കുടുംബവുമായി ബന്ധപ്പെട്ട ദൈവശാസ്ത്രം ഇനിയും പ്രഘോഷിക്കപ്പെടണം: ആർച്ച്ബിഷപ് പാലിയ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കുടുംബങ്ങളുമായി ബന്ധപ്പെട്ട ദൈവശാസ്ത്രചിന്തകൾ ഇനിയും ശക്തമാകേണ്ടതുണ്ടെന്നും, അവ കൂടുതലായി പ്രഘോഷിക്കപ്പെടണമെന്നും ജീവിതത്തിനായുള്ള പൊന്തിഫിക്കൽ അക്കാദമി പ്രസിഡന്റ് ആർച്ച്ബിഷപ് വിൻചെൻസൊ പാലിയ. ഫെബ്രുവരി ഒന്നാം തീയതി വിവാഹവും കുടുംബവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായുള്ള ജോൺ പോൾ രണ്ടാമൻ ഇന്സ്ടിട്യൂട്ടിട്ട് ചങ്ങനാശ്ശേരിയിൽ ഒരുക്കിയ പ്രത്യേക പാഠ്യപദ്ധതിയുടെ ആരംഭത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്.
ഇന്ന് കുടുംബങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ ദൈവശാസ്ത്രം വലിയ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പായുടെ ഉദ്ബോധനങ്ങളും, ഇക്കാലത്തെ വലിയ സാമൂഹ്യചിന്താഗതികളിലെ മാറ്റങ്ങളും പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബന്ധങ്ങളുടെ കൂട്ടം എന്ന രീതിയിൽ കുടുംബങ്ങളെ സംബന്ധിച്ച ദൈവശാസ്ത്രവിചിന്തനം ഇപ്പോഴും ദുർബലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തെയും, വൈവാഹികസ്നേഹത്തെയും, വിവാഹത്തെയും സംബന്ധിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട് എങ്കിലും, കാനോനികനിയമസംഹിതയിൽ കുടുംബത്തെ സംബന്ധിച്ച നിയമങ്ങൾ ഇല്ലെന്ന് ആർച്ച്ബിഷപ് പാലിയ അനുസ്മരിച്ചു. എന്നാൽ ചില കാര്യങ്ങൾ ഒഴിച്ച്, കുടുംബത്തെ സംബന്ധിച്ച ഒരു ദൈവശാസ്ത്രം എന്നത് ഇനിയും വിപുലീകരിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാഹത്തെ സംബന്ധിച്ച ദൈവശാസ്ത്രം കൂടുതൽ ആഴത്തിൽ പഠിക്കപ്പെടേണ്ടതാണെന്നും, ജോൺ പോൾ രണ്ടാമൻ ഇന്സ്ടിട്യൂട്ട് ഇതാണ് മുന്നോട്ട് വയ്ക്കുന്നതെന്നും ആർച്ച്ബിഷപ് പാലിയ പറഞ്ഞു. കുടുംബത്തെ അതിന്റെ എല്ലാ പ്രത്യേകതകളോടും, ബാഹ്യ, ആന്തരികബന്ധങ്ങളോടും കൂടി പഠിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യസ്തതയെ ഇല്ലാതാക്കുകയെന്നത് ഒരു വലിയ തെറ്റാണെന്ന് ആർച്ച്ബിഷപ് പാലിയ പറഞ്ഞു. സ്ത്രീപുരുഷവ്യത്യാസങ്ങൾ, ഒരു അനുഗ്രഹമായി വേണം, തടസ്സമായല്ല കണ്ടെണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീപുരുഷന്മാർ ദൈവത്തിൽനിന്ന് വരുന്നുവെന്നും, അവർ വേർപിരിക്കാനാകാത്തവിധം ഒന്നായിരിക്കുന്നുവെന്നുമുള്ള വിശുദ്ധഗ്രന്ഥസന്ദേശം വ്യക്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിപാലകരായ സ്ത്രീ പുരുഷന്മാർ, ദൈവത്തോട് ചേർന്ന് പ്രവർത്തിക്കേണ്ടവരാണ്. വിവാഹം വേർപിരിക്കപ്പെടാനാകുന്നതല്ലാത്തതുപോലെതന്നെയാണ്, സഭയും സഭാംഗങ്ങളുമായുള്ള ബന്ധവുമെന്ന് ആർച്ച്ബിഷപ് പാലിയ പറഞ്ഞു.
ആർച്ച്ബിഷപ് പാലിയ ഫെബ്രുവരി രണ്ടിന് ബാംഗ്ലൂരിൽ, മെത്രാൻസമിതിയുടെ പ്ലീനറി സമ്മേളനത്തിനായി പോകും. കൃത്രിമബുദ്ധി, സഭയിലും മാനവികതയിലും ഉയർത്തുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് അദ്ദേഹം അവിടെ സംസാരിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: