മുത്തശ്ശീമുത്തശ്ശന്മാരുടെ സംഭാവനകൾ വിലമതിക്കുന്ന ദിനാചരണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തലമുറകൾ തമ്മിൽ ബന്ധം കെട്ടിപ്പടുക്കുന്നതിനും ഏകാന്തതയ്‌ക്കെതിരെ പോരാടുന്നതിനും ഓരോ സഭാ സമൂഹത്തിൻറെയും പ്രതിബദ്ധത പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യമുള്ളതാണ് മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനും വേണ്ടിയുള്ള ദിനാചരണമെന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻകൂരിയാവിഭാഗം.
ഫ്രാൻസീസ് പാപ്പാ ഇക്കൊല്ലത്തെ ഈ ദിനാചരണത്തിന് തിരഞ്ഞെടുത്തിരിക്കുന്ന “വാർദ്ധക്യത്തിൽ എന്നെ തള്ളിക്കളയരുതേ!” എന്ന വിചന്തന പ്രമേയത്തെ അധികരിച്ച് ഈ വിഭാഗം പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇത് കാണുന്നത്.
നിർഭാഗ്യവശാൽ, വലിച്ചെറിയൽ സംസ്കാരത്തിന് പലപ്പോഴും ഇരകളാക്കപ്പെടുന്ന നിരവധിയായ വയോധികരുടെ ജീവിതത്തിലെ കയ്പേറിയ കൂട്ടാളിയാണ് ഏകാന്തതയെന്ന് അടിവരയിട്ടുകാട്ടുന്നതാണ് എഴുപത്തിയൊന്നാം സങ്കീർത്തനത്തിലെ ഒമ്പതാം വാക്യത്തിൽ നിന്ന് അടർത്തിയെടുത്തിരിക്കുന്ന ഈ പ്രമേയമെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
മുത്തശ്ശീമുത്തശ്ശന്മാരുടെയും പ്രായംചെന്നവരുടെയും സിദ്ധികളും സഭാജീവിതത്തിന് അവരേകുന്ന സംഭാവനകളും അവർക്കായുള്ള ദിനാചരണം വിലമതിക്കുന്നുവെന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻകൂരിയാവിഭാഗം പത്രക്കുറിപ്പിൽ പറയുന്നു.
ഇക്കൊല്ലം ജൂലൈ 28-നാണ് മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനുമായുള്ള നാലാം ലോകദിനാചരണം. 2021 ജനുവരി 31-ന്, ഞായറാഴ്ച, ത്രികാലപ്രാർത്ഥനാവേളയിലാണ് ഫ്രാൻസീസ് പാപ്പാ ആഗോളസഭാതലത്തിലുള്ള ഈ ദിനാചരണം പ്രഖ്യാപിച്ചത്. അനുവർഷം ജൂലൈ മാസത്തെ അവസാന ഞായറാഴ്ചയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: