പത്രസമ്മേളനത്തിൽ ഡോ.പൗളോ റുഫീനി സംസാരിക്കുന്നു പത്രസമ്മേളനത്തിൽ ഡോ.പൗളോ റുഫീനി സംസാരിക്കുന്നു  

സിനഡ്, "ഒരു ക്ലീഷേ അല്ല", മറിച്ച് ദൈനംദിന അനുഭവമാണ്

ഒക്ടോബർ മാസം പതിനാറാം തീയതി വൈകുന്നേരം സിനഡ് പ്രവർത്തനങ്ങളെ വിശദീകരിച്ചുകൊണ്ട് വത്തിക്കാൻ പത്രസമ്മേളന ശാലയിൽ ബ്രീഫിംഗ് നടന്നു. തദവസരത്തിൽ സിനഡ് അംഗങ്ങൾ ചർച്ച ചെയ്ത മിഷനറി പ്രവർത്തനങ്ങളും, മതാന്തര സംവാദവും, സഭാസേവനത്തിൽ സ്ത്രീകളുടെ പങ്കുമെല്ലാം എടുത്തു പറഞ്ഞു.

ഫെദെറിക്കോ പ്യാന, ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സിനഡാലിറ്റിയുടെ യഥാർത്ഥ അർത്ഥം, വൈവിധ്യത്തിന്റെ സമ്പന്നത, സഭയ്ക്കുള്ളിൽ സ്നാനമേറ്റ സ്ത്രീകളും പുരുഷന്മാരും വഹിക്കുന്ന പങ്ക്, മിഷനറി പ്രവർത്തനം, എക്യുമെനിസം, മതാന്തര സംവാദങ്ങൾ, സ്ത്രീകളുടെ ഡീക്കൻ പദവി, ഡിജിറ്റൽ പരിണാമത്തിന്റെ വീക്ഷണകോണിൽ സ്ത്രീകളുടെ പങ്ക്, അത്യാധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിൽ നിന്ന് പൂർണമായും വിച്ഛേദിക്കപ്പെട്ട ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലെ യുവജനങ്ങൾ തുടങ്ങിയ വൈവിധ്യങ്ങളും, കാലോചിതവുമായ ചർച്ചകൾക്കാണ് സിനഡ് വേദി സാക്ഷ്യം വഹിച്ചത്. 

സിനഡൽ ശാലയിൽ നടന്ന ഈ വിഷയങ്ങൾ സംബന്ധിച്ച ചർച്ചകളുടെ വിവരണങ്ങൾ വത്തിക്കാൻ വാർത്താസമ്മേളന ശാലയിൽ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ച്ചയിൽ അവതരിപ്പിച്ചു.

ചെറിയ സംഘങ്ങളുടെ പ്രാഥമിക റിപ്പോർട്ടുകൾ

സിനഡിലെ അംഗങ്ങളെ വിവിധങ്ങളായ ചെറിയ സംഘംഗങ്ങളായി തിരിച്ചുകൊണ്ടാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്. വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ 150 ആം വാർഷികത്തോടനുബന്ധിച്ച് സമർപ്പിക്കപ്പെട്ട ഫ്രാൻസിസ് പാപ്പായുടെ ഏറ്റവും പുതിയ അപ്പസ്തോലിക്ക പ്രബോധനമായ ഇതാണ് വിശ്വാസത്തിനു നന്ദിയർപ്പിച്ചുകൊണ്ടാണ് അംഗങ്ങൾ റിപ്പോർട്ടുകൾ സമർപ്പിച്ചതെന്ന് കമ്മ്യൂണിക്കേഷൻ ഡിക്കസ്റ്ററിയുടെ പ്രീഫക്റ്റും, സിനഡിന്റെ വാർത്താവിനിമയ വിഭാഗത്തിന്റെ തലവനുമായ ഡോ. പൗളോ റുഫിനി അറിയിച്ചു. കൂടാതെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ സ്ഥാനരോഹനത്തിന്റെ വാർഷികവും, സിനഡിലെ ചില അംഗങ്ങളുടെ ജീവിതത്തിലെ പ്രധാന ആഘോഷങ്ങളും നിറഞ്ഞ കരഘോഷത്തോടെയാണ് പോൾ ആറാമൻ ശാലയിൽ കൊണ്ടാടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ സിനഡിൽ ഇത് വരെ നടത്തിയ മറ്റുള്ളവരെ ശ്രവിക്കുവാനുള്ള പരിശ്രമങ്ങളും, യാത്രയും പത്രസമ്മേളനത്തിൽ എടുത്തു പറഞ്ഞു.

സിനഡാലിറ്റി ക്ലീഷേ അല്ല

ശ്രീലങ്കയിൽ നിന്നുള്ള ദൈവശാസ്ത്രജ്ഞനായഫാദർ വിമൽ തിരിമണ്ണ,സിനഡിലെ തന്റെ അനുഭവങ്ങളെ മുൻനിർത്തി സംസാരിച്ചു. എപ്പോഴും പറയുന്നത് തന്നെ വീണ്ടും പറയുന്ന ഒരു ക്ളീഷേ സിനഡ് ആണ് ഇതെന്ന് കരുതിയ തനിക്ക് ഇപ്പോഴാണ് ഈ സിനഡിന്റെ ശരിയായ അർത്ഥം അതിന്റെ ഓരോ നിമിഷത്തിലും ഉൾച്ചേർന്നിരിക്കുന്നുവെന്ന് മനസിലായതെന്ന് എടുത്തുപറഞ്ഞു. ലളിതമായി പറഞ്ഞാൽ സിനഡൽ ശാലയിലെ മേശകളുടെ ക്രമീകരണത്തിൽ പോലും സിനഡിന്റെ മഹനീയത അടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിരമിഡിന് പകരം എല്ലാവരും ഒരേ രീതിയിൽ മേശയ്ക്ക് ചുറ്റും ഇരിക്കുന്നത് കാണുമ്പോൾ, രണ്ടാം വത്തിക്കാൻ സൂനഹദോസ് വിഭാവന ചെയ്ത സഭ യഥാർഥ്യമായതു പോലെ തോന്നുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലെസ്ഡ് വിർജിൻ മേരിയിലെ അംഗവും, ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്സ് ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ സിസ്റ്റർ പട്രീഷ്യ മുറെ സംസാരിച്ചു.ഇരുപത് വർഷമായി ഞാൻ, എന്റെ സഭയിൽ, യേശുവിനെ കേന്ദ്രമാക്കി മറ്റുള്ളവരെ ശ്രവിച്ചുകൊണ്ട് സിനഡാലിറ്റി പരീക്ഷിച്ചുവരികയാണ്. ഈ രീതി സുന്നഹദോസിന്റെ സ്വന്തം ആയിത്തീർന്നതും സഭയിലുടനീളം അതിന്റെ പ്രചാരം നേടുന്നതും കാണുമ്പോൾ ഞാൻ ആവേശഭരിതയാണ്, സിസ്റ്റർ പറഞ്ഞു.മറ്റു രാജ്യങ്ങളിൽ നിന്നും സംസ്‌കാരങ്ങളിൽ നിന്നുമുള്ള സഹോദരങ്ങളിൽ നിന്നും വരുന്ന അനുഭവസാക്ഷ്യങ്ങൾ കേൾക്കുമ്പോഴും പരിശോധിക്കുമ്പോഴും, എത്രയോ അധികമായി ഇനിയും പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുന്നുവെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.

അപ്പസ്തോലിക പ്രബോധനം ഒരു വഴികാട്ടി

തുടർന്ന് പ്രാഗിലെ സഹായ മെത്രാനായ മോൺസിഞ്ഞോർ സെഡെനെക് വസർബൗവറെയും സംസാരിച്ചു. കൂടുതലായി അപ്പസ്തോലിക്ക പ്രബോധനത്തിന്റെ പ്രധാന്യമാണ് അദ്ദേഹം എടുത്തു പറഞ്ഞത്. വിശുദ്ധ കൊച്ചുത്രേസ്യയെ ഇരുട്ടിനെ പ്രകാശിപ്പിക്കുന്ന വെളിച്ചം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സിനഡിന്റെ ജീവിതത്തിനും  ഈ പ്രബോധനം നന്മയിലേക്കുള്ള ഒരു ദിശ പ്രദാനം ചെയ്യുന്നുണ്ട്. കൊച്ചുത്രേസ്യയുടെ ജീവിതത്തിലെ 'ദൗത്യം' എന്ന വാക്ക് ഈ സിനഡിന് ഏറെ പ്രധാന്യമുള്ളതാണെന്നും അദ്ദേഹം അടിവരയിട്ടു.മറ്റുള്ളവരുടെ ആത്മാക്കളുടെ രക്ഷ ഏറെ ആഗ്രഹിച്ചുകൊണ്ടാണ് വിശുദ്ധ കൊച്ചുത്രേസ്യ കാർമൽ മഠത്തിൽ പ്രവേശിച്ചത് അതുപോലെ മറ്റുള്ളവരുടെ രക്ഷയ്ക്കായി എല്ലാ ദിവസവും സിനഡൽ ശാലയിൽ ഒത്തുകൂടുന്ന അംഗങ്ങൾക്ക് ഈ പ്രബോധനം ഒരു വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.മൂന്നാം സഹസ്രാബ്ദത്തിലെ സഭ  അന്ധകാരത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ചിലരെങ്കിലും പറയുന്നുണ്ട്: എന്നാൽ ഈ  സിനഡ് ഇരുട്ടിനെ പ്രകാശിപ്പിക്കുന്ന ഒരു വെളിച്ചമാണ്, മോൺസിഞ്ഞോർ സെഡെനെക് കൂട്ടിച്ചേർത്തു.

വിവിധങ്ങളായ ചർച്ചകൾ

തുടർന്ന് മാധ്യമ പ്രവർത്തകരിൽ ഒരാൾ LGBT+ ആളുകളുടെ വേദന ചർച്ച ചെയ്തിട്ടുണ്ടോ ഇല്ലയോ? എന്ന ചോദ്യത്തിന് സിസ്റ്റർ മുറെ അവർക്കുണ്ടായ വേദനകളിൽ ചർച്ചകൾ നടന്നിട്ടുണ്ടെന്നും, ആരാധനാക്രമത്തിലും, അജപാലനപരവുമായ കാര്യങ്ങളിൽ എപ്രകാരം  അവബോധം ഉണ്ടാകുവാൻ ചർച്ചകൾ നടക്കുന്നുവെന്നും പറഞ്ഞു. തുടർന്ന് സ്വവർഗ ദമ്പതികൾക്കുള്ള ആശീർവാദം  എന്ന വിഷയം അഭിസംബോധന ചെയ്‌തിട്ടുണ്ടോ എന്ന ചോദ്യത്തിന്, കേന്ദ്രീകൃതമായ ഒരു വിഷയമല്ല അതെന്നും,   നിയുക്ത ശുശ്രൂഷകൾ, ദരിദ്രർക്കുള്ള മുൻഗണന, കൊളോണിയലിസം എന്നിവയെക്കുറിച്ചാണ് കൂടുതൽ ചർച്ചകൾ നടക്കുന്നതെന്നും ഡോ.പൗളോ റുഫീനിയും വിശദീകരിച്ചു.അവസാനം ചൈനയിൽ നിന്നുള്ള മെത്രാന്മാരുടെ മടക്കയാത്രയെ പറ്റിയും ഡോ.പൗളോ അറിയിച്ചു.അജപാലനകരമായ കാര്യങ്ങളാൽ അവർക്ക്  സിനഡിൽ തുടരാൻ സാധിക്കുകയില്ലെന്നും, മടങ്ങിപോകേണ്ടതായി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2023, 14:20