ലാറ്ററൻ ഉടമ്പടിയുടെ വാർഷികം വത്തിക്കാനിലേക്കുള്ള ഇറ്റാലിയൻ നയതന്ത്രകാര്യാലയത്തിൽ നടന്നു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
1929 ഫെബ്രുവരി 11 ന് ഇറ്റലിയും, പരിശുദ്ധ സിംഹാസനവും തമ്മിൽ നടത്തിയ ഉടമ്പടിയായ ലാറ്ററൻ ഉടമ്പടിയുടെ വാർഷികം ഫെബ്രുവരി മാസം പതിമൂന്നാം തീയതി ഇറ്റാലിയൻ സമയം ഉച്ചകഴിഞ്ഞു, വത്തിക്കാനിലേക്കുള്ള ഇറ്റാലിയൻ നയതന്ത്രകാര്യാലയത്തിൽ , ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ സാന്നിധ്യത്തിൽ നടന്നു. ഇറ്റാലിയൻ പ്രസിഡന്റ് സെർജോ മത്തരെല്ലയും, പ്രധാനമന്ത്രി ജോർജാ മെലോണിയും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനും യോഗത്തിൽ സന്നിഹിതരായിരുന്നു.
യുദ്ധത്തിന്റെ പരിണിതഫലങ്ങൾ ഏറെ വേദനിപ്പിക്കുന്ന ഗാസയിലെ സ്ഥിതിഗതികൾ യോഗത്തിൽ കർദിനാൾ പിയെത്രോ പരോളിൻ അവതരിപ്പിച്ചു. അടച്ചിട്ട വാതിലുകൾക്കു നടുവിലാണ് നേതാക്കൾ തമ്മിലുള്ള ഉഭയകക്ഷി സമ്മേളനം നടന്നത്. തുടർന്ന് ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ കർദിനാൾ മാധ്യമ പ്രവർത്തകരെ അറിയിച്ചു. ലോകത്തെ അസ്വസ്ഥമാക്കുന്ന സമാനതകളില്ലാത്ത സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും യോഗം ചർച്ച ചെയ്തു.
സംഘർഷത്തിനുള്ള പരിഹാരം നിലവിൽ വിദൂരമാണെന്ന് തോന്നുന്നുവെങ്കിലും, പ്രതീക്ഷ കൈവിടാതെ മുൻപോട്ടു പോകണമെന്ന് കർദിനാൾ അടിവരയിട്ടു. ഇറ്റാലിയൻ പ്രതിനിധികളുമായുള്ള സംഭാഷണം ഏറെ സന്തോഷം പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധങ്ങളായ പ്രശ്നങ്ങളിന്മേലുള്ള നിയമനിർമ്മാണത്തിൻ്റെ അഭാവം പരിഹരിക്കാനും, കാലോചിതമായ പരിഹാരങ്ങൾ നടത്തുവാനുമുള്ള ഇറ്റാലിയൻ പ്രതിനിധികളുടെ ആഗ്രഹവും കർദിനാൾ മാധ്യമപ്രവർത്തകരോട് പങ്കുവച്ചു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: