പാലസ്തീൻ-ഇസ്രായേൽ പ്രശ്‌നം ഐക്യരാഷ്ട്രസഭാ സുരക്ഷാകൗൺസിലിൽ ഉയർത്തി പരിശുദ്ധ സിംഹാസനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പാലസ്തീനയിലും ഇസ്രയേലിലും, ലെബനോണിലുമുൾപ്പെടെ ലോകത്തെവിടെയും മനുഷ്യർക്കെല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷകൗൺസിലിൽ സ്ഥിരം നിരീക്ഷകപദവിയുള്ള പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രജ്ഞൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച.
ഇസ്രായേലിന് നേരെ ഒക്ടോബർ 7-ന് നടന്ന ഭീകരാക്രമണത്തെയും, പാലസ്തീനയ്ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെയും ഫ്രാൻസിസ് പാപ്പാ അപലപിച്ചിരുന്നുവെന്ന് അദ്ദേഹം ജനുവരി 24-ന് സുരക്ഷാകൗൺസിലിൽ നടത്തിയ പ്രഭാഷണത്തിൽ അനുസ്മരിച്ചു. എല്ലാത്തരത്തിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും തീവ്രവാദചിന്തകളെയും അപലപിക്കുന്നുവെന്ന്, വത്തിക്കാനിലേക്കുള്ള നയതന്ത്രപ്രതിനിധികൾക്ക് ജനുവരി 8-ന് അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ പാപ്പാ പ്രസ്താവിച്ചതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് വത്തിക്കാൻ പ്രതിനിധി ഇത് പറഞ്ഞത്.
പാലസ്തീൻ-ഇസ്രായേൽ സംഘർഷത്തിലുൾപ്പെടെ വെടിനിർത്തൽ പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത് ആർച്ച്ബിഷപ് കാച്ച അനുസ്മരിച്ചു..പരസ്പരസമാധാന ചർച്ചകൾക്കുള്ള മാർഗ്ഗമാണ് ഇതുവഴി സാധ്യമാകുകയെന്ന അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗാസയിൽ ബന്ദികളായി തുടരുന്ന ആളുകളെ മോചിപ്പിക്കുന്നതിന് നടപടികൾ വേണമെന്നും, എന്നാൽ അതേസമയം, അവിടെ മാനവികസഹായമെത്തിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും വത്തിക്കാൻ നയതന്ത്രജ്ഞൻ ആവശ്യപ്പെട്ടു. ഇരുപതിനായിരത്തിലധികം ആളുകൾ അവിടെ കൊല്ലപ്പെട്ടെന്നും, ഇരുപത്ലക്ഷത്തിലധികം ആളുകൾ ഭാവനരഹിതരായെന്നും ആർച്ച്ബിഷപ് കാച്ച ഓർമ്മിപ്പിച്ചു. ചിലരുടെ ഭീകരപ്രവർത്തനത്തിന്റെ പേരിൽ ഒരു ജനത മുഴുവൻ സഹിക്കേണ്ടിവരുന്നത് ഒഴിവാക്കപ്പെടണമെന്ന് പരിശുദ്ധസിംഹാസനം ആവശ്യപ്പെട്ടു. സ്വയം പ്രതിരോധനത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ അനുപാതികതയുടെയും, അന്താരാഷ്ട്ര മാനവികനിയമങ്ങളുടെയും തത്വങ്ങൾ അനുസരിച്ചായിരിക്കണമെന്ന് ആർച്ച്ബിഷപ് കാച്ച ഓർമ്മിപ്പിച്ചു. ആശുപത്രികളും, സ്കൂളുകളും, ആരാധനാലയങ്ങളും യുദ്ധ, ആക്രമണലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് വത്തിക്കാൻ പ്രതിനിധി പ്രസ്താവിച്ചു. ഗാസയിലെ ഭീകരതയിൽനിന്ന് ഓടി രക്ഷപെടാൻ പരിശ്രമിക്കുന്നവർക്കുള്ള അവസാന ആശ്രയമാണ് ഇത്തരം കേന്ദ്രങ്ങളെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അന്താരാഷ്ട്ര മാനവിക നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ അന്താരാഷ്ട്രസമൂഹം ശ്രദ്ധിക്കണമെന്നും, മാനവികാന്തസ്സ് ഉറപ്പാക്കണമെന്നും ആർച്ച്ബിഷപ് കാച്ച ആവശ്യപ്പെട്ടു. എല്ലാ മനുഷ്യർക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: