മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങൾ മാനവാന്തസ്സിനെതിരായ ആക്രമണങ്ങൾ,ആർച്ചുബിഷപ്പ് കാച്ച!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാനവരാശി ആക്രമിക്കപ്പെടുമ്പോൾ മാനവാന്തസ്സ് ആക്രമിക്കപ്പെടുകയാണെന്ന് ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച.
ഏപ്രിൽ 1-ന് (01/4/24) ന്യുയോർക്കിൽ, ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ എഴുപത്തിയെട്ടാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരകുലത്തിനെതിരായ കുറ്റകൃത്യങ്ങളായിരുന്നു ചർച്ചാവിഷയം.
നരകുലത്തിനെതിരായ കുറ്റകൃത്യങ്ങൾ തടയുകയും ശിക്ഷിക്കുകയും ചെയ്യുക എന്നീ ദ്വിവിധ ലക്ഷ്യങ്ങൾ പുതിയതായി തയ്യാറാക്കുന്ന രേഖയ്ക്കുണ്ടെങ്കിലും അതിൻറെ കരടു രേഖയിൽ പ്രതിരോധലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ പരാമർശം ഇല്ലെന്ന് ആർച്ച്ബിഷപ്പ് കാച്ച പറയുന്നു. അതിനാൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ ഇരകളുണ്ടാകാനുള്ള സാധ്യത മനസ്സിലാക്കി പ്രതിരോധത്തിൻറെ അനിവാര്യതയെക്കുറിച്ചുള്ള ഒരു പരാമർശം ആമുഖത്തിൽ ഉൾപ്പെടുത്തുന്നത് അഭികാമ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
പരമാധികാര താൽപ്പര്യങ്ങൾക്ക് ഒരിക്കലും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്ന നിഗമനത്തിലേക്ക് നയിക്കുന്നതാണ്, മാനവാന്തസ്സിനോടുള്ള ആദരവും പൊതുനന്മയുടെ ഉന്നമനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ധാർമ്മികമായ ആവശ്യകതകൾ എന്ന് ആർച്ച്ബിഷപ്പ് കാച്ച വ്യക്തമാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: