“ദൈവം സ്വന്തം ജനത്തോടൊപ്പം സഞ്ചരിക്കുന്നു”
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള നൂറ്റിപ്പത്താം ദിനാചരണത്തിനുള്ള വിചിന്തന പ്രമേയം സമഗ്രമാനവപുരോഗതിക്കായുള്ള റോമൻകൂരിയാ വിഭാഗം പരസ്യപ്പെടുത്തി.
“ദൈവം തൻറെ ജനത്തോടൊപ്പം സഞ്ചരിക്കുന്നു” എന്നതാണ് ഇക്കൊല്ലം സെപ്റ്റംബർ 24-ന് ആചരിക്കപ്പെടുന്ന ഈ ദിനാചരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം. യാത്രികയായ ഇന്നത്തെ സഭയുടെ പ്രതിരൂപമായ കുടിയേറ്റക്കാരായ സഹോദരീസഹോദരന്മാരുടെ നേർക്കുള്ള സവിശേഷ ശ്രദ്ധയോടെ സഭയുടെ സഞ്ചാര മാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പ്രമേയമെന്ന് സമഗ്രമാനവപുരോഗതിക്കായുള്ള റോമൻകൂരിയാ വിഭാഗം ഒരു പത്രക്കുറിപ്പിൽ വിശദീകരിച്ചു.
എല്ലാ പ്രതിബന്ധങ്ങളെയും ഭീഷണികളെയും അതിജീവിച്ച് ഒരുമിച്ചു യഥാർത്ഥ മാതൃരാജ്യത്തിലെത്താൻ നടത്തേണ്ട സിനഡാത്മക യാത്രയാണിതെന്ന് ഈ പത്രക്കുറിപ്പ് പറയുന്നു. ഓരോ ചുവടുവയ്പ്പിലും മാർഗ്ഗനിർദ്ദേശവും സംരക്ഷണവും ഉറപ്പുനല്കിക്കൊണ്ട്. സ്വന്തം ജനത്തോടൊപ്പം സഞ്ചരിക്കുന്ന ദൈവത്തിൻറെ സാന്നിധ്യം, യാത്രാവേളയിൽ ഒരുവൻ എവിടെ ആയിരുന്നാലും, തിരിച്ചറിയേണ്ടത് സത്താപരമാണെന്ന് സമഗ്രമാനവപുരോഗതിക്കായുള്ള റോമൻകൂരിയാ വിഭാഗം ഓർമ്മിപ്പിക്കുന്നു. നമ്മുടെ ഹൃദയവാതിലിൽ മുട്ടുകയും കൂടിക്കാഴ്ചയ്ക്ക് സന്നദ്ധനായിരിക്കുകയും ചെയ്യുന്ന ഓരോ കുടിയേറ്റക്കാരനിലും, “ഇമ്മാനുവേൽ”’-“ദൈവം നമ്മോടുകൂടെ” ആയ കർത്താവിനെ തിരിച്ചറിയേണ്ടതും അതുപോലെതന്നെ സുപ്രധാനമാണെന്നും പത്രക്കുറിപ്പ് പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: