വത്തിക്കാന്റെ കൃത്രിമ ബുദ്ധി നൈതികകരാറിൽ ചിസ്‌കോ കമ്പനി ഒപ്പുവച്ചു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
കൃത്രിമബുദ്ധിയുടെ അതിപ്രസരം സമൂഹത്തിൽ സമൂലമായ മാറ്റം കൊണ്ടുവരുമ്പോൾ അതിനു നൈതികമായ ഒരു നിയന്ത്രണം ആവശ്യപ്പെടുന്ന വത്തിക്കാൻ കരാറിൽ , ഏപ്രിൽ മാസം ഇരുപത്തിനാലാം തീയതി, ബഹുമുഖ വിവരസാങ്കേതിക കമ്പനിയായ ചിസ്‌കോ ഒപ്പുവച്ചു.
കൃത്രിമ ബുദ്ധിയുടെ ഉപയോഗത്തിൽ നിർണ്ണായകമായ പങ്കു വഹിക്കുന്ന ഒരു കമ്പനി എന്ന നിലയിൽ, അടിസ്ഥാനസൗകര്യങ്ങൾ, വിവര സംരക്ഷണം, സുരക്ഷിതത്വം എന്നിവയുടെ വൈദഗ്ധ്യം ചിസ്‌കോ കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്നും , അതിൽ പരിശുദ്ധ സിംഹാസനത്തിനു അതിയായ സന്തോഷമുണ്ടെന്നും , ജീവനു വേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്രസിഡന്റ് മോൺസിഞ്ഞോർ വിൻചെൻസൊ പാല്യ പറഞ്ഞു.
"റോം കോൾ ഫോർ എത്തിക്സ്" എന്ന തലക്കെട്ടിലാണ് ബഹുരാഷ്ട്ര കമ്പനികളുമായി, കൃത്രിമബുദ്ധിയുടെ നൈതികമായ ഉപയോഗത്തിനു വത്തിക്കാൻ കരാർ ഉണ്ടാക്കി, അതിൽ ഒപ്പു വയ്ക്കുന്നത്. കൃത്രിമ ബുദ്ധിയുടെ വികസനത്തിൻ്റെ ധാർമ്മികത എന്നത്തേക്കാളും അടിയന്തിരമായിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ലോകം മുഴുവൻ. അതിനാൽ ഇത്തരത്തിൽ ഒരു കരാറിന്റെ പ്രസക്തിയും എടുത്തു പറയേണ്ടതാണ്.
ഇതിനോടകം കരാറിൽ ഒപ്പുവച്ച കമ്പനികളിൽ, മൈക്രോസോഫ്റ്റ്, ഐ ബി എം എന്നിവയും ഉൾപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാർഷിക സംഘടനയായ ഫാവോയും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ലോകത്തിലെ നിരവധി സർവകലാശാലകളും വത്തിക്കാൻ മുൻപോട്ടു വച്ച കരാറിലെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: