ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച  

സാമൂഹിക വികസനത്തിനു ഊന്നൽ നൽകുമ്പോൾ ദരിദ്രരെ വിസ്മരിക്കരുത്: ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച

ഐക്യരാഷ്ട്രസഭയുടെ, സാമൂഹ്യ വികസനകമ്മീഷന്റെ 62 മത് സമ്മേളനത്തിൽ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച പ്രസ്താവന നടത്തുകയും, ദരിദ്രർക്കു വേണ്ടിയുള്ള വികസന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും ചെയ്തു

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഐക്യരാഷ്ട്രസഭയുടെ, സാമൂഹ്യ വികസനകമ്മീഷന്റെ 62 മത് സമ്മേളനത്തിൽ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ  കാച്ച പ്രസ്താവന നടത്തുകയും, ദരിദ്രർക്കു  വേണ്ടിയുള്ള വികസന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും ചെയ്തു. 

സുസ്ഥിര വികസനത്തിനായുള്ള 2030 ലെ അജണ്ട നടപ്പാക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ  ത്വരിതപ്പെടുത്തുക, ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ സമഗ്രമായ ലക്‌ഷ്യം കൈവരിക്കുക, സാമൂഹ്യ നയങ്ങളിലൂടെ  സാമൂഹിക വികസനവും സാമൂഹിക നീതിയും വളർത്തുക എന്നതാണ് 62 മത് സമ്മേളനത്തിന്റെ പ്രമേയം.

പൊതുനന്മ നേടുന്നതിനുള്ള പരിശ്രമങ്ങളിൽ പാലിക്കേണ്ട ധാർമ്മിക അനിവാര്യതയാണ്, ദുർബലമായ സാഹചര്യങ്ങളിൽ കഴിയുന്ന ദരിദ്രരോടുള്ള പരിഗണനയെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് ആർച്ചുബിഷപ്പ് തന്റെ വാക്കുകൾ ആരംഭിച്ചത്. 

ഇക്കാരണത്താൽ, ദാരിദ്ര്യത്തിൻ്റെ എല്ലാ മൂലകാരണങ്ങളെയും ആദ്യം അഭിസംബോധന ചെയ്തുകൊണ്ട് അതിൻ്റെ ഫലങ്ങൾ ലഘൂകരിക്കാൻ നാം പ്രവർത്തിക്കണമെന്ന് പ്രസ്താവനയിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. വികസനത്തിൻ്റെ സാമൂഹിക മാനം സമഗ്രമായ മാനുഷിക വികസനം ഉറപ്പാക്കുക എന്നതാണ്. അതിനാൽ കുടുംബ, സാമൂഹിക, ആത്മീയ, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളുടെ പശ്ചാത്തലത്തിൽ ഓരോ വ്യക്തിയുടെയും അഭിവൃദ്ധി ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്.

ഇത്തരത്തിൽ സമഗ്രമായ വികസനം ഉറപ്പുവരുത്തുവാൻ വിദ്യാഭ്യാസ സംവിധാനങ്ങൾ ഏറെ പങ്കു വഹിക്കുന്നുണ്ടെന്നും, അതിനാൽ ദരിദ്രാവസ്ഥയിൽ കഴിയുന്നവർക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്നും ആർച്ചുബിഷപ്പ് പ്രസ്താവനയിൽ അടിവരയിടുന്നു. 

തുടർന്ന് തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ, സാക്ഷാത്ക്കാരത്തിനുള്ള ഉപാധിയാണ് തൊഴിലെന്നും, അവിടെ മാന്യവും, സുരക്ഷിതവുമായ രീതിയിൽ തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കുവാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടണമെന്നും ആർച്ചുബിഷപ്പ് എടുത്തുപറഞ്ഞു.

അന്താരാഷ്‌ട്ര കുടുംബ വർഷത്തിൻ്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ,കുടുംബ ബന്ധങ്ങളെ ഇകഴ്ത്തുന്ന രീതിയിൽ സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങളെ ആർച്ചുബിഷപ്പ് അപലപിച്ചു."സമൂഹത്തിൻ്റെ സ്വാഭാവികവും അടിസ്ഥാനപരവുമായ ഘടകമാണ്  കുടുംബമെന്നും , അതിനാൽ അതിന്റെ കെട്ടുറപ്പിന്  സമൂഹത്തിൻ്റെയും ഭരണകൂടത്തിൻ്റെയും സംരക്ഷണത്തിന് അർഹതയുണ്ടെന്നുമുള്ള" ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് ആർച്ചുബിഷപ്പ് കുടുംബങ്ങൾക്കു വേണ്ടി സംസാരിച്ചത്. "ഇക്കാരണത്താൽ, സാമൂഹ്യനീതിയും സാമൂഹ്യവികസനവും കൈവരിക്കുന്നതിൽ കുടുംബത്തിൻ്റെ അനിവാര്യമായ പങ്ക് സാമൂഹിക നയങ്ങൾ പിന്തുണയ്ക്കണം", ആർച്ച് ബിഷപ്പ് ഗബ്രിയേലെ  കാച്ച കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 February 2024, 13:35