തിരയുക

ഫ്രാൻസിസ് പാപ്പായും കർദ്ദിനാൾ ഉപദേശകസമിതിയും - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായും കർദ്ദിനാൾ ഉപദേശകസമിതിയും - ഫയൽ ചിത്രം  (Vatican Media)

സഭയിൽ സ്ത്രീകളുടെ പങ്കും, രൂപതാകൂരിയകളുടെ നവീകരണവും ചർച്ചചെയ്‌ത്‌ കർദ്ദിനാൾ ഉപദേശകസമിതി

ഏപ്രിൽ പതിനഞ്ച്, പതിനാറ് തീയതികളിൽ വത്തിക്കാനിൽ നടന്ന കർദ്ദിനാൾ ഉപദേശകസമിതിയോഗത്തിൽ സഭയിൽ സ്ത്രീകളുടെ പങ്കും, "പ്രദിക്കാത്തെ എവഞ്ചേലിയുമിന്റെ" പശ്ചാത്തലത്തിൽ രൂപതാ കൂരിയാകളുടെ നവീകരണവും ചർച്ചാവിഷയമായി. അടുത്ത സമ്മേളനം 2024 ജൂണിൽ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ ഏപ്രിൽ പതിനഞ്ച്, പതിനാറ് തീയതികളിൽ വത്തിക്കാനിലെ സാന്താ മാർത്താ ഭവനത്തിൽ സമ്മേളിച്ച ഒൻപതംഗ കർദ്ദിനാൾ ഉപദേശക സമിതിയുടെ യോഗം സഭയിൽ സ്ത്രീകളുടെ പങ്കും, റോമൻ കൂരിയായുടെ നവീകരണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ നൽകിയ "പ്രദിക്കാത്തെ എവഞ്ചേലിയുമിന്റെ" പശ്ചാത്തലത്തിൽ രൂപതാ കൂരിയാകളുടെ നവീകരണവും സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തു. മധ്യപൂർവ്വദേശങ്ങളിലും, ഉക്രൈനിലും അരങ്ങേറുന്ന സംഘർഷങ്ങളും സമ്മേളനത്തിൽ പരാമർശിക്കപ്പെട്ടു.

ഏപ്രിൽ പതിനഞ്ചിന് നടന്ന ചർച്ചകളിൽ, സഭയിൽ സ്ത്രീകളുടെ പങ്കു സംബന്ധിച്ച്, സി. റെജീന ദാ കോസ്താ പേദ്രോ, പ്രൊഫസ്സർ സ്റ്റെല്ല മോറ എന്നിവർ ആശയങ്ങൾ പങ്കുവച്ചു. ബ്രസിലിൽനിന്നുള്ള ഏതാനും സ്ത്രീകൾ മുന്നോട്ടു വച്ച ചിന്തകളും, അവരുടെ ജീവിതചരിത്രവുമാണ് സി. റെജീന കർദ്ദിനാൾ സമിതിക്ക് മുന്നിൽ വിശദീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്കാരങ്ങളിൽ, സ്ത്രീകൾ വഹിക്കുന്ന പങ്കിനെപ്പറ്റിയാണ്, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപിക കൂടിയായ ശ്രീമതി സ്റ്റെല്ല പങ്കുവച്ചത്.

ഏപ്രിൽ പതിനാറിന് നടന്ന യോഗങ്ങളിൽ, സിനഡിനെക്കുറിറിച്ചും, പ്രദിക്കാത്തെ എവഞ്ചേലിയുമിന്റെ പശ്ചാത്തലത്തിൽ ലോകത്തെങ്ങുമുള്ള രൂപതാ കൂരിയാകളുടെ നവീകരണത്തെക്കുറിച്ചും കർദ്ദിനാൾ മാരിയോ ഗ്രെക്, മോൺസിഞ്ഞോർ പിയെറോ കോദ എന്നിവർ ആശയങ്ങൾ പങ്കുവച്ചു. സമ്മേളനത്തിൽ പങ്കെടുത്ത കർദ്ദിനാൾമാർ തങ്ങളുടെ പ്രദേശങ്ങളിലെ, സാമൂഹിക, രാഷ്ട്രീയ, സഭാ വിശേഷങ്ങൾ പങ്കുവച്ചു.

സമ്മേളനത്തിന്റെ പല അവസരങ്ങളിലും ലോകത്ത് നിലനിൽക്കുന്ന വിവിധ യുദ്ധങ്ങളും സംഘർഷങ്ങളും പ്രത്യേകമായി പരാമർശിക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകളുടെ ജീവിതങ്ങളെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്ന ഈ സംഘർഷങ്ങളെക്കുറിച്ച് പാപ്പായും കർദ്ദിനാൾമാരും ആശങ്ക പ്രകടിപ്പിക്കുകയും, സമാധാനസ്ഥാപനത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. സമാധാനസ്ഥാപനത്തിനായി പ്രവർത്തിക്കാൻ ഉത്തരവാദിത്വമുള്ളവർ, അതിനായി മുന്നോട്ടിറങ്ങിവരട്ടെയെന്ന പ്രത്യാശ ഏവരും പങ്കുവച്ചു.

വരുന്ന ജൂൺ മാസത്തിലായിരിക്കും കർദ്ദിനാൾ ഉപദേശകസമിതിയുടെ അടുത്ത സമ്മേളനം. സമിതിയുടെ ഭാഗമായ ബോംബെ ആർച്ച്ബിഷപ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും കഴിഞ്ഞ ദിവസങ്ങളിലെ സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു. വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ, വത്തിക്കാൻ നഗരത്തിനും ഭരണകാര്യാലയത്തിനും വേണ്ടിയുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടൊ വേർഗെസ് അൽസാഗ, കോംഗൊയിലെ കിൻഷാസ അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഫ്രിദൊളിൻ അമ്പോംഗൊ ബെസുംഗൂ, അമേരിക്കൻ ഐക്യനാടുകളിലെ ബോസ്റ്റൺ അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഷോൻ പാട്രിക് ഒ മാല്ലീ, സ്പെയിനിലെ ബർസെല്ലോണ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഹുവാൻ ഹൊസേ ഒമേല്ല ഒമേല്ല, കാനഡയിലെ ക്ബെക് അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജെറാൾഡ് ലക്രോയ്, ലക്സംബർഗ് ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോൺ ക്ലോഡ് ഹൊള്ളെറിക്, ബ്രസീലിലെ സാവൊ സാർവദോർ ദ ബഹീയ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ സേർജൊ ദ റോഷ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ബിഷപ്പ് മാർക്കൊ മെല്ലീനൊയാണ് കർദ്ദിനാൾ ഉപദേശകസമിതിയുടെ സെക്രെട്ടറി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 April 2024, 13:52