സമാധാനദൗത്യവുമായി കർദ്ദിനാൾ ക്രയേവ്സ്കി വിശുദ്ധ നാട്ടിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശുദ്ധനാട്ടിലെ ജനങ്ങളോടുള്ള ഫ്രാൻസീസ് പാപ്പായുടെ സാമീപ്യം അനുഭവവേദ്യമാക്കുന്നതിന് പാപ്പായുടെ പ്രത്യേക ദൂതനായി അവിടെ വെള്ളിയാഴ്ച (22/12/23) എത്തിയ കർദ്ദിനാൾ കൊൺറാഡ് ക്രയേവസ്ക്കി ആദ്യദിനത്തിൽ ബത്ലഹേമിലെ തിരുപ്പിറവിയുടെ ദേവാലയത്തിൽ പ്രാർത്ഥിക്കുകയും മൂന്നു അനാഥാലയങ്ങൾ സന്ദർശിക്കുകയും ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട ഏതാനും യുവതീയുവാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സെമിനാരി സന്ദർശിക്കുകയും ചെയ്തു.
അനാഥാലയങ്ങൾക്ക് ഫ്രാൻസീസ് പാപ്പായുടെ വക സമൂർത്തസഹായം താൻ കൈമാറിയെന്നും ദുഃഖസാന്ദ്രമായ ഹൃദയത്തോടെയായിരുന്നു തങ്ങൾ പ്രാർത്ഥനയിൽ ചിലവഴിച്ചതെങ്കിലും പ്രത്യാശാഭരിതമായിരുന്നു അതെന്നും പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്കായുള്ള വിഭാഗത്തിൻറെ ചുമതല വഹിക്കുന്ന അദ്ദേഹം തൻറെ യാത്രയിലെ ആദ്യാനുഭവങ്ങൾ വത്തിക്കാൻറെ മാദ്ധ്യമവിഭാഗവുമായി പങ്കുവയ്ക്കവെ വെളിപ്പെടുത്തി.
ഗാസയിൽ നരകതുല്യമായ ഒരു ജീവിതാവസ്ഥ സംജാതമായിരിക്കയാണെന്നും, ജലം, വൈദ്യുതി തുടങ്ങിയവയുടെ അഭാവം ശക്തമാണെന്നും കർദ്ദിനാൾ ക്രയേവ്സ്കി പറഞ്ഞു. സഹായം ഏതു രീതിയിൽ വർദ്ധമാനമാക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് പ്രാദേശിക ഗ്രീക്ക്കത്തോലിക്കാ മെത്രാനുമായി താൻ ചർച്ചചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ബത്ലഹേമിൽ ഇക്കൊല്ലം ദീപങ്ങളില്ലാത്ത തിരുപ്പിറവിത്തിരുന്നാളിൽ താപം പകരുകയും ദിശകാട്ടുകയും ചെയ്യുന്ന ഏക ദീപം സാമീപ്യം ആണെന്ന് കർദ്ദിനാൾ ക്രയേവ്സ്ക്കി പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: