ്യോതിപ്പിക്കുന്ന ഡീക്കന്മാരുടെയും. ആത്മാവിന്റെ ആഹ്വാനങ്ങളുടെ ജാഗ്രതയുള്ള കാവൽക്കാരായ സമർപ്പിതജീവിതക്കാരുടെ പ്രവാചകശബ്‍ദത്താൽ ചോദ്യം ചെയ്യപ്പെടുവാൻ സഭ സ്വയം വിട്ടുകൊടുക്കേണ്ടതുണ്ട്. തന്റെ വിശ്വാസം പങ്കിടാത്ത, എന്നാൽ സത്യത്തെ അന്വേഷിക്കുന്ന, ദൈവത്തിന് അറിയാവുന്ന രീതിയിൽ പെസഹാരഹസ്യത്തിൽ പങ്കുകാരാകാൻ സാധ്യത നൽകുന്ന പരിശുദ്ധാതമാവിന്റെ സാന്നിദ്ധ്യമുള്ള, ആളുകളെക്കുറിച്ചും അവൾ ശ്രദ്ധാലുവായിരിക്കണം (ഗൗദിയും എത് സ്‌പേസ്, 22).
അതിന്റെ വൈരുധ്യങ്ങളിൽപ്പോലും ലോകത്തെ സ്നേഹിക്കാനും സേവിക്കാനും വിളിക്കപ്പെട്ടിരിക്കുന്ന നാം ജീവിക്കുന്ന ലോകം, സഭ അതിന്റെ എല്ലാ മിഷൻ മേഖലകളിലും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തെ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. സിനഡാലിറ്റിയുടെ പാതയാണ് മൂന്നാം സഹസ്രാബ്ദത്തിൽ ദൈവം സഭയിൽനിന്ന് പ്രതീക്ഷിക്കുന്ന പാത (ഫ്രാൻസിസ് പാപ്പാ, 2015 ഒക്ടോബർ 17). ഈ വിളിക്ക് ഉത്തരം നൽകാൻ നാം ഭയപ്പെടേണ്ടതില്ല. (വിശ്വാസ)പാതയിൽ പ്രഥമസ്ഥാനീയയായ കന്യകാമറിയം നമ്മുടെ തീർത്ഥയാത്രയിൽ നമ്മെ അനുഗമിക്കുന്നു. സന്തോഷങ്ങളിലും ദുഃഖങ്ങളിലും അവൾ നമുക്ക് തന്റെ പുത്രനെ കാണിച്ചുതരികയും വിശ്വാസത്തിലേക്ക് നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. യേശു, അവനാണ്, നമ്മുടെ ഏക പ്രത്യാശ!
വത്തിക്കാൻ സിറ്റി, 2023 ഒക്ടോബർ 25
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: