കാലാവസ്ഥാ പ്രതിസന്ധി പട്ടിണി വർദ്ധിപ്പിക്കുന്നു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
കഴിഞ്ഞ വർഷം 333 ദശലക്ഷത്തിലധികം ആളുകളാണ് കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിട്ടതെങ്കിൽ 2030 ഓടെ 600 ദശലക്ഷമായി ഉയരുമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 55 മത് സമ്മേളനത്തിൽ സംബന്ധിച്ചു കൊണ്ട് പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനും അപ്പോസ്തോലിക നുൺഷിയോയുമായ മോൺ. എത്തൊറെ ബലസ്ത്രെരോ അറിയിച്ചു.
ഭക്ഷണവും ആരോഗ്യകരമായ പരിസ്ഥിതിയും മനുഷ്യാവകാശവും തമ്മിലുള്ള പരസ്പര ബന്ധം മനസ്സിലാക്കി വേണം സാമ്പത്തിക കാലാവസ്ഥ നയങ്ങൾ രൂപീകരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തിന്റെ റിപ്പോർട്ട് ഉദ്ധരിച്ചു കൊണ്ട്, ലോകത്തെ പോറ്റാനുള്ള കഴിവ് നമുക്കുണ്ടെന്നും കാലാവസ്ഥാ വ്യതിയാനത്തിനും ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും ദരിദ്രരെയോ ഉയർന്ന ജനനനിരക്കിനെയോ കുറ്റപ്പെടുത്തുന്നത് "തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതും അസ്വീകാര്യവുമാണ്" എന്നും അദ്ദേഹം ചൂണ്ടികാട്ടി. കുട്ടികൾ "ഒരു വിഭവമാണ്, ഒരു പ്രശ്നമല്ല,", അദ്ദേഹം ഊന്നിപ്പറഞ്ഞു. ഏറ്റവും ദരിദ്രരും കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചവരും അന്തരീക്ഷത്തിൽ വിഷവായു പുറന്തള്ളലിന്റെ പത്ത് ശതമാനത്തിന് മാത്രമാണ് ഉത്തരവാദികൾ എന്ന് ആവർത്തിച്ചു. അതിന് ഉത്തരവാദികൾ പ്രധാനമായും സമ്പന്ന രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും മോൺ. എത്തൊറെ കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ, ആയുധീകരണത്തിനും സംഘർഷങ്ങൾക്കുമായി നിലവിൽ അനുവദിച്ചിരിക്കുന്ന "വിശാലമായ വിഭവങ്ങൾ" ഉപയോഗിച്ച് പട്ടിണി അവസാനിപ്പിക്കാൻ ഒരു ആഗോള ഫണ്ട് സ്ഥാപിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ ആവർത്തിച്ച് നിർദ്ദേശിച്ചിട്ടുള്ളതും മോൺ. എത്തൊറെ ബലസ്ത്രെരോ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: