മനുഷ്യാന്തസ്സിന്റെ ഗുരുതര ലംഘനങ്ങളുടെ പട്ടിക പുറത്തുവിട്ട് വത്തിക്കാൻ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
മനുഷ്യാന്തസ്സിന്റെ ഗുരുതര ലംഘനങ്ങളുടെ പട്ടിക വിവരിച്ചുകൊണ്ടും, ഈ ബഹുമാനം വീണ്ടെടുക്കുവാൻ ഉദ്ബോധിപ്പിച്ചുകൊണ്ടും വിശ്വാസ പ്രമാണത്തിനായുള്ള ഡിക്കസ്റ്ററി 'അപരിമേയമായ ആദരണീയത' (Dignitas Infinita) എന്ന പ്രസ്താവന പ്രസിദ്ധീകരിച്ചു. 2024 ഏപ്രിൽ മാസം എട്ടാം തീയതിയാണ് ഔദ്യോഗികമായി പ്രസിദ്ധീകരണം നടത്തിയത്.
വിവിധങ്ങളായ മാനുഷിക മൂല്യങ്ങളുടെയും, മേന്മയുടെയും കടുത്ത ലംഘനങ്ങൾ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. യുദ്ധങ്ങൾ, ദാരിദ്ര്യം, കുടിയേറ്റക്കാർക്കെതിരായ അതിക്രമം, സ്ത്രീകൾക്കെതിരായ അതിക്രമം, ഗർഭച്ഛിദ്രം, വാടക മാതൃത്വം, ദയാവധം, ലിംഗ സിദ്ധാന്തം, ഡിജിറ്റൽ അക്രമം തുടങ്ങിയ ഗുരുതര പ്രശ്നങ്ങളെ പ്രസ്താവനയിൽ എടുത്തു പറയുന്നു.
ഈ പ്രസ്താവനയിലൂടെ ക്രൈസ്തവ നരവംശശാസ്ത്രത്തിനുള്ളിൽ മനുഷ്യ വ്യക്തിയുടെ അന്തസെന്ന ആശയത്തിൻ്റെ അനിവാര്യത ഒരിക്കൽക്കൂടി എടുത്തു കാണിക്കുന്നു. അഞ്ചുവർഷത്തെ നീണ്ട പഠനങ്ങളുടെ ഫലമായിട്ടാണ് ഇപ്പോൾ ഈ രേഖ പ്രസിദ്ധീകരിക്കപ്പെട്ടതെന്നതും ഏറെ പ്രധാനപ്പെട്ട വസ്തുതയാണ്.
ദൈവത്തിൻ്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടതും, യേശുക്രിസ്തുവിൽ വീണ്ടെടുക്കപ്പെട്ടതുമായ മനുഷ്യവ്യക്തിയുടെ അന്തർലീനമായ അന്തസ്സ്, ഓരോ മനുഷ്യന്റെയും ജീവിതാവസ്ഥയോ, ഗുണങ്ങളോ പരിഗണിക്കാതെ തുല്യമായി പരിഗണിക്കുവാനുള്ള ആഹ്വാനവും രേഖ നൽകുന്നു. 'മാനുഷിക അന്തസ്' എന്നതിനേക്കാൾ 'വ്യക്തിപരമായ അന്തസ്' എന്ന പദപ്രയോഗം തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്നും പ്രസ്താവന അടിവരയിടുന്നു. അതിനാൽ യുക്തിയുടെ പേരിൽ അന്തസ്സിന് കളങ്കം വരുത്തുന്നത് തെറ്റാണെന്നും രേഖ ചൂണ്ടിക്കാണിക്കുന്നു.
മനുഷ്യജീവിതത്തിനെതിരെയുള്ള എല്ലാ കുറ്റകൃത്യങ്ങളിലുമെന്നതുപോലെ, ഗർഭച്ഛിദ്രത്തിനും ഗൗരവമേറിയതും, നിന്ദ്യവുമായ സ്വഭാവസവിശേഷതകൾ ഉണ്ടെന്ന് രേഖ പറയുന്നു. അതുപോലെ ഒരു സ്ത്രീയുടെയും, അവളുടെ കുട്ടിയുടെയും അന്തസ്സിനെ ഗുരുതരമായി നശിപ്പിക്കുന്ന വാടകഗർഭധാരണവും ഒഴിവാക്കപ്പെടണമെന്ന് രേഖ കൂട്ടിച്ചേർക്കുന്നു.
സ്വവർഗാനുരാഗികളോടുള്ള "അന്യായമായ വിവേചനത്തിൻ്റെ എല്ലാ അടയാളങ്ങളും പ്രത്യേകിച്ച് എല്ലാത്തരം ആക്രമണങ്ങളും ഒഴിവാക്കണമെന്നു ഊന്നിപ്പറയുന്ന രേഖയിൽ, മനുഷ്യമേന്മയ്ക്ക് വിരുദ്ധമായി ഇത്തരം ആളുകളെ തടങ്കലിൽ വയ്ക്കുന്നതും, പീഡിപ്പിക്കുന്നതും അപലപനീയമാണെന്നും അടിവരയിടുന്നു.
"മനുഷ്യജീവിതം, ഭൗതികവും ആത്മീയവുമായ എല്ലാ ഘടകങ്ങളിലും, ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ്, അത് നന്ദിയോടെ സ്വാഗതം ചെയ്യുകയും നന്മയുടെ സേവനത്തിൽ ഉൾപ്പെടുത്തുകയും വേണം. ലിംഗസിദ്ധാന്തം അനുശാസിക്കുന്നതുപോലെ പുരുഷനും സ്ത്രീയും തമ്മിലുള്ള അനിഷേധ്യമായ ലൈംഗിക വ്യത്യാസത്തെക്കുറിച്ചുള്ള പരാമർശത്തെ മറയ്ക്കുന്ന എല്ലാ ശ്രമങ്ങളും നിരസിക്കപ്പെടണമെന്നും രേഖ ആവശ്യപ്പെടുന്നു.
എല്ലാ സാഹചര്യങ്ങൾക്കും അതീതമായി മനുഷ്യവ്യക്തിയുടെ അന്തസ്സിനു വേണ്ടിയുള്ള പോരാട്ടം പൊതുനന്മയ്ക്കും, എല്ലാ നിയമ വ്യവസ്ഥകൾക്കും വേണ്ടിയുള്ള പ്രതിബദ്ധതയാകണമെന്ന ആഹ്വാനത്തോടെയാണ് പ്രസ്താവന അവസാനിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: