തിരയുക

കർദിനാൾ റനിയെരോ കന്താലമേസ കർദിനാൾ റനിയെരോ കന്താലമേസ  (ANSA)

ആവശ്യമായത് ദൈവവും അവന്റെ രാജ്യവും മാത്രം: കർദിനാൾ കന്താലമേസ

ഫ്രാൻസിസ് പാപ്പായും റോമൻ കൂരിയയും നോമ്പുകാലധ്യാനത്തിൽ ആയിരിക്കുന്ന ഈ വാരത്തിലെ ഓരോ ദിവസവും, ധ്യാനചിന്തകൾ പങ്കുവയ്ക്കുന്ന കർദിനാൾ റനിയെരോ കന്താലമേസയുടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വചനസന്ദേശം, വത്തിക്കാൻ സമൂഹമാധ്യമശൃംഖലകളിലൂടെ പ്രസിദ്ധീകരിക്കുന്നു. രണ്ടാംദിന സന്ദേശം ഫെബ്രുവരി മാസം ഇരുപതാം തീയതിയാണ് പ്രസിദ്ധീകരിച്ചത്.

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഫെബ്രുവരി മാസം പത്തൊൻപതു മുതൽ ഇരുപത്തിനാലുവരെ  ഫ്രാൻസിസ് പാപ്പായും റോമൻ കൂരിയയും നോമ്പുകാലധ്യാനത്തിലായിരിക്കുന്ന അവസരത്തിൽ  ധ്യാനചിന്തകൾ പങ്കുവയ്ക്കുന്ന കർദിനാൾ റനിയെരോ കന്താലമേസയുടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വചനസന്ദേശം, വത്തിക്കാൻ സമൂഹമാധ്യമശൃംഖലകളിലൂടെ പ്രസിദ്ധീകരിക്കുന്നു. രണ്ടാംദിന  സന്ദേശം ഫെബ്രുവരി മാസം ഇരുപതാം തീയതിയാണ് പ്രസിദ്ധീകരിച്ചത്. യേശുവിന്റെ അധരത്തിൽ നിന്നും വരുന്ന വചനങ്ങൾ ആത്മാവിനു ശക്തിപകരുന്നവയാണെന്ന് കർദിനാൾ എടുത്തു പറഞ്ഞു.

രണ്ടാം ദിന സന്ദേശം, ലൂക്കയുടെ സുവിശേഷം പത്താം അധ്യായം നാല്പത്തിരണ്ടാം വചനത്തെ ആധാരമാക്കിയുള്ളതാണ്.ലാസറിന്റെ സഹോദരിമാരായ മർത്തയുടെയും മറിയത്തിന്റെയും ഭവനത്തിലേക്ക് കടന്നു ചെല്ലുന്ന യേശു,  പലവിധ കാര്യങ്ങളിൽ വ്യഗ്രചിത്തയായിരിക്കുന്ന മാർത്തയോട് പറയുന്നത്, 'മാർത്താ, മാർത്ത: ഒന്നു മാത്രം മതി’ എന്നാണ്.

ഈ വചനം നമ്മെ ഓരോരുത്തരെയും അഭിസംബോധന ചെയ്യുന്നുവെന്നാണ് കർദിനാൾ തന്റെ സന്ദേശത്തിൽ പറയുന്നത്. കാരണം നമ്മുടെ ജീവിതത്തിലും ആവശ്യമായത്, യേശു പറഞ്ഞ ഈ ഒരു വസ്തുത തന്നെയാണ്.ആ ഒരേ ഒരു കാര്യം ഉണ്ടെങ്കിൽ മറ്റെല്ലാം നമുക്ക് സ്വന്തമാണെന്നും, എന്നാൽ അവയുടെ അഭാവത്തിൽ ലോകം മുഴുവൻ നമ്മുടേതാണെങ്കിലും, നമുക്ക് ഒന്നുമില്ലാത്ത ഒരു അവസ്ഥ സംജാതമാകുന്നുവെന്നും കർദിനാൾ അടിവരയിട്ടു.

പത്തൊൻപതാം നൂറ്റാണ്ടിലെ മഹത്തായ  തത്ത്വചിന്തകനും വിശ്വാസിയുമായ സോറൻ കീർക്കെഗാഡ് വാക്കുകളും കർദിനാൾ എടുത്തുപറഞ്ഞു.'പാഴായ ജീവിതങ്ങളിലും, പാഴായിപോകാത്ത ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിയുന്നതാണ് മഹത്തരമെന്ന' അദ്ദേഹത്തിന്റെ വാക്കുകൾ നമ്മുടെ ജീവിതത്തിന് വലിയ സന്ദേശം പ്രദാനം ചെയ്യുന്നുവെന്ന് കർദിനാൾ അടിവരയിട്ടു. മറഞ്ഞിരിക്കുന്ന വിലയേറിയ ഈ നിധി സ്വന്തമാക്കുവാൻ മറ്റെല്ലാം തിരസ്കരിക്കുവാനും നാം തയ്യാറാവണം. നമുക്ക് ആവശ്യമായ ഒരേ ഒരു കാര്യം, ദൈവവും, അവന്റെ രാജ്യവും മാത്രമാണ്, കർദിനാൾ സന്ദേശം ഉപസംഹരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 February 2024, 11:07