തിരയുക

അനുരഞ്ജനകൂദാശയുമായി ബന്ധപ്പെട്ട് നടത്തിയ കോഴ്‌സിൽ പങ്കെടുത്തവർക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ - ഫയൽ ചിത്രം അനുരഞ്ജനകൂദാശയുമായി ബന്ധപ്പെട്ട് നടത്തിയ കോഴ്‌സിൽ പങ്കെടുത്തവർക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ - ഫയൽ ചിത്രം  (VATICAN MEDIA Divisione Foto)

അനുരഞ്ജനകൂദാശയുമായി ബന്ധപ്പെട്ട് കോഴ്‌സൊരുക്കി അപ്പസ്തോലിക പെനിറ്റെൻഷ്യറി

കുമ്പസാരമെന്ന കൂദാശയുടെ പരികർമ്മവുമായി ബന്ധപ്പെട്ട് നവവൈദികർക്കും വൈദികാർത്ഥികൾക്കും പരിശീലനക്കളരിയൊരുക്കി വത്തിക്കാൻ അപ്പസ്തോലിക പെനിറ്റെൻഷ്യറി. ഇത്തരത്തിലുള്ള മുപ്പത്തിനാലാമത് കോഴ്‌സാണ് മാർച്ച് 4 മുതൽ 8 വരെ തീയ്യതികളിൽ റോമിൽ നടക്കുക. ആധുനികകാലത്ത് മെച്ചപ്പെട്ട അജപാലനസേവനത്തിനായി വൈദികരെ ഒരുക്കുകയാണ് കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പുതുതായി പൗരോഹിത്യം സ്വീകരിച്ചവർക്കും വൈദികാർത്ഥികളായവർക്കും അനുരഞ്ജനകൂദാശയായ കുമ്പസാരത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാൻ വേണ്ടി സൗകര്യമൊരുക്കി വത്തിക്കാൻ അപ്പസ്തോലിക പെനിറ്റെൻഷ്യറി. പെനിറ്റെൻഷ്യറി ആസ്ഥാനത്തുള്ള വിശുദ്ധ ലോറൻസിന്റെ നാമധേയത്തിലുള്ള ബസലിക്കയിൽ മാർച്ച് നാലിനാണ് കുമ്പസാരം സംബന്ധിച്ച കോഴ്‌സ് ആരംഭിക്കുന്നത്.

ആന്തരികജീവിതവും അനുരഞ്ജനത്തിന്റെകൂദാശയുമായി ബന്ധപ്പെട്ട അജപാലനവും സംബന്ധിച്ചുള്ള പ്രധാനപ്പെട്ട വിഷയങ്ങൾ വിശദീകരിക്കുന്ന ഈ കോഴ്‌സിൽ, നേരിട്ടും, ഇന്റർനെറ്റ് സംവിധാനത്തിലൂടെ ഓൺലൈൻ വഴിയായും സംബന്ധിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാമൂഹികപശ്ചാത്തലത്തിൽ, കാരുണ്യത്തിന്റെ സേവകരാകേണ്ട വൈദികർക്ക് ദൈവശാസ്ത്ര, ആധ്യാത്മിക, അജപാലന, നൈയാമിക വിഷയങ്ങളിൽ വേണ്ട തയ്യാറെടുപ്പുകൾ കണക്കിലെടുത്താണ് ക്‌ളാസുകൾ തയ്യാറാക്കിയിട്ടുള്ളതെന്ന് അപ്പസ്തോലിക പെനിറ്റെൻഷ്യറി അറിയിച്ചു.

കൃത്രിമബുദ്ധിശക്തി, അനുരഞ്ജനകൂദാശയുടെ പരികർമ്മം, സുവിശേഷവത്കരണം നേരിടുന്ന അടിസ്ഥാനപ്രശ്‌നങ്ങൾ, ജൂബിലിയുമായി ബന്ധപ്പെട്ട് നൽകുന്ന ദണ്ഡവിമോചനം തുടങ്ങിയ കാര്യങ്ങൾ അധ്യയനവിഷയമാകും. പൈശാചികബാധയുമായി ബന്ധപ്പെട്ട് ആളുകളെ സഹായിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും വിശദീകരിക്കപ്പെടും.

കോഴ്‌സിൽ സംബന്ധിക്കുന്നവർക്ക് മാർച്ച് എട്ടാം തീയതി ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിക്കും. അന്നേദിവസം വൈകുന്നേരം നാലരയ്ക്ക് വത്തിക്കാനടുത്തുള്ള സന്തോ സ്‌പിരിത്തോ ഇൻ സാസ്സിയ എന്ന ദിവ്യകാരുണ്യതീർത്ഥാടനദേവാലയത്തിൽ, കർദ്ദിനാൾ മൗറോ പിയച്ചെൻസായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന അനുരഞ്ജനശുശ്രൂഷയോടെ കോഴ്‌സ് സമാപിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 February 2024, 15:10