തിരയുക

വിശ്വാസ കാര്യങ്ങൾക്കായുള്ള വിഭാഗത്തിൻറെ കാര്യാലയം വിശ്വാസ കാര്യങ്ങൾക്കായുള്ള വിഭാഗത്തിൻറെ കാര്യാലയം  

കൗദാശിക സൂത്രവാക്യങ്ങളും കൂദാശയ്ക്കുള്ള വസ്തുക്കളും മാറ്റാൻ പാടില്ല!

കൂദാശാ പരികർമ്മത്തിൽ നിർദ്ദിഷ്ട സൂത്രവാക്യങ്ങളും വസ്തുക്കളും ഉപയോഗിക്കണം, അല്ലാത്ത പക്ഷം ആ കൂദാശ അസാധുവാകും. വിശ്വാസകാര്യസംഘത്തിൻറെ കുറിപ്പ് “ജെസ്തിസ് വെർബിസ്ക്വേ” .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൗദാശിക സൂത്രവാക്യങ്ങളിലും കൗദാശികവസ്തുക്കളിലും മാറ്റം വരുത്തിയാൽ ആ കൂദാശ അസാധുവായിരിക്കും എന്നു വ്യക്തമാക്കുന്ന ഒരു ഔദ്യോഗിക കുറിപ്പ് വിശ്വാസകാര്യങ്ങൾക്കായുള്ള വിഭാഗം പുറത്തിറക്കി.

“ജെസ്തിസ് വെർബിസ്ക്വേ” (Gestis verbisque) എന്ന ലത്തീൻ ശീർഷകത്തിലുള്ള ഈ കുറിപ്പ് ശനിയാഴ്ചയാണ് (03/02/24) വിശ്വാസകാര്യസംഘം പുറപ്പെടുവിച്ചത്. വിശ്വാസകാര്യസംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മനുവേൽ ഫെർണാണ്ടസും കാര്യദർശി മോൺസിഞ്ഞോർ അർമാന്തൊ മത്തേയൊയും ഫ്രാൻസീസ് പാപ്പാ ഇക്കൊല്ലം ജനുവരി 31-ന് (31/01/24) അംഗീകരിച്ച ഈ കുറിപ്പിൽ ഒപ്പുവച്ചിരിക്കുന്നു.

കൂദാശയുടെ പരികർമ്മത്തിനായുള്ള നിർദ്ദിഷ്ട സൂത്രവാക്യങ്ങളും അതിനുപയോഗിക്കേണ്ട വസ്തുക്കളും ക്രിയാത്മകതയുടെ മറപിടിച്ച് യഥേഷ്ടം മാറ്റാൻ പാടില്ലയെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ അസാധുവാണെന്നും, അതായത്, അങ്ങനെയൊരു കൂദാശാപരികർമ്മം നടന്നിട്ടില്ലെന്നും സുദീർഘമായ ഈ കുറിപ്പ് വ്യക്തമാക്കുന്നു.

ഈ കുറിപ്പ് കേവലം സാങ്കേതികതയുടെയോ അല്ലെങ്കിൽ "കാർക്കശ്യത്തിൻറെയോ" പ്രശ്നമല്ലെന്നും പ്രത്യുത, ദൈവത്തിൻറെ പ്രവർത്തനത്തിൻറെ മുൻഗണനയെ സുവ്യക്തമായി പ്രകടിപ്പിക്കുകയും ക്രിസ്തുവിൻറെ ഗാത്രമായ സഭയുടെ ഐക്യം താഴ്മയോടെ സംരക്ഷിക്കുകയുമാണ് ഉദ്ദേശമെന്നും കുറിപ്പിൽ കാണുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 February 2024, 12:27