ഫാ. റുപ്നികുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ തുടരുന്നു: വിശ്വാസതിരുസംഘം
സാൽവത്തോറെ ചെർനൂത്സിയോ, മോൺ. ജോജി വടകര, വത്തിക്കാൻ ന്യൂസ്
മാനസിക, ലൈംഗിക ചൂഷണങ്ങൾ ആരോപിക്കപ്പെട്ട് ഈശോസഭയിൽനിന്ന് പുറത്താക്കപ്പെട്ട ഫാ. മാർക്കോ ഇവാൻ റുപ്നിക്കിന്റെ കേസിലെ അന്വേഷണങ്ങളും പഠനങ്ങളും തുടരുന്നുവെന്ന് വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെട്ട വത്തിക്കാൻ ഡികാസ്റ്ററി. ഈ കേസുമായി ബന്ധപ്പെട്ട ഇടങ്ങളും വ്യക്തികളും സംബന്ധിച്ച് മുൻപ് നടത്തിയിരുന്ന അന്വേഷങ്ങൾ കൂടുതലായി വ്യാപിപ്പിച്ചുവെന്നും, മുൻപ് പരിഗണിക്കാതിരുന്ന രേഖകൾ കൂടി ഇപ്പോൾ കണക്കിലെടുത്തിട്ടുണ്ടെന്നും ഡികാസ്റ്ററി അറിയിച്ചതായി വത്തിക്കാൻ പ്രസ്സ് ഓഫീസ് പ്രസ്താവിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരം ഈ ഈശോസഭാവൈദികനെതിരെയുള്ള പരാതികൾ പരിശോധിക്കാൻ ആരംഭിച്ച തങ്ങൾ, ലൈംഗിക ചൂഷണങ്ങൾ ആരോപിക്കപ്പെട്ട ഫാ. റുപ്നികുമായി വിവിധ രീതികളിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ടുവെന്നാണ് വത്തിക്കാൻ പ്രസ്സ് ഓഫീസ് വഴി വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കസ്റ്ററി അറിയിച്ചത്. മുൻപ് പരിശോധിക്കാതിരുന്നതും എന്നാൽ തുടരന്വേഷണത്തിൽ ലഭിച്ചതുമായ രേഖകൾ കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കുമെന്നും ഡികാസ്റ്ററി വ്യക്തമാക്കി.
2023 ജൂൺ 14-ന് ഫാ. റുപ്നിക്കിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട ഡിക്രി അദ്ദേഹത്തിന് കൈമാറിയിരുന്നു. തുടർന്ന് ജൂലൈ മാസത്തിൽ അദ്ദേഹത്തെ ഈശോസഭയിൽനിന്നും പുറത്താക്കിയതായി സഭാവൃത്തങ്ങൾ തുറന്ന കത്തിലൂടെ അറിയിച്ചിരുന്നു.
മുൻ ഈശോസഭാവൈദികനും, പ്രശസ്തകലാകാരനുമായ ഫാ. മാർക്കോ ഇവാൻ റുപ്നിക്കിന്റെ ചൂഷണങ്ങൾക്ക് ഇരകളാണെന്ന് അവകാശപ്പെടുന്ന രണ്ടു മുൻ സന്ന്യാസിനികൾ ഫെബ്രുവരി 21 ബുധനാഴ്ച റോമിലെ "ഇറ്റാലിയൻ മാധ്യമങ്ങളുടെ ദേശീയ ഫെഡറേഷൻ" കേന്ദ്രത്തിൽ പത്രസമ്മേളനം വിളിച്ചുകൂട്ടി സംസാരിച്ചിരുന്നു. തങ്ങൾക്ക് വ്യക്തിപരമായ പ്രതികരമനോഭാവം ഇല്ലെന്നും, എന്നാൽ ചൂഷണങ്ങളുമായി ബന്ധപ്പെട്ട സത്യം പുറത്തുവരിക എന്നതുമാത്രമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇറ്റലിയിൽനിന്നുള്ള ഗ്ലോറിയ ബ്രൻചാനി, സ്ലോവേനിയയിൽനിന്നുള്ള മിറിയം കോവാച് എന്നീ മുൻ സന്ന്യാസിനികൾ പ്രസ്‌താവിച്ചു. ഫാ. റുപ്നിക്കിൽ നിന്നും മാനസികവും ശാരീരികവുമായ ചൂഷണങ്ങൾക്ക് തങ്ങൾ വിധേയരായിട്ടുണ്ടെന്ന് ഇരുവരും അവകാശപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: