പ്രാർത്ഥനാ വത്സരം: പ്രാർത്ഥന, ക്രിസ്ത്വാനുയായികളുടെ ജീവിതപരിപാടിയാക്കി മാറ്റുന്ന തീവ്രസമയം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഏകാന്ത ഹൃദയത്തിൻറെയും ഏകാന്ത ആത്മാവിൻറെയും സ്വരമായ പ്രാർത്ഥന ഐക്യദാർഢ്യത്തിലേക്കും അനുദിനാഹരം പങ്കുവയ്ക്കുന്നതിലേക്കും പരിവർത്തനം ചെയ്യപ്പെടുന്നുവെന്ന് ആർച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല.
ജൂബിലിവത്സരത്തിന് ഒരുക്കമായി ഫ്രാൻസീസ് പാപ്പാ ഇക്കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച ഔപചാരികമായി ഉദ്ഘാടനം ചെയ്ത പ്രാർത്ഥനാവർഷത്തെ അധികരിച്ച് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൽ, പ്രസ്സ് ഓഫീസിൽ ചൊവ്വാഴ്‌ച (23/01/24) നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു, പാപ്പാ അദ്ധ്യക്ഷനായുള്ള സുവിശേവത്ക്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രോ-പ്രീഫെക്ട് ആയ, ആർച്ചുബിഷപ്പ് ഫിസിക്കേല്ല.
ഈ വിഭാഗത്തിൻറെ ഉപകാര്യദർശി മോൺസിഞ്ഞോർ ഗ്രഹാം ബെല്ലും ഈ പത്രസമ്മേളനത്തിൽ സംസാരിച്ചിരുന്നു.
ഏകദൈവത്തിലേക്കു തിരിയാൻ ഈ ലോകത്തിലെ സ്ത്രീപുരുഷന്മാരെ അനുവദിക്കുന്ന പ്രാർത്ഥന ഹൃത്തിൻറെ നിഗൂഢതയിൽ മറഞ്ഞിരിക്കുന്നവ ദൈവത്തോടു വെളിപ്പെടുത്താൻ അവരെ പ്രാപ്തരാക്കുന്നുവെന്നും ആർച്ചുബിഷപ്പ് ഫിസിക്കേല്ല പറഞ്ഞു. വിശുദ്ധിയിലേക്കുള്ള രാജപാതയാണ് പ്രാർത്ഥന എന്ന് അനുസ്മരിച്ച അദ്ദേഹം, കർമ്മ മദ്ധ്യേയും ധ്യാനനുഭവം ഉണ്ടാകുന്നതിലേക്ക് അത് നയിക്കുന്നുവെന്നും പ്രസ്താവിച്ചു.
കൃപയുടെ സമൃദ്ധി സ്വീകരിക്കാൻ ഹൃദയങ്ങൾ തുറക്കുന്നതും യേശു നമ്മെ പഠിപ്പിച്ച "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാർത്ഥന അവിടത്തെ ഓരോ ശിഷ്യൻറെയും ജീവിത പരിപാടിയാക്കി മാറ്റുന്നതുമായ, തീവ്രമായ സമയമാണ് ഈ പ്രാർത്ഥനാ വർഷമെന്നും ആർച്ചുബിഷപ്പ് ഫിസിക്കേല്ല കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: