തിരയുക

വിശ്വാസതിരുസംഘത്തിന്റെ ഓഫീസ് വിശ്വാസതിരുസംഘത്തിന്റെ ഓഫീസ് 

വിവാഹമെന്ന കൂദാശ സംബന്ധിച്ച കത്തോലിക്കാപ്രമാണങ്ങൾ മാറ്റമില്ലാതെ തുടരും: വിശ്വാസതിരുസംഘം

വിശ്വാസകാര്യങ്ങൾക്കായുള്ള റോമൻ ഡികാസ്റ്ററി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്ന "ഫിദൂച്യ സൂപ്പ്ളിക്കൻസ്" (Fiducia supplicans) എന്ന രേഖയെക്കുറിച്ച് ഉയർന്നുവന്ന വിവിധ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ, വിശ്വാസതിരുസംഘം പുതിയ ഒരു പ്രസ്‌താവന പുറത്തുവിട്ടു. വിവാഹം സംബന്ധിച്ച കത്തോലിക്കാപ്രമാണങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും, അജപാലനപരമായി നൽകുന്ന അനുഗ്രഹത്തെ കൗദാശികമോ, ആചാരപരമോ ആയി കണക്കാക്കാനാകില്ലെന്നും വിശ്വാസതിരുസംഘം ആവർത്തിച്ചു വ്യക്തമാക്കി.

വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ ഡിസംബർ 18-ന് വിശ്വാസതിരുസംഘം, ക്രമവിരുദ്ധ അവസ്ഥകളിലുള്ള ദമ്പതികൾക്ക് ആശീർവാദം നൽകുന്നതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പുറത്തുവിട്ട "ഫിദൂച്യ സൂപ്പ്ളിക്കൻസ്" (Fiducia supplicans) എന്ന രേഖയെക്കുറിച്ച് ഉയർന്നുവന്ന വിവിധ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ, ഡികാസ്റ്ററിയുടെ അദ്ധ്യക്ഷനും സെക്രട്ടറിയും ഇതുസംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങളുമായി പുതിയ ഒരു പ്രസ്‌താവന ജനുവരി 4 വ്യാഴാഴ്ച പുറത്തുവിട്ടു. മുൻ രേഖയിൽ വിശദീകരിച്ചിരുന്നതുപോലെതന്നെ, വിവാഹം സംബന്ധിച്ച സഭയുടെ ഉദ്ബോധനത്തിലോ പ്രമാണത്തിലോ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന പ്രസ്‌താവന ഡികാസ്റ്ററി വീണ്ടും ആവർത്തിച്ചു. ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവേൽ ഫെർണാണ്ടസും, സെക്രെട്ടറി മോൺസിഞ്ഞോർ അർമാന്തോ മത്തെയോയും ഒപ്പിട്ട പുതിയ പത്രക്കുറിപ്പിൽ, വിവാഹവും ലൈംഗികതയും സംബന്ധിച്ച സഭാപരമായ നിലപാടിൽ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നത് ഇരുവരും വിശദീകരിച്ചു. സംശയങ്ങൾക്കിടനൽകാത്ത വിധത്തിലാണ് "ഫിദൂച്യ സൂപ്പ്ളിക്കൻസ്" എന്ന രേഖ ഡികാസ്റ്ററി പുറത്തുവിട്ടിരുന്നതെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി.

വിവാഹത്തിലൂടെ പുരുഷനും സ്ത്രീയും ഒരുമിച്ചു ചേരുന്ന ബന്ധത്തെയാണ് വിവാഹമെന്ന കൂദാശ എന്നതിലൂടെ സഭ ഇപ്പോഴും മുന്നോട്ടുവയ്ക്കുന്നതെന്ന്, വിശ്വാസവുമായി ബന്ധപ്പെട്ട മുൻരേഖയുടെ ആമുഖത്തിന്റെ 4, 5, 11 ഖണ്ഡികകളിൽ വ്യക്തമാണെന്ന് ഡികാസ്റ്ററി ഓർമ്മപ്പെടുത്തി. സഭാപാരമ്പര്യത്തിൽനിന്ന് വ്യത്യസ്തമായതൊന്നും "ഫിദൂച്യ സൂപ്പ്ളിക്കൻസ്" പഠിപ്പിക്കുന്നില്ലെന്നും വിശ്വാസതിരുസംഘം കൂട്ടിച്ചേർത്തു.

ക്രമവിരുദ്ധ അവസ്ഥകളിലുള്ള ദമ്പതികളുടെ ബന്ധത്തെയല്ല സഭ ആശീർവദിക്കുന്നതെന്ന് ഡികാസ്റ്ററിയുടെ പത്രക്കുറിപ്പ് അവർത്തിച്ചുവ്യക്തമാക്കി. ലളിതവും, ചെറുതുമായ അജപാലന ആശീർവാദം വ്യക്തികൾക്ക് നൽകുന്നതിനെക്കുറിച്ചാണ് സഭ പഠിപ്പിച്ചതെന്നും വിശ്വസതിരുസംഘം വിശദീകരിച്ചു. ഇത്തരം ആശീർവാദങ്ങൾ ആരാധനാക്രമപരമായ ഘടനയില്ലാത്തതാണെന്നും, ക്രമവിരുദ്ധമായ വിവാഹത്തെ അവ ന്യായീകരിക്കുന്നില്ലെന്നും  പത്രക്കുറിപ്പ് വ്യക്തമാക്കി.

ഇത്തരം അജപാലനപരമായ ആശീർവാദം നൽകുന്നത് സംബന്ധിച്ച് ഓരോ മെത്രാന്മാർക്കും തങ്ങളുടെ അജപാലനയിടങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുത്ത് വിവേചനാധികാരമുണ്ടെന്നും ഡികാസ്റ്ററി വിശദീകരിച്ചു. വ്യത്യസ്ത ഇടങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുത്ത്, അവ പ്രയോഗികമാക്കുവാൻ സമയം ആവശ്യമായി വന്നേക്കാം. എന്നാൽ ഇത്തരം ഒരു പദ്ധതിയെ പൂർണ്ണമായും തള്ളിക്കളയുന്ന നയങ്ങൾ സ്വീകാര്യമല്ലെന്നും വിശ്വാസതിരുസംഘം ഓർമ്മിപ്പിച്ചു. 

സ്വവർഗ്ഗരതി ജീവിക്കുന്നവരെ ശിക്ഷിക്കുന്ന നിയമവ്യവസ്ഥ നിലവിലിരിക്കുന്ന ഇടങ്ങളിൽ, അത്തരം ആളുകൾക്ക് ആശീർവാദം നൽകുന്നത് അവിവേകപൂർണ്ണമാണെന്നതും ഡികാസ്റ്ററി ചൂണ്ടിക്കാട്ടി. എന്നാൽ പാപ്പാ അംഗീകരിച്ച് ഒപ്പിട്ട ഒരു പ്രഖ്യാപനത്തിൽനിന്ന് വ്യത്യസ്തമായ ഒരു നയം മെത്രാൻസമിതികൾ സ്വീകരിക്കാൻ പാടില്ലെന്നും പത്രക്കുറിപ്പിലൂടെ ഡികാസ്റ്ററി ഉദ്‌ബോധിപ്പിച്ചു.

ക്രമവിരുദ്ധവിരുദ്ധ വിവാഹത്തിൽ ഏറെപ്പട്ടിരിക്കുന്നവരെ ആരാധനാക്രമപരമായോ, ആചാരപരമായോ അനുഗ്രഹിക്കുക എന്നതല്ല, അവർക്ക് നൽകാവുന്ന അജപാലനപരമായ ആശീർവാദം എന്ന ആശയമാണ് "ഫിദൂച്യ സൂപ്പ്ളിക്കൻസ്" കൊണ്ടുവന്നതെന്ന് വിശ്വസതിരുസംഘം ഓർമ്മിപ്പിച്ചു. ഇതുവഴി, ക്രമവിരുദ്ധവിവാഹബന്ധത്തിലേർപ്പെട്ടിരിക്കുന്നവരുടെ പ്രവൃത്തികളെ ന്യായീകരിക്കുകയോ, അവർ നയിക്കുന്ന ജീവിതത്തെ അംഗീകരിക്കുകയോ അല്ല സഭ ലക്ഷ്യമാക്കുന്നത്. അവരുടെ ബന്ധത്തെ വിവാഹമായി സഭ അംഗീകരിക്കുകയല്ല, അജപാലനപരവും ലളിതവുമായ ഒരു ആശീർവാദം വഴി സഭ ചെയ്യുന്നത്. ദൈവസഹായം ആവശ്യപ്പെടുന്ന രണ്ടു വ്യക്തികൾക്ക് ഒരു ഇടയൻ നൽകുന്ന മറുപടി മാത്രമാണ് ഇത്തരത്തിലുള്ള ആശീർവാദം കൊണ്ട് സഭ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ, ആരാധനാക്രമപരമായ ഒരു ചടങ്ങായി തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിൽ ഇത് ഒരു രൂപതകളിലും നടത്താൻ മെത്രാന്മാർ ശ്രമിക്കരുതെന്നും മനസ്സിലാക്കേണ്ടതുണ്ട്. കൗദാശികമായ യാതൊരു അർത്ഥവും ഇത്തരം ആശീർവാദങ്ങൾക്കില്ലെന്ന് ഡികാസ്റ്ററി വ്യക്തമാക്കുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 January 2024, 13:49