പൗരസ്ത്യസഭകൾക്കയായുള്ള സംഘത്തിന് പുതിയ ഉപകാര്യദർശി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മോൺസിഞ്ഞോർ ഫിലീപ്പൊ ചമ്പനേല്ലിയെ (Msgr.Filippo Ciampanelli) പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ പുതിയ ഉപകാര്യദർശിയായി ഫ്രാൻസീസ് പാപ്പാ നിയമിച്ചു.
തിങ്കളാഴ്ചയാണ് (15/04/24) ഈ നിയമന ഉത്തരവുണ്ടായത്. വത്തിക്കാൻ സംസ്ഥാനകാര്യാലയത്തിലെ പൊതുകാര്യവിഭാഗത്തിൽ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു മോൺസിഞ്ഞോർ ചമ്പനേല്ലി.
ഇറ്റലി സ്വദേശിയായ അദ്ദേഹം നൊവാറ എന്ന സ്ഥലത്ത് 1978 ജൂലൈ 30-ന് ജനിച്ചു. 2003 ജൺ 21-ന് ഗുരുപ്പട്ടം സ്വീകരിച്ച മോൺസിഞ്ഞോർ ചമ്പനേല്ലി ദൈവവിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടിയതിനു ശേഷം നയന്ത്രപരിശീലനത്തിനായി പൊന്തിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദമിയിൽ ചേരുകയും 2009 ജൂലൈ 1-ന് പരിശുദ്ധസിംഹാസനത്തിൻറെ നയതന്ത്രവിഭാഗത്തിൽ പ്രവേശിക്കുകയും ചെയ്തു.
ജോർജിയ, അർമേനിയ, അസെർബൈജാൻ, ബെലാറുസ് എന്നിവടങ്ങളിൽ പരിശുദ്ധസിംഹാസനത്തിൻറെ നയതന്ത്രകാര്യാലയങ്ങളിൽ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: