വർഷാന്ത്യ-വർഷാരംഭ തിരുക്കർമ്മങ്ങൾ വത്തിക്കാനിൽ !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാനിൽ, വർഷാന്ത്യ വർഷാരംഭ തിരുക്കർമ്മങ്ങൾക്ക് മാർപ്പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കും.
2023-ൻറെ അവസാനദിനമായി ഡിസമ്പർ 31-ന് ഞായറാഴ്ച വൈകുന്നേരം, റോമിലെ സമയം 5 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 9.30-ന് ആയിരിക്കും ഫ്രാൻസീസ് പാപ്പാ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ സായാഹ്നപ്രാർത്ഥനയോടുകൂടിയ കൃതജ്ഞതാപ്രകാശന തിരുക്കർമ്മം ആരംഭിക്കുക.
വത്തിക്കാനിൽ നിന്നു ഇരുന്നൂറ്റയറുപതിലേറെ കിലോമീറ്റർ തെക്കുമാറി മോന്തെവേർജിനെ എന്ന സ്ഥലത്തുള്ള ആശ്രമത്തിൽ സൂക്ഷിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിൻറെ തിരുച്ചിത്രം, അതായത്, ഉണ്ണിയേശുവിനെ മുലയൂട്ടുന്ന മാതാവിൻറെ ചിത്രം, വർഷാന്ത്യ വർഷാരംഭ തിരുക്കർമ്മങ്ങളോടനുബന്ധിച്ച്, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വണക്കത്തിനായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ഗ്വൽത്തിയേരൊ എന്ന ചിത്രകാരൻറെ കരവേലയാണിത്. 12-ാം നൂറ്റാണ്ടിനും 13-ാം നൂറ്റാണ്ടിനും മദ്ധ്യേയാണ് ഈ ചിത്രത്തിൻറെ രചനാകാലം എന്നു കരുതപ്പെടുന്നു.
പരിശുദ്ധ ദൈവമാതാവിൻറെ തിരുന്നാൾ ദിനവും വിശ്വശാന്തി ദിനവും ആയ പുതുവത്സര ദിനത്തിൽ പാപ്പാ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ സാഘോഷമായ സമൂഹദിവ്യബലി അർപ്പിക്കും. ഒന്നാം തീയതി തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30-ന് ആയിരിക്കും വിശുദ്ധ കുർബ്ബാന ആരംഭിക്കുക. 24 കർദ്ദിനാളന്മാരും 16 മെത്രാന്മാരും 200 വൈദികരും സഹകാർമ്മികരായിരിക്കും.
ഉണ്ണിയേശുവിനെ മുലയൂട്ടുന്ന മാതാവിൻറെ തിരുച്ചിത്രം, ഈ തിരുക്കർമ്മ വേളയിലും ബസിലിക്കയിൽ ഉണ്ടായിരിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: