തിരയുക

ഫ്രാൻസിസ് പാപ്പായുടെ മംഗോളിയൻ സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പായുടെ മംഗോളിയൻ സന്ദർശന വേളയിൽ   (AFP or licensors)

വത്തിക്കാൻ വാർത്തകൾ മംഗോളിയൻ ഭാഷയിലും

അൻപത്തിയൊന്നോളം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിരുന്ന വത്തിക്കാൻ വാർത്താമാധ്യമ ശൃംഖല അൻപത്തിരണ്ടാം ഭാഷയിലേക്കുള്ള കാൽവയ്‌പ്പ് നടത്തിയിരിക്കുന്നു. മംഗോളിയൻ ഭാഷയിലേക്കാണ് പുതിയതായുള്ള പ്രസിദ്ധീകരണം നടത്തുന്നത്.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ഏറ്റവും കൂടുതൽ ഭാഷകളിൽ വാർത്തകൾ വിവർത്തനം ചെയ്യുന്ന വത്തിക്കാൻ മാധ്യമവിഭാഗം അൻപത്തിരണ്ടാം ഭാഷയിലേക്കുള്ള പ്രസിദ്ധീകരണം ആരംഭിച്ചു. മംഗോളിയൻ ഭാഷയിലേക്കാണ് പുതിയതായി വത്തിക്കാൻ വാർത്തകളുടെ വിവർത്തനം ആരംഭിച്ചിരിക്കുന്നത്. മംഗോളിയയിലെ പ്രദേശിക  സഭയുമായി സഹകരിച്ചുകൊണ്ടാണ് വത്തിക്കാൻ ഈ പുതിയ സംരംഭത്തിനു തുടക്കം കുറിച്ചിരിക്കുന്നത്.

പരിശുദ്ധ പിതാവിന്റെ വാക്കുകൾ ഇനി തങ്ങളുടെ സ്വന്തം ഭാഷയിൽ വായിക്കുവാനുള്ള അവസരം ഒരുക്കിയതിലുള്ള നന്ദിയും സന്തുഷ്ടിയും മംഗോളിയയിൽ ജനതയ്ക്കു വേണ്ടി ഉലാൻബാതറിലെ അപ്പസ്തോലിക പ്രീഫെക്റ്റ് കർദിനാൾ ജോർജോ  മരെങ്കോ എടുത്തു പറഞ്ഞു. മംഗോളിയൻ കത്തോലിക്കരുടെ ഹൃദയങ്ങളെ സ്പർശിച്ച പരിശുദ്ധ പിതാവിന്റെ മംഗോളിയൻ യാത്രയും, പാപ്പായുടെ മഹത്തായ മാനുഷികവും ആത്മീയവുമായ സാക്ഷ്യവും മംഗോളിയൻ ജനതയിൽ ഒന്നടങ്കം ഉളവാക്കിയ സംതൃപ്തിയും കർദിനാൾ അടിവരയിട്ടു. സുവിശേഷവൽക്കരണ സേവനത്തിനായി മംഗോളിയൻ ഭാഷയിൽ തർജ്ജമ ചെയ്യപ്പെടുന്ന പാപ്പായുടെ വാക്കുകൾ ഏറെ ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

മംഗോളിയൻ ഭാഷയിലേക്കുള്ള വിവർത്തനജോലികൾ ലളിതമെങ്കിലും, ഇവയ്ക്ക് മംഗോളിയയോളം വിശാലതയുണ്ടെന്ന് വത്തിക്കാൻ മാധ്യമ വിഭാഗം പ്രീഫെക്ട് ഡോ.പൗളോ റുഫീനി പറഞ്ഞു.ആഗോളതലത്തിൽ സംസാരിക്കുന്ന ഭാഷകളിലേക്കെല്ലാം പാപ്പായുടെ വാക്കുകൾ എത്തണമെന്നതാണ് വത്തിക്കാൻ മാധ്യമവിഭാഗത്തിന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മംഗോളിയയിലെ കത്തോലിക്കാ സമൂഹം ചെറുതാണെങ്കിലും, അവിടെനിന്നും ലഭിക്കുന്ന വിശ്വാസസാക്ഷ്യങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് വത്തിക്കാൻ മാധ്യമവിഭാഗം എഡിറ്റോറിയൽ ഡയറക്ടർ ഡോ.അന്ത്രെയാ തൊർണിയെല്ലി എടുത്തു പറഞ്ഞു.

ലോകമെമ്പാടും സുവിശേഷം പ്രചരിപ്പിക്കുക, പ്രാദേശിക സഭകൾക്ക് ശബ്ദം നൽകുക, സത്യം അറിയുവാൻ സഹായിക്കുക തുടങ്ങിയവയാണ് മംഗോളിയൻ ഭാഷയിൽ പ്രസിദ്ധീകരണം തുടങ്ങുവാൻ പ്രചോദനമായതെന്ന് വത്തിക്കാൻ ന്യൂസ്, റേഡിയോ വിഭാഗങ്ങളുടെ തലവൻ ഡോ. മാസിമില്യാനോ മെനിക്കെത്തിയും അടിവരയിട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 January 2024, 11:04