തിരയുക

ജൂബിലി ലോഗോ ജൂബിലി ലോഗോ   (AFP or licensors)

ജൂബിലിക്കൊരുക്കമായി സമർപ്പിത പ്രതിനിധി സമ്മേളനം റോമിൽ

2025 ലെ ജൂബിലി വർഷത്തിനുള്ള തയാറെടുപ്പുകൾക്കായി ലോകമെമ്പാടുമുള്ള സമർപ്പിതരുടെ പ്രതിനിധിസമ്മേളനം ഫെബ്രുവരി മാസം ഒന്ന് മുതൽ നാലുവരെ റോമിൽ വച്ച് നടക്കുന്നു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

2025 ലെ ജൂബിലി വർഷത്തിനുള്ള തയാറെടുപ്പുകൾക്കായി ലോകമെമ്പാടുമുള്ള സമർപ്പിതരുടെ പ്രതിനിധിസമ്മേളനം ഫെബ്രുവരി മാസം ഒന്ന് മുതൽ നാലുവരെ റോമിൽ വച്ച് നടക്കുന്നു.സമർപ്പിത സമൂഹങ്ങൾക്കും , അപ്പസ്തോലിക  ജീവിത സമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്ട്രിയുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. അറുപതിലധികം രാജ്യങ്ങളിൽനിന്നുമുള്ള മുന്നൂറിലധികം പ്രതിനിധികളാണ് സമ്മേനത്തിൽ ഭാഗമാകുന്നത്.

2025 ലെ ജൂബിലി സമ്മേളനത്തിനു ഓരോ രാജ്യങ്ങളിലെയും സമർപ്പിതരെ ഒരുക്കുവാൻ ഈ പ്രതിനിധിസമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രമാണങ്ങളും, സംവാദങ്ങളും, പരസ്പരമുള്ള ബന്ധങ്ങളും സഹായകരമാകുമെന്ന് സംഘാടകർ പത്രക്കുറിപ്പിൽ എടുത്തു പറയുന്നു.

"പ്രത്യാശയുടെ തീർത്ഥാടകർ, സമാധാനത്തിൻ്റെ വഴിയിൽ" എന്നതാണ് സമർപ്പിതസഹോദരങ്ങൾക്കായുള്ള   ജൂബിലിയുടെ പ്രമേയം.2025 ഒക്ടോബർ 8-9 തീയതികളിലാണ് റോമിൽ വച്ചു ജൂബിലി സമ്മേളനം നടക്കുന്നത്. സമാധാനത്തിനായുള്ള വഴികൾ സൃഷ്ടിക്കുവാനുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനമനുസരിച്ചാണ് ഈ പ്രമേയം സമർപ്പിതർക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

എല്ലാ മനുഷ്യരാശിയും ആഗ്രഹിക്കുന്ന, പുനർജന്മത്തിൻ്റെ അടയാളമായി പ്രതീക്ഷയുടെയും വിശ്വാസത്തിൻ്റെയും അന്തരീക്ഷമാണ് ജൂബിലി യാത്ര അതിനാൽ പ്രത്യാശയോടെ നമ്മുടെ സേവനങ്ങൾ മറ്റുള്ളവർക്കായി സമർപ്പിക്കാമെന്ന്, ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോവോ ബ്രാസ് ഡെ ആഹ്വാനം ചെയ്തു.

ഫെബ്രുവരി ഒന്ന് മുതൽ നാലുവരെ നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ ഓരോ ദിവസങ്ങൾക്കായും പ്രധാനമായും നാലു പ്രമേയങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്: പ്രതീക്ഷയിൽ വിശ്വസിക്കുക, ഉപവിയിൽ  വളരുക, വിശ്വാസത്തിൽ ശക്തിപ്പെടുക, പ്രതീക്ഷയ്ക്കു സാക്ഷ്യം വഹിക്കുക.

സമ്മേളനാവസരത്തിൽ  പരസ്പരമുള്ള സംഭാഷണവേദികൾ സുതാര്യവും, കൂടുതൽ ഹൃദ്യമാക്കുവാനും വത്തിക്കാൻ കൂരിയയിലെ മറ്റു പ്രതിനിധികളും സംബന്ധിക്കും. പ്രത്യാശയുടെയും സമാധാനത്തിൻ്റെയും സാക്ഷികളും പ്രവാചകന്മാരും ആകുവാനുള്ള വലിയ വിളിയാണ് ജൂബിലി അവസരം സമർപ്പിതർക്കു നൽകുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 January 2024, 12:28