തിരയുക

കർദ്ദിനാൾ റാനിയെരോ കാന്തലമേസ കർദ്ദിനാൾ റാനിയെരോ കാന്തലമേസ 

ഇനിമേൽ പാപം ചെയ്യരുത്: നോമ്പുകാലവിചിന്തനവുമായി കർദ്ദിനാൾ കാന്തലമേസ

കർദ്ദിനാൾ റാനിയെരോ കാന്തലമേസ, നോമ്പുകാലവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 19 മുതൽ 24 വരെയുള്ള ദിവസങ്ങളിലേക്ക് നൽകിവരുന്ന അനുദിനവിചിന്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 22 വ്യാഴാഴ്ചയിലേക്ക് നൽകിയ വിചിന്തനത്തിൽ വിശുദ്ധമായ ഒരു ജീവിതം നയിക്കുന്നതിൽ വ്യക്തിപരമായ ഇശ്ചാശക്തിയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ അവതരിക്കപ്പെടുന്ന വ്യഭിചാരിണിയായ സ്ത്രീയ്ക്ക് യേശു നൽകുന്ന ഉപദേശം, വിശുദ്ധ അഗസ്റ്റിന്റെ ജീവിതാനുഭവം എന്നിവയെ പരാമർശിച്ചുകൊണ അദ്ദേഹം ഈ ചിന്ത പങ്കുവച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇനിമേൽ പാപം ചെയ്യില്ല എന്ന ദൃഢനിശ്ചയമാണ് ആദ്ധ്യാത്മികജീവിതത്തിൽ അടിസ്ഥാനപരമായ മാറ്റം വരുത്തുന്നതിന് ആവശ്യമെന്ന് കർദ്ദിനാൾ കാന്തലമേസ. വിശുദ്ധ യോഹന്നാന്റെ സുവിശേഷം എട്ടാം അദ്ധ്യായത്തിൽ വിവരിക്കപ്പെടുന്ന വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെ സംഭവവും, വിശുദ്ധ അഗസ്റ്റിന്റെ ജീവിതാനുഭവങ്ങളും പങ്കുവച്ചുകൊണ്ടാണ്, ജീവിതപരിവർത്തനത്തിൽ വ്യക്തിപരമായ തീരുമാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചത്.

"ഇനിമേൽ പാപം ചെയ്യരുത്" (യോഹ. 8, 11) എന്ന യേശുവിന്റെ ഉപദേശത്തെ അടിസ്ഥാനമാക്കി തന്റെ സന്ദേശം ആരംഭിച്ച കർദ്ദിനാൾ, ഇനിമേൽ പാപം ആവർത്തിക്കില്ലെന്ന ഇച്ഛാശക്തിയില്ലാതെ കുമ്പസാരം നടത്തുന്നതിന്റെ അർത്ഥശൂന്യത അടിവരയിട്ടുപറഞ്ഞു. ഇനിമേൽ പാപം ചെയ്യരുതെന്ന് തുടങ്ങി, സ്വജീവിതത്തിൽ തെറ്റുകുറ്റങ്ങൾ അവസാനിപ്പിക്കാൻ  ദൈവത്തോട് ചേർന്നുനിന്നുകൊണ്ട് എടുക്കുന്ന തീരുമാനങ്ങളാണ് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുകയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വിശുദ്ധ അഗസ്റ്റിന്റെ ജീവിതവുമായി ബന്ധപ്പെട്ട് തന്റെ വിചിന്തനത്തിൽ സംസാരിച്ച കർദ്ദിനാൾ കാന്തലമേസ, ഇന്ദ്രിയതയുടേതായ പ്രലോഭനങ്ങളിൽ വീണുപോകാതിരിക്കാൻ വിശുദ്ധൻ പ്രാർത്ഥിച്ച അവസരങ്ങളിൽ, തന്റെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ്, ഇപ്പോൾത്തന്നെ അവയിൽ നിന്ന് സ്വാതന്ത്രനാക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നിടത്താണ് യഥാർത്ഥ മാറ്റം ആരംഭിച്ചതെന്ന് ഓർമ്മിപ്പിച്ചു. മാറ്റങ്ങൾ നാളത്തേക്ക് വയ്ക്കുന്നിടത്ത് ജീവിതപരിവർത്തനം അകലെയാകുമെന്ന് കർദ്ദിനാൾ വിശദീകരിച്ചു.

ഒരു വ്യക്തിക്ക്, അവനു മാത്രം അറിയാവുന്ന തെറ്റായ ചില ഇഷ്ടങ്ങളും, മോശമായ സൗഹൃദങ്ങളും, നീരസങ്ങളും, ധനമോഹങ്ങളും പോലെയുള്ള പല തിന്മകളും ഉള്ളിലുണ്ടാകാമെങ്കിലും, അവ ഇന്നുതന്നെ ഉപേക്ഷിക്കാൻ ക്രിസ്തുവിനൊപ്പം തീരുമാനമെടുക്കുന്നിടത്താണ് യഥാർത്ഥ ജീവിതവ്യതിയാനം ഉണ്ടാകുന്നത്. നമ്മുടെ ദൗർബല്യങ്ങളെ അറിയുന്ന ദൈവത്തിന് മുൻപിൽ തുറന്ന മനസ്സോടെ അവ ഏറ്റുപറയുകയും, രണ്ടുപേരും, വ്യക്തിയും ദൈവവും, ഒരുമിച്ച് ശത്രുവിനെതിരെ പോരാടുകയും ചെയ്യുകയാണ്, പാപത്തിന്റെ അടിമത്തത്തിൽനിന്ന് മോചിതരായി സമാധാനത്തിൽ ജീവിക്കുന്നതിനുള്ള മാർഗ്ഗമെന്ന് കർദ്ദിനാൾ ഓർമ്മിപ്പിച്ചു.

ഫ്രാൻസിസ് പാപ്പായ്ക്കും അദ്ദേഹത്തിന്റെ മുൻഗാമികളായ പാപ്പാമാർക്കും വത്തിക്കാൻ കൂരിയയ്ക്കും ഉൾപ്പെടെ നിരവധി പ്രധാനപ്പെട്ട ഇടങ്ങളിൽ ധ്യാനങ്ങൾ നയിച്ചിട്ടുള്ള ആദ്ധ്യാത്മികവ്യക്തിത്വമാണ്, ഫ്രാൻസിസ്കൻ സന്ന്യാസസഭാംഗവും ഇറ്റലിക്കാരനുമായ കർദ്ദിനാൾ റാനിയെരോ കാന്തലമേസ. ഫെബ്രുവരി 24 വ്യാഴാഴ്ചയിലേക്ക് നൽകിയ വിചിന്തനത്തിലാണ് ജീവിതപരിവർത്തനത്തിന് ഇശ്ചാശക്തിയുടെ പ്രാധാന്യം അദ്ദേഹം പ്രത്യേകമായി എടുത്തുപറഞ്ഞത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 February 2024, 16:13