തിരയുക

ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച, ഐക്യരാഷ്ട്രസഭയിൽ  പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ 

വർഗ്ഗീയതയ്ക്കെതിരായ പോരാട്ടം അതിൻറെ വേരിൽനിന്നു തുടങ്ങണം, ആർച്ചുബിഷപ്പ് കാച്ച!

ന്യുയോർക്കിൽ, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്, പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച വർഗ്ഗവിവേചന നിർമ്മാർജ്ജന അന്താരാഷ്ട്രദിനാചരണത്തോടനുബന്ധിച്ച് മാർച്ച് 21-ന് വ്യാഴാഴ്ച ഒരു സമ്മേളനത്തിൽ സംസാരിച്ചു. അറിവില്ലായ്മ, മുൻവിധി തുടങ്ങിയ വംശീയതയ്ക്കുള്ള കാരണങ്ങളാണെന്ന് അദ്ദേഹം പറയുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പലപ്പോഴും, അപര്യാപ്തമോ മോശമോ ആയ വിദ്യഭ്യാസത്തിൻറെ ഫലമായ അറിവില്ലായ്മ, മുൻവിധി എന്നിവയിലാണ് വർഗ്ഗീയത വേരു പിടിച്ചിരിക്കുന്നതെന്നും അതിനെതിരായ പോരാട്ടം ആ വേരുകളിൽ നിന്നു തുടങ്ങണമെന്നും ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച.

ന്യുയോർക്കിൽ, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്, പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം വർഗ്ഗവിവേചന നിർമ്മാർജ്ജന അന്താരാഷ്ട്രദിനാചരണത്തോടനുബന്ധിച്ച് മാർച്ച് 21-ന് വ്യാഴാഴ്ച നടന്ന ഒരു സമ്മേളനത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്.

"അംഗീകാരം, നീതി, വികസനം എന്നിവയുടെ ഒരു ദശകം: ആഫ്രിക്കൻ വംശജർക്കായി അന്താരാഷ്ട്ര ദശകത്തിൻറെ സാക്ഷാത്ക്കാരം" എന്നതായിരുന്നു ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.

വർഗ്ഗീയതയെയും വംശീയാടിസ്ഥാനത്തിലുള്ള വിവേചനത്തെയും പരിശുദ്ധസിംഹാസനം അതിശക്തം അസന്ദിഗ്ദം അപലപിക്കുന്നുവെന്ന് പറഞ്ഞ ആർച്ച്ബിഷപ്പ് കാച്ച വർഗ്ഗീയത വ്യക്തിപരമായും സാമൂഹ്യമായും വിവിധരൂപങ്ങളിൽ അരങ്ങേറുന്ന അവസ്ഥയെക്കുറിച്ച് പരാമർശിച്ചു. വർഗ്ഗീയത എന്ന പ്രശ്നത്തിൻറെ ഗൗരവത്തെക്കുറിച്ച് നിസ്സംഗരായിരിക്കാൻ നമുക്കാകില്ലെന്നും വംശീയതയെ നിസ്സംശയം തള്ളിക്കളയാനും ഓരോ മനുഷ്യവ്യക്തിയുടെയും സഹജമായ അന്തസ്സിനോടുള്ള ആദരവ് പരിപോഷിപ്പിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഒരുവൻറെ മേൽ അപരനുള്ള ആധിപത്യത്തെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടിൽ അധിഷ്ഠിതമാണ് വർഗ്ഗീയതയെന്നും ഇത് സകലമനുഷ്യരുടെയും ദൈവദത്തമായ അന്യാധീനപ്പെടുത്താനാവാത്ത ഔന്നത്യത്തിൻറെ പ്രത്യക്ഷ ധ്വംസനമാണെന്നും ആർച്ച്ബിഷപ്പ് കാച്ച കുറ്റപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 March 2024, 11:22