വിശ്വാസ കാര്യങ്ങൾക്കായുള്ള വിഭാഗത്തിൻറെ കാര്യാലയം വിശ്വാസ കാര്യങ്ങൾക്കായുള്ള വിഭാഗത്തിൻറെ കാര്യാലയം  

ആശീർവ്വാദങ്ങളുടെ അജപാലനപരമായ അർത്ഥത്തെ സംബന്ധിച്ച പ്രഖ്യാപനം !

‘ഫിദൂച്ച സുപ്ലീക്കൻസ്’: ആശീർവ്വാദങ്ങളുടെ അജപാലനപരമായ അർത്ഥത്തെ സംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ചയാണ് (18/12/23) പുറപ്പെടുവിക്കപ്പെട്ടത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആശീർവ്വാദങ്ങളുടെ അജപാലനപരമായ അർത്ഥത്തെ സംബന്ധിച്ച ഒരു  പ്രഖ്യാപനം വിശ്വാസകാര്യങ്ങൾക്കായുള്ള റോമൻകൂരിയാവിഭാഗം പുറപ്പെടുവിച്ചു.

‘ഫിദൂച്ച സുപ്ലീക്കൻസ്’ (Fiducia supplicans) എന്ന ലത്തീൻ നാമം പേറുന്ന ഈ പ്രഖ്യാപനം തിങ്കളാഴ്ചയാണ് (18/12/23) പരസ്യപ്പെടുത്തിയത്.

ഇക്കഴിഞ്ഞ വർഷങ്ങളിൽ വിശ്വാസകാര്യങ്ങൾക്കായുള്ള വിഭാഗത്തിനു ലഭിച്ച വിവിധങ്ങളായ ചോദ്യങ്ങളുടെ വെളിച്ചത്തിൽ വിദഗ്ദ്ധരുമായുള്ള ചർച്ചകളുൾപ്പടെയുള്ള നിരവധി കൂടിയാലോചനകൾക്കും മാർപ്പാപ്പായുമായുള്ള ചർച്ചകൾക്കും ശേഷമാണ് ഈ പ്രഖ്യാപനം തയ്യാറാക്കി പാപ്പായ്ക്ക് സമർപ്പിക്കുകയും അതിന് പാപ്പായുടെ അംഗീകാരം ലഭിക്കുകയും ചെയ്തതെന്ന് വിശ്വാസകാര്യവിഭാഗ മേധാവി കർദ്ദിനാൾ വിക്ടർ മനുവേൽ ഫെർണാണ്ടസ് ഈ പ്രഖ്യാപനത്തിൻറെ അവതാരികയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആശീർവ്വാദങ്ങളുടെ അജപാലനപരമായ പൊരുളിന് തനതും നൂതനവുമായ ഒരു സംഭാവനയേകുകയും ആരാധനാക്രമ വീക്ഷണവുമായി അടുത്ത ബന്ധമുള്ള ആശീർവ്വാദങ്ങളെക്കുറിച്ചുള്ള സാമാന്യ ധാരണയെ കൂടുതൽ വിശാലവും സമ്പന്നവുമാക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് ഈ പ്രഖ്യാനത്തിൻറെ മൂല്യമെന്നും അദ്ദേഹം പറയുന്നു.

ക്രമവിരുദ്ധ അവസ്ഥകളിലുള്ള ദമ്പതികൾക്കും സ്വവർഗ്ഗദമ്പതികൾക്കും അനുഗ്രഹം നല്കുന്നതിനെക്കുറിച്ചും ഈ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രമവിരുദ്ധസാഹചര്യങ്ങളിലുള്ള ദമ്പതികളുടെയും സ്വവർഗ്ഗദമ്പതികളുടെയും അവസ്ഥയെ ഔദ്യോഗികമായി സാധൂകരിക്കുകയോ വിവാഹത്തെക്കുറിച്ചുള്ള സഭയുടെ ശാശ്വത പ്രബോധനങ്ങളിൽ ഏതെങ്കിലും വിധത്തിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യാതെ അവരെ ആശീർവ്വദിക്കുന്നതിനുള്ള സാദ്ധ്യത ഈ പ്രഖ്യാപനം നല്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 December 2023, 18:19