തിരയുക

കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ 

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ പുതിയ പ്രഖ്യാപനങ്ങൾ!

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം അത്ഭുതം, രക്തസാക്ഷിത്വം, വീരോചിത പുണ്യങ്ങൾ എന്നിവ അംഗീകരിക്കുന്ന പുതിയ മൂന്നു പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം പുതിയ മൂന്നു പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.

ഈ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയ്ക്ക് ശനിയാഴ്ച (13/04/24) അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസീസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് ഈ പ്രഖ്യാപനങ്ങൾ പുറപ്പെടുവിക്കപ്പെട്ടത്.

ഇവയിൽ ആദ്യത്തേത്, ഇറ്റലിയിൽ ലൂക്കാ എന്ന സ്ഥലത്ത് 1835 ജൂൺ 23 ജനിച്ച വാഴ്ത്തപ്പെട്ട എലേന ഗ്വേറയുടെ മദ്ധ്യസ്ഥതയാൽ നടന്ന ഒരു അത്ഭുതം അംഗീകരിക്കുന്നതാണ്. പരിശുദ്ധാരൂപിയുടെ സമർപ്പിതകൾ എന്ന സന്ന്യാസിനീസമൂഹത്തിൻറെ സ്ഥാപകയായ വാഴ്ത്തപ്പെട്ട എലേന 1914 ഏപ്രിൽ 11-ന് ജന്മസ്ഥലമായ ലൂക്കായിൽ വച്ചു മരണമടഞ്ഞു.

രണ്ടാമത്തെ പ്രഖ്യാപനം സ്പെയിനിൽ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട ഗയെത്താനൊ ക്ലവുസെയ്യാസ് ബയ്വേ, അന്തോണിയൊ തോർത്ത് റെയിക്സാസ് എന്നീ ദൈവദാസരുടെ നിണസാക്ഷിത്വം അംഗീകരിക്കുന്നതാണ്.  രൂപതാവൈദികനായിരുന്ന ദൈവദാസൻ ഗയെത്താനൊ സ്പെയിനിലെ സബദെയിൽ 1863 ആഗസ്റ്റ് 5-ന് ജനിക്കുകയും ആ പ്രദേശത്തിനടുത്തു വച്ചുതന്നെ 1936 ആഗസ്റ്റ് 15-ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.

അല്മായനും കുടുംബനാഥനുമായിരുന്ന അന്തോണിയൊയുടെ ജനനം 1895 മാർച്ച് 28-ന് സ്പെയിനെലെ ബർസെല്ലോണയിൽ ആയിരുന്നു. അദ്ദേഹം 1936 ഡിസംബറിൽ അന്നാട്ടിലെ തന്നെ മോന്ത്കാദ എന്ന സ്ഥലത്തു വച്ച് വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടു.

മൂന്നാമത്തെ പ്രഖ്യാപനം ഇറ്റലി സ്വദേശിനിയും ലെവൂക്കയിലെ വിശുദ്ധ മറിയത്തിൻറെ പുത്രികൾ എന്ന സന്ന്യാസിനീ സമൂഹത്തിലെ സഹോദരിയുമായിരുന്ന ദൈവദാസി തെരേസ ലാൻഫ്രാങ്കൊയുടെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്നതാണ്. 1920 മാർച്ച 24-ന് ഇറ്റലിയിലെ ഗല്ലീപ്പൊളി എന്ന സ്ഥലത്ത് ജനിച്ച ദൈവദാസി തെരേസ റോമിൽ വച്ച് 1989 ജൂൺ 8-ന് മരണമടഞ്ഞു.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2024, 12:38