ഉപവാസം ഭക്ഷണ വർജ്ജനം മാത്രമല്ല അഹംഭാവത്തിനും അന്യായത്തിനുമെതിരായ പോരാട്ടവും !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉപവാസം ഒരുതരം ഭക്ഷണക്രമമല്ല, പ്രത്യുത, സ്വയ സ്നേഹം വെടിയുകയും അവനവനിൽ നിന്നു പുറത്തുകടക്കുകയും പാപവുമായുള്ള സഖ്യം ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് ദൈവ കൃപ തിരഞ്ഞെടുക്കുന്നതിനായുള്ള പരിശ്രമാണെന്നും വരപ്രസാദമാണ് നമ്മെ ദൈവിക ജീവനിൽ പങ്കാളികളാക്കുകയെന്നും വത്തിക്കാൻസംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.
1918 ഫെബ്രുവരി 16-ന് ലിത്വാനിയ സ്വാതന്ത്ര്യം നേടിയതിൻറെ വാർഷികദിനാചരണത്തോടനുബന്ധിച്ച് വെള്ളിയാഴ്ച റോമിൽ യേശുവിൻറെ നാമത്തിലുള്ള ദേവാലയത്തിൽ താൻ മുഖ്യകാർമ്മികനായി അർപ്പിച്ച ദിവ്യബലി മദ്ധ്യേ വചന സന്ദേശം നല്കിയ അദ്ദേഹം നോമ്പുകാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുന്നത് അനുസ്മരിച്ചുകൊണ്ടാണ് ഉപവാസത്തിൻറെ അർത്ഥതലങ്ങൾ വിശദീകരിച്ചത്.
ഉപവാസത്തിന് ആഴത്തിലുള്ള ബൈബിൾ വേരുകളുണ്ടെന്നും എളിമയും അഹംഭാവവും തമ്മിലും, സ്വാർത്ഥതയും ആത്മദാനവും തമ്മിലുമുള്ള നിരന്തരമായ ആത്മീയ പോരാട്ടത്താൽ നമ്മുടെ അസ്തിത്വം മുദ്രിതമാണെന്നും ഉപവാസം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും കർദ്ദിനാൾ പരോളിൻ പറഞ്ഞു. ആകയാൽ ഉപവാസം എന്നത് ഭക്ഷണം ത്യജിക്കൽ മാത്രമല്ല, പ്രഥമതഃ "ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിൻറെ ബന്ധനങ്ങൾ അഴിക്കുകയും അടിച്ചമർത്തപ്പെട്ടവരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും തകർക്കുകയും ചെയ്യുകയാണെന്ന്" ഏശയ്യാ പ്രവാചകൻറെ പുസ്തകം 5-ാം അദ്ധ്യായത്തിലെ 6-ാം വാക്യം ഉദ്ധരിച്ചുകൊണ്ട് കർദ്ദിനാൾ പരോളിൻ ഉദ്ബോധിപ്പിച്ചു.
ലോകത്തിൻറെ പലഭാഗങ്ങളിൽ, ഉക്രൈയിൻ ഉൾപ്പടെയുള്ള നാടുകളിൽ, യുദ്ധം അസമാധാനത്തിൻറെ വിത്തു വിതച്ചിരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ശാന്തിക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: