സിനഡ്: കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും കേന്ദ്രീകരിച്ച് വ്യാഴാഴ്ച സിനഡിന്റെ പത്രസമ്മേളനം
കടപ്പാട്: ഒസ്സെർവത്തോരെ റൊമാനോ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ബുധനാഴ്ച ഉച്ചകഴിഞ്ഞും വ്യാഴാഴ്ച രാവിലെയും സിനസ് ഹാളിൽ ചെറിയ സംഘങ്ങളുടെ ''ആത്മാവിലുള്ള സംഭാഷണ" ത്തെക്കുറിച്ചുള്ള പത്തും പതിനൊന്നും സമ്മേളനങ്ങളാണ് നടന്നതെന്ന് വത്തിക്കാന്റെ ആശയവിനിമയത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവനും സിനഡിന്റെ ഇൻഫൊർമേഷൻ കമ്മീഷന്റെ പ്രസിഡണ്ടുമായ ഡോ. പാവൊളോ റുഫീനി അറിയിച്ചു. "പങ്കാളിത്തം, ഉത്തരവാദിത്വം, അധികാരം, മിഷനറി സിനസൻ സഭയിൽ എന്തെന്ത് പ്രക്രിയകൾ, സംവിധാനങ്ങൾ, സ്ഥാപനങ്ങൾ? "എന്ന വിഷയമാണ് 35 ചെറിയ സംഘങ്ങൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ വിദഗ്ധരായ ദൈവശാസ്ത്രജ്ഞരും കാനോനിക നിയമ പണ്ഡിതരും ഉൾപ്പെട്ട മൂന്ന് സംഘങ്ങൾ മൂന്ന് റിപ്പോർട്ടുകളിലായി അവരുടെ അഭിപ്രായങ്ങൾ പൊതുസമ്മേളനത്തെ അറിയിക്കാൻ ഭരമേൽപ്പിച്ചിട്ടുണ്ടന്നും അദ്ദേഹം സൂചിപ്പിച്ചു.
കർദ്ദിനാൾ ചെർണി: ഭൂമിയിലെ ഏറ്റം ദുർബ്ബലരായവരോടൊപ്പമുള്ള സഞ്ചാരം
മാനവ സമഗ്രവികസന ഡിക്കാസ്റ്ററിയുടെ തലവനായ കർദ്ദിനാൾ ചെർണി കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായുള്ള പ്രാർത്ഥനയെ സൂചിപ്പിച്ചു കൊണ്ടാണ് സംസാരിച്ചത്. വത്തിക്കാന്റെ ചത്വരത്തിൽ സ്ഥാപിച്ചിട്ടുള്ള " Angels Unawares" (അറിയാത്ത മാലാഖമാർ) എന്ന കൊത്തു രൂപത്തിനു മുന്നിൽ സഭയെന്ന നിലയിൽ ഒരുമിച്ച് നടക്കാൻ പഠിക്കുന്ന സിനഡൽ സമ്മേളനം ഒരുമിച്ചു വരുന്നത് ഭൂമിയിലെ ഏറ്റം ബലഹീനരൊത്ത്, പ്രത്യേകിച്ച് നിർബന്ധിതരായി പലായനം ചെയ്യപ്പെടേണ്ടി വരുന്നവരും, നിരന്തരമായി സ്ഥലം മാറേണ്ടി വരുന്നവരുമായ അഭയാർത്ഥികളും കുടിയേറ്റക്കാരും എന്നു നാം വിളിക്കുന്ന വരുമൊത്ത് നടക്കുന്നതിന്റെ വളരെ ഫലപ്രദമായ സൂചനയാകും എന്ന് അദ്ദേഹം അറിയിച്ചു. അതിനാൽ തിമോത്തി ഷ്മാൽസിന്റെ ഈ കലാരൂപത്തിനു മുന്നിൽ തങ്ങൾ ചെയ്യുന്ന കുടിയേറ്റമെന്ന പ്രതിഭാസനോടൊപ്പം സഞ്ചരിക്കുന്ന ഈ പ്രാർത്ഥനയ്ക്ക് ഒരു ആത്മീയവും, സഹൃദയത്വമുള്ളതും സാംസ്കാരികവുമായ ഒരു സ്വരലയമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനഡ് ഹാളിൽ തങ്ങൾ അനുഭവിക്കുന്ന ചേർച്ചയ്ക്കും സന്മനസ്സിനും ആഴമായ പങ്കുവയ്ക്കലിനും അഭയാർത്ഥികളും കുടിയേറ്റക്കാരും അനുഭവിക്കുന്ന ആകുലത, അരക്ഷിതാവസ്ഥ, ബലഹീനന, പാർശ്വവൽക്കരിക്കപ്പെടൽ എന്നിവയും അവരെ നിരാകരിക്കുന്ന നമ്മുടെ സമൂഹങ്ങളുടെ ഭീകരമായ നിശബ്ദതയും തമ്മിൽ വലിയ വിരോധാഭാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അതിർത്തി പ്രദേശത്തു നിന്നുള്ള മെത്രാൻ
ടെക്സസിലെ ബ്രൗൺസ് വില്ലെയിലെ മെത്രാൻ ഡാനിയേൽ ഏർനെസ്റ്റ് ഫ്ലോറെസ് മെക്സിക്കോയുമായുള്ള അതിർത്തിയിൽ നിന്നാണ് വന്നത്. ഓരോ രൂപതയും സിനഡിൽ എത്തുന്നത് തങ്ങളുടെ പ്രാദേശികമായ ദാനങ്ങളും അനുഭവങ്ങളുമായാണ് എന്നു പറഞ്ഞ അദ്ദേഹം ലാറ്റിനമേരിക്കയിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലെത്തുന്നവരുടെ എണ്ണത്തിൽ വന്ന വർദ്ധനയെക്കുറിച്ചുമാണ് സംസാരിച്ചത്. എന്നാൽ തന്റെ രൂപതയിലെ ജനങ്ങൾ വളരെ ശക്തമായ പിന്തുണയാണ് അഭയാർത്ഥികൾക്ക് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം മറ്റ് ക്രൈസ്തവ സമൂഹങ്ങളും, മുസ്ലിം, യഹൂദ സമൂഹങ്ങളും വളരെയേറെ സംഭാവനകൾ നൽകുന്നുണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു. വലിയ ഭൗതികസമ്പത്തിലെങ്കിലും ജനങ്ങളുടെ വിശാലമായ ഹൃദയങ്ങൾ മാനുഷിക അന്തസ്സിനെ മാനിച്ചും അവരുടെ കഥകളെ ബഹുമാനത്തോടെ ശ്രവിച്ചം ഉദാരമായ പ്രതികരണമാണ് നടത്തുന്നതെന്നും ഫ്ലോറസ് മെത്രാൻ അറിയിച്ചു.
മറൊണെറ്റ് ഫാ. അൽവാൻ : ലെബനോനിലെ സിറിയൻ അഭയാർത്ഥി ദുരന്തം
പൗരസ്ത്യ കത്തോലിക്കാ പാത്രിയാർക്ക് കൗൺസിലിന്റെ സെക്രട്ടറി ജനറലും ലബനോൻ മറൊണൈറ്റ് മിഷണറിമാരുടെ മുൻ ജനറലുമായിരുന്ന ഫാ. ഖലിൽ അൽവാൻ സിനഡിൽ പൗരസ്ത്യ സഭകളുടെ സിനഡൽ സാക്ഷിയായും മധ്യകിഴക്കൻ പ്രദേശത്തിന്റെ ജനറൽ കോർഡിനേറ്ററുമായാണ് സിനഡിൽ പങ്കെടുക്കുന്നത്. ഇതിനു മുമ്പു താൻ പങ്കെടുത്ത 4 സിനഡുകളിൽ നിന്ന് ഈ സിനഡിന്റെ രീതികളിലും വിഷയങ്ങളിലുമുള്ള വ്യത്യാസം വിവരിച്ചു. ഇത് കർത്താവും, സഭയും, ഇവിടെ പ്രതിനിധീകരിക്കുന്ന എല്ലാ യാഥാർത്ഥ്യങ്ങളുമൊത്തുള്ള ഒരു യാത്രയാണ്. ഇതിൽ പങ്കെടുക്കുന്നത് ഒരു വലിയ അനുഗ്രഹവും ഒരു സന്തോഷകരമായ സഭയുടെ ഭാവി പ്രത്യാശിക്കാൻ കാരണങ്ങളും നൽകുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
2011 മുതൽ ലബനോനിലെത്തിയ സിറിയൻ അഭയാർത്ഥികളെക്കുറിച്ച് സംസാരിക്കവെ, അവർ മനുഷ്യത്വരഹിത സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്നും, ക്യാമ്പുകളിൽ ലക്ഷക്കണക്കിനാളുകൾ തിങ്ങിനിറയുന്നതും അന്തർദേശിയ സമൂഹം അവർ യൂറോപ്പിലേക്ക് പോകുന്നത് തടയുന്നതും ചൂണ്ടിക്കാണിച്ചു. ലബനോനാണ് ഏറ്റവും കൂടുതൽ ശതമാനം അഭയാർത്ഥികളെ ഉള്ളടക്കിയിരിക്കുന്നതെന്ന് അദ്ദേഹം അടിവരയിട്ടു. തങ്ങളുടെ മനുഷ്യത്വത്തിനു ശിക്ഷയനുഭവിക്കുകയാണ് ലബനോനെന്നും, ഇത്രമാത്രം അഭയാർത്ഥി ക്യാമ്പുകളുടെ എണ്ണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുകയാണെന്നും എടുത്തു കാണിച്ചു കൊണ്ട് രാജ്യം അനുഭവിക്കുന്ന മാനുഷിക ദുരന്ത ചിത്രം വരച്ചു വച്ചു.
ആഫ്രിക്കയിലെ അഭയാർത്ഥികളുടെ അവസ്ഥ വിവരിച്ചുകൊണ്ട് തെക്കൻ ആഫ്രിക്കൻ മെത്രാൻ സമിതിയുടെ ഉപാദ്ധ്യക്ഷനും മെത്രാനുമായ എംപാക്കോ അഭയാർത്ഥികളുടെ അജപാലനം നിർവ്വഹിക്കാൻ അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് സംസാരിച്ചത്. 2.9 ദശലക്ഷം അഭയാർത്ഥികളെ തന്റെ രാജ്യം സംരക്ഷിക്കുന്നു എന്നു പറഞ്ഞ അദ്ദേഹം കുടിയേറ്റത്തിന്റെ കാരണം ദാരിദ്ര്യമാണെന്ന് ചൂണ്ടിക്കാണിച്ചു. അവിടെ എത്തുന്ന അഭയാർത്ഥികളെ സമൂഹത്തിൽ ഉൾക്കൊള്ളിക്കാനുള്ള രൂപതയുടെ പ്രവർത്തനങ്ങളും അദ്ദേഹം വിവരിച്ചു.
സിനഡലിന്റെ അടിസ്ഥാനത്തിൽ സഭാഘടനകൾ പുതുക്കുന്നത് രൂപതകളിലെ മെത്രാന്മാരുടെ അധികാരത്തെയും വിശേഷാധികാരങ്ങളെയും ദുർബലപ്പെടുത്തുമോ എന്ന ചോദ്യത്തിന് ഈ വിഷയം പുതിയതല്ലെന്ന് ബിഷപ്പ് ഫ്ലോറസ് അഭിപ്രായപ്പെട്ടു. സഭയുടെ അധികാരവും ശുശ്രൂഷയും ഹൃദയ പരിവർത്തനത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എന്നും ക്രിയാത്മകമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഏതൊരു ഘടനയ്ക്കും ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം മറുപടി നൽകി. ഈ നവീകരണം എങ്ങനെ സംഭവിക്കും എന്നതിനെക്കുറിച്ച് നിരവധി അഭിപ്രായങ്ങളുണ്ടെന്ന് സമ്മതിച്ച അദ്ദേഹം "ക്രിസ്തുവിന്റെ ഹൃദയത്തിൽ പരസ്പരം സേവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ജനതയായി മാറാനുള്ള അഗാധമായ ദാഹം എങ്ങനെ ആരംഭിക്കുമെന്നതിനെക്കുറിച്ചാണ് താൻ കൂടുതൽ ആശങ്കാകുലനെന്ന് അറിയിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ആർച്ച് ബിഷപ്പ് എംപാക്കോയിലും പ്രതിധ്വനിച്ചു, രണ്ട് ഘടനകളും അതായത് സഭയിലെ സിനഡാലിറ്റിയും അധികാരശ്രേണിയും (hierarchy) സഹവർത്തിത്വം പുലർത്തണമെന്ന് എല്ലാവരും പൊതുവെ അംഗീകരിച്ചിട്ടുണ്ടെന്നത് അദ്ദേഹം അനുസ്മരിച്ചു: "എന്നിരുന്നാലും, സഭയുടെ ശ്രേണിപരമായ ഘടനയുടെ (hierarchical structure) പ്രവർത്തന രീതികളിൽ സിനഡാലിറ്റി ഉൾക്കൊള്ളാൻ തുടങ്ങുന്ന വിധത്തിൽ എങ്ങനെ പ്രവർത്തിക്കാൻ കഴിയും എന്നതാണ് തങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, "കത്തോലിക്കാ സഭയിൽ, സിനഡിനലിറ്റിക്ക് പാപ്പയായ പത്രോസിന്റെ സിംഹാസനം കേന്ദ്രമാക്കിയുള്ള സവിശേഷമായ ഒരു സ്വഭാവമുണ്ട്." "സഭയുടെ ഹയരാർക്കിക്കൽ ഘടനകൾക്ക് ശ്രവണത്തിൽ ആരംഭിക്കുന്ന ഒരു പ്രക്രിയയിൽ ഭയപ്പെടേണ്ടതില്ല. അത് സഭയുടെ ശ്രേണിപരമായ സ്വഭാവത്തെ തകർക്കുക അസാധ്യമാണ്" എന്ന് കർദ്ദിനാൾ ചെർണിയും കൂട്ടിച്ചേർത്തു.
അഭയാർത്ഥികൾക്കിടയിൽ എൽജിബിടി ആളുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, അവരെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ചുള്ള സഭയുടെ നിലപാട് വ്യക്തമാണെന്ന് ആർച്ച് ബിഷപ്പ് എംപാക്കോ മറുപടി നൽകി. അവരോടു അനുകമ്പയും അംഗീകാരവും, വിവേചനരഹിതമായ പെരുമാറ്റവും, സഭയ്ക്ക് പുറത്താണെന്ന തോന്നലും നൽകരുതെന്നും പരിശുദ്ധ പിതാവ് അത് വളരെ ശ്രദ്ധേയവും മനോഹരവുമായ രീതിയിൽ ഉദാഹരണമാക്കിയിട്ടുണ്ടെന്നും അദ്ദേഹം തുടർന്നു. എന്നിരുന്നാലും, നമ്മൾ കൈകാര്യം ചെയ്യുന്ന ഈ പരമ്പരാഗത ക്രൈസ്തവ നരവംശശാസ്ത്രം ഈ ചോദ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണാൻ ശ്രമിക്കുകയാണെന്നും വളരെക്കാലമായി നിലനിൽക്കുന്ന ഒരു പാരമ്പര്യമാണ് എന്നതിനാൽ ഉടനെ ഒരു പരിഹാരമാർഗ്ഗം ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, തങ്ങൾ ചെയ്യുന്ന രണ്ട് കാര്യങ്ങൾ ആ ക്രിസ്തീയ നരവംശശാസ്ത്രത്തിൽ ഉറച്ചു നിന്നു കൊണ്ടു തന്നെ, എൽജിബിടിക്യു + ആളുകൾക്ക് സഭയിൽ അന്യരല്ല എന്നു തോന്നുന്നതിനുള്ള വഴികൾ അന്വേഷിക്കുകയാണ് അദ്ദേഹം അറിയിച്ചു.
പ്രയാസകരമായ സാഹചര്യങ്ങളിൽ കുടുംബങ്ങളെ സ്വീകരിക്കുന്നത് "സഭയുടെ കാരുണ്യ ദൗത്യമായി" താൻ കണക്കാക്കുന്നുവെന്ന് പറഞ്ഞ ബിഷപ്പ് ഫ്ലോറെസ് അതിനാൽ, "ദുരിതമനുഭവിക്കുന്നവനിൽ ക്രിസ്തുവിന്റെ മുഖം തിരയാൻ" എല്ലാ സന്നദ്ധപ്രവർത്തകരെയും രൂപത പ്രോത്സാഹിപ്പിക്കുകയാണ്. കത്തോലിക്കരാണോ, ക്രൈസ്തവരാണോ, രാഷ്ടീയമോ ലൈംഗീകമോ ആയ ചായ്വെന്തെന്നോ, ചോദിക്കാതെ ദുരിതമനുഭവിക്കുന്ന ക്രിസ്തുവിനെ അവരിൽ സേവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അദ്ദേഹം അറിയിച്ചു.
ലാറ്റിനമേരിക്കൻ സംസ്കാരങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചുള്ള സിനഡിന്റെ വീക്ഷണത്തെക്കുറിച്ചും ബിഷപ്പ് ഫ്ലോറസിനോടു ചോദ്യങ്ങൾ ഉയർന്നു. എളുപ്പമല്ലെങ്കിലും, നന്നായി ചെയ്യുകയാണെങ്കിൽ, വ്യത്യസ്ത സംസ്കാരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നത് സിനഡാലിറ്റിയുടെ പ്രകടനമാണെന്ന് ബിഷപ്പ് മറുപടി നൽകി. ലാറ്റിനമേരിക്കൻ, ആംഗ്ലോ-അമേരിക്കൻ സംസ്കാരങ്ങൾ തമ്മിൽ വേർതിരിവില്ലാത്ത ഒരു ദ്വിഭാഷാ കുടുംബത്തിൽ വളർന്ന തന്റെ വ്യക്തിപരമായ അനുഭവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരു ലോകത്തെ മറ്റൊന്നിലേക്ക് വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത് ഒരു വലിയ കാര്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് എങ്ങനെ നന്നായി ചെയ്യണമെന്ന് യുവാക്കൾക്ക് അറിയാമെന്നും, പ്രത്യേകിച്ച് അതിർത്തി പ്രദേശത്ത് താമസിക്കുന്ന തന്നെപ്പോലുള്ളവർക്ക് ഇത് ഒരു സമ്പത്താണെന്നും വ്യക്തമാക്കി. എന്നിരുന്നാലും, സഭാതലത്തിൽ ഇത് ലളിതമല്ല എന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം വിവിധ പ്രാദേശിക സഭകൾ തമ്മിലുള്ള കൂടുതൽ ഘടനാപരമായ സംവാദങ്ങളിൽ പുരോഗതി കൈവരിക്കാൻ ശ്രമിക്കണം എന്നും ആവശ്യപ്പെട്ടു.
"രണ്ട് സംസ്കാരലോകങ്ങളിൽ ജീവിച്ച" കർദ്ദിനാൾ ചെർണിയും, "തനിക്കും ജീവിതം പരിഭാഷയാണ്; 'സിനഡിംഗ്' ഒരുപക്ഷേ എങ്ങനെ അതിനെ വിവർത്തനം ചെയ്യണമെന്നുള്ള പഠനമാണ് എന്നും ബിഷപ്പ് ഫ്ലോറസ് പറഞ്ഞതിനോടു ചേർത്തു. ചെറിയ ഗ്രൂപ്പുകളിലെ ഇടപെടലുകളെക്കുറിച്ചും സിന്തസിസ് ഡോക്യുമെന്റിലെ വോട്ടിംഗ് രീതിയെക്കുറിച്ചും ചില വിശദീകരണങ്ങൾ ചോദ്യത്തിന് മറുപടിയായി പ്രിഫെക്ട് റൂഫീനി നൽകി.
ചില കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് അഭിഷേകവും കാര്യാലയ ഭരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കർദ്ദിനാൾ ചെർണി സംസാരിച്ചു. അഭിഷേകവും ഓഫീസുകളും തമ്മിലുള്ള തിരിച്ചറിയൽ മറികടക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണെന്ന് താൻ കരുതുകയാണെന്നും മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇതുവരെ ഒരു പുരോഹിതനും വാസ്തവത്തിൽ ഒരു ഹയരാർക്കിയും ചില സന്ദർഭങ്ങളിൽ ഒരു കർദ്ദിനാൾ പോലും ഓഫീസുകൾ നയിക്കേണ്ട ആവശ്യമില്ലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു എന്നും അദ്ദേഹം മറുപടി നൽകി. ഉത്തരവാദിത്തങ്ങൾ, കർദ്ദിനാളോ, മെത്രാനോ, പുരോഹിതരോ അല്ലാത്തവരെ കൂടുതലായി ഏൽപ്പിക്കുന്നതു കൊണ്ട് സഭയുടെ സ്വഭാവത്തിന് ഒരു അപകടവുമില്ല എന്ന് പല ഓഫീസുകളും അവരുടെ ഉത്തരവാദിത്വത്തിന് നൽകി തുടങ്ങിയതിൽ നിന്നും മനസ്സിലാകുന്നു എന്നും അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തി.
സിനഡൽ വിചിന്തനങ്ങളെ ബാഹ്യ സമ്മർദ്ദങ്ങളോ "ഗൂഢാലോചനകളോ" സ്വാധീനിച്ചിട്ടില്ലെന്ന് ബിഷപ്പ് ഫ്ലോറസും ആർച്ച് ബിഷപ്പ് എംപാക്കോയും മാധ്യമപ്രവർത്തകർക്ക് ഉറപ്പ് നൽകി: "ഞാൻ ഒരു ഗൂഢാലോചനയും കാണുന്നില്ല", ബിഷപ്പ് ഫ്ലോറസ് പറഞ്ഞു."സത്യസന്ധവും ആത്മാർത്ഥവും വിശ്വസ്തവും കാരുണ്യപരവുമായ ചർച്ചകൾ ഞാൻ കേട്ടു, ഞാൻ പറയട്ടെ ... പത്രോസിന്റെ സംരക്ഷണയിൽ (sub tutela Petri) അവ വിശ്വാസത്തിന് ഒരു ഭീഷണിയല്ല." അദ്ദേഹം അടിവരയിട്ടു. ഒടുവിൽ, കുടിയേറ്റക്കാർക്കായി വിശൂദ്ധ പത്രോസിന്റെ ചത്വരത്തിൽ ഇന്നലെ രാത്രി നടന്ന പ്രാർത്ഥനയുടെ ചില വിശദാംശങ്ങളും കർദ്ദിനാൾ ചെർണി നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: