സിനഡാലിറ്റിയെക്കുറിച്ചുള്ള 16 മത് പൊതുസമ്മേളനത്തിന്റെ സമാപനത്തിൽ പാപ്പാ. സിനഡാലിറ്റിയെക്കുറിച്ചുള്ള 16 മത് പൊതുസമ്മേളനത്തിന്റെ സമാപനത്തിൽ പാപ്പാ.  (Vatican Media)

സിനഡിന്റെ സമന്വയ റിപ്പോർട്ട്: വിചിന്തനങ്ങളും നിർദ്ദേശങ്ങളും

ഒക്ടോബർ നാലാം തിയതി തുടങ്ങിയ സിനഡാലിറ്റിയെക്കുറിച്ചുള്ള 16 മത് പൊതുസമ്മേളനത്തിന്റെ സമാപനത്തിൽ അംഗീകരിച്ച് പ്രസിദ്ധീകരിച്ച സംഗ്രഹ റിപ്പോർട്ടിൽ ലോകത്തെ കുറിച്ചും സഭയെക്കുറിച്ചും അതിന്റെ തന്നെ ആവശ്യങ്ങളെക്കുറിച്ചും ഒരു നവീന വീക്ഷണമുണ്ട്. നാലാഴ്ചത്തെ ആഴമായ ചർച്ചകൾക്കു ശേഷമാണ് ഒക്ടോബർ 4ന് ആരംഭിച്ച സിനഡിന്റെ ആദ്യ സമ്മേളനം ശനിയാഴ്ച സമാപിച്ചത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സ്ത്രീകളുടെയും അൽമായരുടെയും ഭാഗഭാഗിത്വം, മെത്രാന്മാരുടെയും, വൈദികരുടെയും, ഡീക്കന്മാടെയും പ്രേഷിത ദൗത്യം, ദരിദ്രരുടേയും കുടിയേറ്റക്കാരുടെയും പ്രാധാന്യം, ഡിജിറ്റൽ പ്രേഷിതത്വം, എക്യുമേനിസം, ദുരുപയോഗം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് റിപ്പോർട്ട് പ്രതിപാദിക്കുന്നു. കൂടാതെ സ്ത്രീകളും അൽമായരും, ഡയക്കണൈറ്റ്, ദൗത്യവും സഭാ പ്രബോധനവും, സമാധാനവും പരിസ്ഥിതിയും, എക്യൂമെനിസവും, സ്വത്വവും, പുതിയ ഭാഷയും സംവിധാനങ്ങളും, പഴയതും പുതിയതുമായ ദൗത്യങ്ങൾ, ഡിജിറ്റൽ മേഖലകൾ ഉൾപ്പെടെ, സകലരേയും ശ്രവിക്കാനും, ഏറ്റം വിവാദമായ വിഷയങ്ങൾ ഉൾപ്പെടെ എല്ലാം ആഴത്തിൽ പരീക്ഷിക്കാനും സിനഡിന്റെ  സമന്വയ രേഖ ശുപാർശ ചെയ്യുന്നു.

40 പേജുകളുള്ള സമന്വയ രേഖ ആമുഖത്തിൽ തന്നെ  പഴയതും പുതിയതുമായ യുദ്ധങ്ങളും, അതിന്റെ പരിണതഫലങ്ങളായ ദരിദ്രരുടെ നിലവിളിയും നിർബന്ധിത കുടിയേറ്റവും അന്തരീക്ഷ മലിനീകരണവും മാധ്യമങ്ങളിലൂടെ മാത്രമല്ല സിനഡംഗങ്ങളിൽ നിന്നും ശ്രവിച്ചിരുന്നു എന്നു സൂചിപ്പിച്ചുകൊണ്ട് ഈ വെല്ലുവിളികളോടു മാത്രമല്ല മറ്റുള്ളവയോടും പ്രതികരിക്കാൻ സാർവ്വത്രിക സഭ ശ്രമിച്ചത് വിവരിക്കുകയും 3 ഭാഗങ്ങളോടും 2024 ലുള്ള സിനഡിന്റെ രണ്ടാം ഭാഗത്തിൽ ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ചും സിനഡിന്റെ സമന്വയ റിപ്പോർട്ടിൽ സൂചനകൾ നൽകുന്നുണ്ട്.

സകലരേയും ശ്രവിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന സഭ

സഭയിൽ നിന്നു തന്നെ ദുരുപയോഗത്തിനിരയായവരിൽ നിന്നു തുടങ്ങി ആരേയും ഒഴിവാക്കാതെ എല്ലാവരേയും ഉൾക്കൊള്ളാനും ശ്രവിക്കാനും ശ്രമിക്കുന്ന സഭയും അത്തരം ദുരുപയോഗത്തിന്റെ ഇനിയും  തുടരുന്ന സംവിധാനങ്ങളെ അഭിമുഖീകരിക്കാനും മൂർത്തമായ പ്രായശ്ചിത്തത്തിന്റെ അടയാളങ്ങൾ കാട്ടുകയും വേണം എന്ന് രേഖ അടിവരയിടുന്നു.

സിനഡൽ സഭയുടെ മുഖം

സിനഡാലിറ്റി എന്ന പദത്തിന്റെ പരിചയമില്ലായ്മ വിവിധ തരത്തിൽ തെറ്റിധാരണകൾ കൊണ്ടു വന്നുവെന്നതിനാൽ സിനഡൽ, സിനഡാലിറ്റി എന്നിവ " ഐക്യവും, ദൗത്യവും, പങ്കാളിത്വവും ഒരുമിപ്പിച്ചു കൊണ്ട് സഭ ആയിരിക്കുന്ന വിധത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും, അവ വൈവിധ്യങ്ങളെ വിലമതിച്ചും എല്ലാവരുടേയും സജീവമായ പങ്കാളിത്വം ഉറപ്പാക്കിക്കൊണ്ടും സഭ ജീവിക്കേണ്ട വഴിയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും രേഖ എടുത്തു പറയുന്നു. ഒരു സിനഡൽ സഭയ്ക്ക് ഡിക്കന്മാരുടെയും, വൈദീകരുടേയും, മെത്രാന്മാരുടെയും സ്വരം ഒഴിച്ചുകൂടാൻ കഴിയാത്തതാണ് എന്ന് ചൂണ്ടിക്കാണിക്കുന്ന രേഖ എന്നാൽ എന്തുകൊണ്ട് ഇവരിൽ ചിലർ സിനഡാലിറ്റിയെ എതിർക്കുന്നതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നും കൂട്ടിച്ചേർക്കുന്നു.

ദൗത്യം

സിനഡാലിറ്റിയും ദൗത്യവും ഒരുമിച്ചു മുന്നേറുന്ന യാഥാർത്ഥ്യങ്ങളാണ് എന്ന് രേഖ എടുത്തു പറയുന്നു. അതിന് മറ്റു മത സംസ്കാരങ്ങളുമായുള്ള ഐക്യദാർഢ്യം വഴി സ്വയം സൂചകരായുള്ള  നിലനിൽപ്പും, സ്വത്വ നാശവും എന്ന രണ്ടു പ്രധാന അപകടങ്ങൾ ഒഴിവാക്കി പുതിയ ഒരു അജപാലന രീതി പിൻതുടരാൻ രേഖ നിർദ്ദേശം വയ്ക്കുന്നു. ആരാധനാക്രമത്തിന്റെ ഭാഷയും വിശ്വാസികൾക്ക് പ്രാപ്യമേകുന്നതും സാംസ്കാരിക വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നവയുമാകണം.

ദരിദ്രർ

റിപ്പോർട്ടിൽ വലിയ ഒരു സ്ഥാനം കൈയടക്കുന്നത് ദരിദ്രരാണ്. "സഭയെ സംബന്ധിച്ചിടത്തോളം, ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരും ഒരു സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, ദാർശനിക വിഭാഗമാകുന്നതിനുമുമ്പേ ഒരു ദൈവശാസ്ത്രപരമായ വിഭാഗമാണ്" ഭൗതികമായി ദരിദ്രരായവർ  മാത്രമല്ല, കുടിയേറ്റക്കാരും ഈ വിഭാഗത്തിൽ പെടുന്നുവെന്ന് രേഖ ആവർത്തിക്കുന്നു. വിവിധ തരത്തിൽ തദ്ദേശവാസികൾ, അക്രമത്തിന്റെയും ദുരുപയോഗത്തിന്റെയും (പ്രത്യേകിച്ച് സ്ത്രീകൾ), അല്ലെങ്കിൽ വംശീയതയുടെയും കള്ളക്കടത്തിന്റെയും ഇരകൾ; ആസക്തിയുള്ള ആളുകൾ; ന്യൂനപക്ഷങ്ങൾ; ഉപേക്ഷിക്കപ്പെട്ട പ്രായമായവർ; ചൂഷണം ചെയ്യപ്പെട്ട തൊഴിലാളികൾ, "ദുർബലരിൽ ഏറ്റവും ദുർബലരായ ഗർഭസ്ഥ ശിശുക്കളും അവരുടെ അമ്മമാരേയും ഒക്കെ ഈ ഗണത്തിൽ രേഖ ഉൾക്കൊള്ളിക്കുന്നു. മാത്രമല്ല യുദ്ധങ്ങളും ഭീകരവാദവും സൃഷ്ടിക്കുന്ന 'പുതിയ ദരിദ്രരുടെ' മുറവിളി ശ്രവിക്കുന്ന സഭ  അത്തരം കലഹങ്ങൾക്ക് കാരണമാകുന്ന അഴിമതി നിറഞ്ഞ രാഷ്ട്രീയ, സാമ്പത്തിക സംവിധാനങ്ങളെ രേഖയിൽ അപലപിക്കുന്നു.

രാഷ്ട്രീയ, പൊതുനന്മയുടെ മേഖലകളിലുള്ള പ്രതിബദ്ധത

അനീതികളെ പരസ്യമായി അപലപിക്കാനും രാഷ്ട്രീയത്തിലും, സംഘടനകളിലും, ട്രേഡ് യൂണിയനുകൾ, ജനകീയ പ്രസ്ഥാനങ്ങൾ എന്നിവയിലും സജീവമായി ഇടപെടാനും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സഹായം എന്നീ മേഖലകളിൽ വിവേചനമില്ലാതെയും ആരെയും ഒഴിവാക്കാതെയുള്ള  സഭയുടെ സുദൃഢമായ പ്രവർത്തനം അവഗണിക്കരുതെന്നും രേഖ എടുത്തു പറയുന്നു.

അഭയാർത്ഥികളും കുടിയേറ്റക്കാരും

കുടിയേറ്റക്കാരിലും അഭയാർത്ഥികളിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് അവരിൽ പലരിലും യുദ്ധവും അക്രമവും കൊണ്ട് വേരോടെ പിഴുതെറിയപ്പെട്ടതിന്റെ മുറിവുകളുണ്ടെന്നും എന്നാൽ അവരെ സ്വാഗതം ചെയ്യുന്ന സമൂഹങ്ങൾക്ക് അഭയാർത്ഥികളും കുടിയേറ്റക്കാരും നവീകരണത്തിന്റെയും സമ്പന്നതയുടെയും ഉറവിടമായി മാറുക മാത്രമല്ല  ഭൂമിശാസ്ത്രപരമായി ദൂരത്തുള്ള  സഭകളുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനുള്ള അവസരവും നൽകുന്നുവെന്ന്  രേഖ ചൂണ്ടിക്കാണിക്കുന്നു. അവരോടു കാണിക്കുന്ന  വർദ്ധിച്ചുവരുന്ന ശത്രുതാപരമായ മനോഭാവത്തെ കുറിച്ചും എന്നാൽ ഒരു തുറന്ന സ്വാഗത മനോഭാവത്തോടെ  ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിൽ അവരോടൊപ്പം പങ്കുചേരാനും ജനങ്ങൾക്കിടയിൽ ഒരു യഥാർത്ഥ സാംസ്കാരിക ഐക്യം കെട്ടിപ്പടുക്കാനും സിനഡൽ  രേഖ ക്ഷണിക്കുന്നു. കുടിയേറ്റക്കാരുടെ ആരാധനാ പാരമ്പര്യങ്ങളോടും മതപരമായ ആചാരങ്ങളോടും ഭാഷയോടും ബഹുമാനം കാണിക്കാൻ ആവശ്യപ്പെടുന്ന  സിനഡ് അസംബ്ളി സുവിശേഷപ്രഘോഷണം  കോളനിവൽക്കരണവുമായോ, വംശഹത്യയുമായോ ബന്ധപ്പെട്ടു കാണേണ്ടി വരുമ്പോൾ  "മിഷൻ" ഒരു "വേദനാജനകമായ ചരിത്രത്തിന്റെ ഓർമ്മകളും" " ഇന്ന് ഐക്യത്തെ തടസ്സപ്പെടുത്തുന്നതുമാണ്" എന്ന ഖേദവും അടയാളപ്പെടുത്തുന്നു. അങ്ങനെ സിനഡ് സുവിശേഷവൽക്കരണത്തിന് വന്ന തെറ്റുകൾ അംഗീകരിക്കുകയും ഈ പ്രശ്നങ്ങളോടു ഒരു പുതിയ സംവേദനക്ഷമത കാണിക്കാൻ പഠിക്കുകയും വേണമെന്നും  രേഖ പറയുന്നു.

പൗരസ്ത്യ സഭകൾ

പൗരസ്ത്യ സഭകളിലെ പ്രാദേശിക ലത്തീൻ-അനുഷ്ഠാന സഭകൾക്ക് സ്വാംശീകരണ പ്രക്രിയകൾക്ക് വിധേയമാകാതെ സിനഡാലിറ്റിയുടെ പേരിൽ, കുടിയേറിപ്പാർത്ത പൗരസ്ത്യ വിശ്വാസികളെ അവരുടെ സ്വത്വം സംരക്ഷിക്കാനും അവരുടെ നിർദ്ദിഷ്ട പൈതൃകം വളർത്തിയെടുക്കാനും സഹായിക്കണം എന്ന് രേഖ ശുപാർശ ചെയ്യുന്നു.

വിദ്യാഭ്യാസം, കൂടിക്കാഴ്ച, സംവാദം

ഉറച്ച തീരുമാനത്തിലൂടെ വിദ്യാഭ്യാസ മേഖലയിലുള്ള ഇടപെടൽ വഴി സംവാദത്തിന്റെയും കൂടിക്കാഴ്ചയുടേയും സംസ്കാരത്തിലൂടെ  വംശീയതയെയും വംശീയ വിദ്വേഷത്തെയും ചെറുക്കാനും,  ഇടയ രൂപീകരണത്തിലൂടെ സഭയ്ക്കുള്ളിലും വംശീയ അനീതി സൃഷ്ടിക്കുകയോ നിലനിർത്തുകയോ ചെയ്യുന്ന സംവിധാനങ്ങൾ തിരിച്ചറിയേണ്ടതിന്റെ അടിയന്തിര ആവശ്യവും എടുത്തു പറയുന്നുണ്ട്.

എക്യുമെനിസം

വിവിധ ക്രൈസ്തവ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണങ്ങളിലൂടെ നടക്കുന്ന ഐക്യശ്രമങ്ങൾ വെറുപ്പിന്റെ സംസ്കാരം സുഖപ്പെടുത്തും. മിശ്രവിവാഹങ്ങൾ പരസ്പര സുവിശേഷവൽക്കരണത്തിനും ഇടയാക്കും എന്ന് ക്രൈസ്തവ ഐക്യത്തിന്റെ പാതയെക്കുറിച്ച് രേഖ വിവരിക്കുന്നു.

അൽമായരും കുടുംബങ്ങളും

രണ്ടാം ഭാഗത്തിൽ ജ്ഞാനസ്നാനം സ്വീകരിച്ച സകലരുടേയും അന്തസ്സിന്റെ തുല്യത ശക്തമായി ആവർത്തിച്ച് പറയുന്നുണ്ട്. സന്യസ്തരേയും, അഭിഷിക്തരേയും പോലെ അന്തസ്സിന് തുല്യ അവകാശികളാണ് അൽമായരും. സഭയുടെ വിവിധ തലങ്ങളിലുള്ള പ്രേഷിത ദൗത്യത്തിൽ കൂടുതൽ അൽമായരുടെ പങ്കാളിത്വമുള്ളതും രേഖ എടുത്തു പറയുന്നു.

വിശ്വാസത്തിന്റെ അധ്യാപകർ, ദൈവശാസ്ത്രജ്ഞർ, ആത്മീയ ആനിമേറ്റർമാർ, കാറ്റെക്കിസ്റ്റുകൾ, തുടങ്ങിയ നിലകളിലും സഭാഭരണത്തിലും അവരുടെ സജീവമായ  സംഭാവനകൾ സഭയുടെ ദൗത്യത്തിന് ഒഴിച്ചുകൂടാനാവാനില്ല. അതിനാൽ വ്യത്യസ്ത വ്യക്തി പ്രഭാവങ്ങളെ വിളിക്കുകയും അംഗീകരിക്കുകയും പൂർണ്ണമായി വിലമതിക്കുകയും വേണമെന്നും അവ അവഗണിക്കുകയോ ഉപയോഗശൂന്യമാക്കുകയോ പുരോഹിതവൽക്കരിക്കുകയോ ചെയ്യരുതെന്നും സംഗ്രഹ രേഖ ഓർമ്മിപ്പിക്കുന്നു.

സഭാ ജീവിതത്തിലും ദൗത്യത്തിലും സ്ത്രീകളുടെ പങ്ക്

സ്ത്രീകളെ അവരുടെ ജീവിതത്തിന്റെ എല്ലാത്തലങ്ങളിലും അനുധാവനം ചെയ്യാനും മനസ്സിലാക്കാനും വളരെ ശക്തമായി സഭയെ സിനഡ് രേഖ ആഹ്വാനം ചെയ്യുന്നു. സിനഡിൽ സന്നിഹിതരായ നിരവധി സ്ത്രീകൾ പുരോഹിതന്മാരുടെയും, മെത്രാന്മാരുടെയും പ്രവർത്തനത്തിന് അഗാധമായ നന്ദി പ്രകടിപ്പിച്ചു കൊണ്ടു തന്നെ മുറിവേൽപ്പിക്കുന്ന ഒരു സഭയെക്കുറിച്ചും സംസാരിച്ചതും പൗരോഹിത്യ മേധാവിത്വം സഭയുടെ മുഖത്തെ ഭയപ്പെടുത്തുകയും അതിന്റെ ഐക്യത്തെ നശിപ്പിക്കുകയും ചെയ്യുന്നതും ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ ഫലപ്രദമായ ഘടനാപരമായ മാറ്റത്തിന് അടിത്തറയായി അഗാധമായ ആത്മീയ പരിവർത്തനം ആവശ്യമാണ് എന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി കൊണ്ട് പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് സംവദിക്കുന്ന കീഴ്പ്പെടലും ഒഴിവാക്കലും മത്സരവുമില്ലാത്ത ഒരു സഭയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രോത്സാഹനം രേഖയിൽ കണ്ടെത്താം.

സ്ത്രീകൾക്ക് ഡയക്കോണേറ്റ് ?

സ്ത്രീകൾക്ക് ഡയക്കോണേറ്റ് നൽകുന്നതിനെകുറിച്ച് വന്ന വിവിധ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ റിപ്പോർട്ടിൽ പാപ്പാ പ്രത്യേകം രൂപീകരിച്ച കമ്മീഷനുകളുടെ ഫലങ്ങളും ഇതിനകം നടത്തിയ ദൈവശാസ്ത്രപരവും ചരിത്രപരവും ബാഹ്യവുമായ ഗവേഷണങ്ങളും ഉപയോഗിച്ച് "ഡയക്കോണേറ്റിലേക്കുള്ള സ്ത്രീകളുടെ പ്രവേശനത്തെക്കുറിച്ചുള്ള ദൈവശാസ്ത്രപരവും അജപാലനപരവുമായ ഗവേഷണം" തുടരാനും  "കഴിയുമെങ്കിൽ", "ഈ ഗവേഷണത്തിന്റെ ഫലങ്ങൾ സഭയുടെ അടുത്ത സെഷനിൽ അവതരിപ്പിക്കാനും സിനഡംഗങ്ങൾ ആവശ്യപ്പെട്ടു.

"സ്ത്രീകൾക്ക് തീരുമാനമെടുക്കുന്ന പ്രക്രിയകളിലും ഇടയ പരിപാലനത്തിലും ശുശ്രൂഷയിലും ഉത്തരവാദിത്തത്തോടെ പങ്ക് വഹിക്കാനും കഴിയും" എന്ന് ഉറപ്പാക്കേണ്ടതിന്റെ അടിയന്തിരതയും അതിനെ പിൻതുണയ്ക്കുന്ന കാനോൻ നിയമം പരിഷ്കരണവും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. സഭയിൽ ഉൾപ്പെടെ സ്ത്രീകളുടെ നേർക്കുള്ള  തൊഴിൽ വിവേചനത്തിന്റെയും അന്യായമായ പ്രതിഫലത്തിന്റെയും കാര്യങ്ങളും ദൈവശാസ്ത്ര വിദ്യാഭ്യാസത്തിലക്കും പരിശീലന പരിപാടികളിലേക്കും സ്ത്രീകളുടെ പ്രവേശനം വിപുലീകരിക്കാനും, ആരാധനാ ഗ്രന്ഥങ്ങളിലും സഭാ രേഖകളിലും എല്ലാവരേയും ഉൾക്കൊള്ളുന്ന ഭാഷയുടെ പ്രയോഗം  പ്രോത്സാഹിപ്പിക്കാനും, രേഖ നിർദ്ദേശം നൽകുന്നു.

സമർപ്പിത  ജീവിതത്തിന്റെ വൈവിധ്യവും, സമ്പന്നതയും അതോടൊപ്പം, അതിലെ "സംവാദത്തിന് ഇടമില്ലാത്ത സ്വേച്ഛാധിപത്യ ശൈലി തുടരുന്നതിനെതിരെ" രേഖമുന്നറിയിപ്പ് നൽകുന്നു. സന്യസ്തജീവിതത്തിലുള്ളവരും അൽമായ സംഘടനകളിലെ അംഗങ്ങളായ സ്ത്രീകളും അനുഭവിക്കുന്ന വിവിധ തരത്തിലുള്ള ദുരുപയോഗം അധികാരം പ്രയോഗിക്കുന്നതിലുള്ള ഗുരുതരമായ പ്രശ്നം മൂലമാണെന്ന് വിരൽ ചൂണ്ടി നിർണ്ണായകവും ഉചിതവുമായ ഇടപെടലുകൾ ആവശ്യപ്പെടുകയും ചെയ്തു.

വൈദീകമേധാവിത്വം

ദൈവജനത്തിന്റെ സേവനത്തിനായി ജീവിതം ചെലവഴിക്കുന്ന അഭിഷിക്തരായ സേവകർക്ക് നന്ദി പറയുന്ന റിപ്പോർട്ടിൽ വൈദീകമേധാവിത്വത്തെ വൈദിക വിളിയുടെ വൈകൃതം എന്നാണ് വിശേഷിപ്പിക്കുന്നത്.  "സ്വേച്ഛാധിപത്യ മനോഭാവത്തിലേക്ക് നയിക്കുന്ന ഔപചാരികതയുടെയും പ്രത്യയശാസ്ത്രത്തിന്റെയും അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും യഥാർത്ഥ ദൈവവിളിയുടെ വളർച്ചയെ തടസ്സപ്പെടുത്താതിരിക്കുന്നതിനും സെമിനാരികളും അവരുടെ രൂപീകരണ കോഴ്സുകളും സമൂഹത്തിന്റെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ബ്രഹ്മചര്യത്തെക്കുറിച്ച് സിനഡിന്റെ അന്തിമ റിപ്പോർട്ടിൽ അസംബ്ളിയിൽ ലഭിച്ച വിവിധ അഭിപ്രായങ്ങളെ സൂചിപ്പിച്ച ശേഷം ബഹ്മചര്യത്തിന്റെ മൂല്യം എല്ലാവരും വിലമതിച്ചു. എന്നാൽ വിവിധ അഭിപ്രായങ്ങളിലും ചർച്ചകളിലും പുതുതല്ല കൂടുതൽ ആഴത്തിലുള്ള പഠനമാവശ്യമുണ്ട് എന്ന തീരുമാനമാണ് കാണാൻ കഴിയുക.

വൈദീക രൂപീകരണം

രൂപീകരണത്തിൽ ഒരു സിനഡൽ രീതി ആവശപ്പെട്ടുകൊണ്ടാണ് റിപ്പോർട്ടിന്റെ മൂന്നാം ഭാഗം "ബന്ധത്തിലും ലൈംഗിക വിദ്യാഭ്യാസത്തിലും, വ്യക്തിപരവും ലൈംഗികവുമായ സ്വത്വത്തിൽ പക്വത പ്രാപിക്കുമ്പോൾ ചെറുപ്പക്കാരെ അനുഗമിക്കുന്നതിനും ബ്രഹ്മചര്യത്തിലേക്കും സമർപ്പിത ചാരിത്ര്യത്തിലേക്കും വിളിക്കപ്പെടുന്നവരുടെ പക്വതയെ പിന്തുണയ്ക്കുന്നതിനും" ശുപാർശ ചെയ്തുകൊണ്ട് ഒരു "സിനഡൽ സമീപനം" രൂപീകരിക്കാൻ രേഖ അഭ്യർത്ഥിക്കുന്നു. "സഭയ്ക്കുള്ളിൽ വിവാദപരമായ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കാൻ"  പ്രാപ്തമാക്കുന്നതിന് "മനുഷ്യശാസ്ത്രങ്ങൾ തമ്മിലുള്ള ചർച്ചകൾ" ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യം രേഖ ഊന്നിപ്പറയുന്നു - അതായത് മറ്റ് പ്രശ്നങ്ങൾക്കൊപ്പം, "സ്വത്വവും ലൈംഗികതയും, ജീവിതാവസാനം, സങ്കീർണ്ണമായ ദാമ്പത്യ സാഹചര്യങ്ങൾ, കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട ധാർമ്മിക പ്രശ്നങ്ങൾ" തുടങ്ങിയവപോലുള്ള വിഷയങ്ങൾ സമൂഹത്തിലും സഭയിലും പുതിയ ചോദ്യങ്ങൾ ഉയർത്തുന്ന വിവാദങ്ങളാണ്. "വ്യക്തികളെയും സഭയുടെ ശരീരത്തെയും വ്രണപ്പെടുത്തുന്ന ലളിതമായ വിധിന്യായങ്ങൾക്ക് വഴങ്ങാതെ ഈ പ്രതിഫലനത്തിന് ആവശ്യമായ സമയം എടുക്കുകയും അതിൽ നമ്മുടെ ഏറ്റവും മികച്ച ഊർജ്ജം നിക്ഷേപിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ് എന്ന്  റിപ്പോർട്ടിൽ പറയുന്നു. സഭാ പ്രബോധനങ്ങൾ ഇതിനകം തന്നെ ഈ കാര്യങ്ങളിൽ പലതിലും ദിശാബോധം നൽകുന്നു, പക്ഷേ ഈ പ്രബോധനങ്ങൾ  ഇനിയും  അജപാലനത്തിലേക്ക് വിവർത്തനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു എന്നും രേഖ വിരൽ ചൂണ്ടുന്നു.

ശ്രവണം

അതേ ആശങ്കയോടെ, " വിവാഹത്തിന്റെ അവസ്ഥ, സ്വത്വം അല്ലെങ്കിൽ ലൈംഗികത എന്നിവ കാരണം സഭയിൽ നിന്ന്പാ ർശ്വവത്കരിക്കപ്പെടുകയോ പുറന്തള്ളപ്പെടുകയോ ചെയ്യുന്ന ആളുകളെ" കേൾക്കാനും അനുധാവനം ചെയ്യുവാനുമുള്ള ക്ഷണം രേഖ നവീകരിച്ചു കൊണ്ട് "സഭയിൽ നിന്ന് വേദന അനുഭവിക്കുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നവരുടെ നേർക്ക്  സിനഡ് ആഴത്തിലുള്ള സ്നേഹവും കാരുണ്യവും അനുകമ്പയും പ്രകടിപ്പിച്ചു. അവർ സുരക്ഷിതത്വം അനുഭവിക്കാനും, അവരെ കേൾക്കാനും, ബഹുമാനിക്കാനും കഴിയുന്ന ഒരിടം നൽകാൻ  ആഗ്രഹിക്കുന്നു എന്ന് രേഖയിൽ അടയാളപ്പെടുത്തുന്നു.

ഡിജിറ്റൽ സംസ്കാരം

അവസാനമായി, സമന്വയ രേഖ ഡിജിറ്റൽ പരിതസ്ഥിതിയെക്കുറിച്ച് പരിഗണിക്കുന്നു. ആളുകൾ അവരുടെ സെൽ ഫോണുകളിലൂടെയും, ടാബ് ലെറ്റുകളിലൂടെയും പ്രവേശിക്കുന്ന ഇടങ്ങൾ ഉൾപ്പെടെ അർത്ഥവും സ്നേഹവും തേടുന്ന ഇന്നത്തെ സംസ്കാരത്തിലെ  എല്ലാ സ്ഥലങ്ങളിലും എത്തിച്ചേരേണ്ട ഉത്തരവാദിത്തം സഭയ്ക്കുണ്ടെന്ന്  രേഖ ഓർമ്മിപ്പിക്കുന്നു. ഇന്റർനെറ്റ്  തെറ്റായ വിവരങ്ങൾ, ലൈംഗിക ചൂഷണം, ആസക്തി എന്നിവ വഴി ഭീഷണിയും ദോഷവും പരിക്കും ഉണ്ടാക്കും. "ഓൺലൈൻ ഇടം സുരക്ഷിതമാണെന്നും ആത്മീയമായി ജീവൻ നൽകുന്നതുമാണന്ന് ഉറപ്പാക്കി  കുടുംബങ്ങളെ എങ്ങനെ പിന്തുണയ്ക്കാൻ കഴിയുമെന്ന് ക്രൈസ്തവ സമൂഹം അടിയന്തിരമായി പരിഗണിക്കേണ്ടതുണ്ട് എന്ന കാര്യവും റിപ്പോർട്ടിൽ സിനഡ് അസംബ്ളി ഉൾപ്പെടുത്തിയിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 October 2023, 14:11