ദൈവത്തിന്റെ ചരിത്ര രചന ഇന്നും തുടരുന്നു: കർദിനാൾ മാരിയോ ഗ്രെച്ച്
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
സിനഡിനുവേണ്ടിയുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇടവക പുരോഹിതരുടെ അന്താരാഷ്ട്ര സമ്മേളനം റോമിൽ ഏപ്രിൽ മാസം 29 മുതൽ മെയ് മാസം 2 വരെ നടക്കുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ സിനഡ് സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെച്ച് ആശംസകൾ നേർന്നു സംസാരിച്ചു. സിനഡാലിറ്റി: യേശു നമ്മോടൊപ്പം നടക്കുന്നു എന്ന പ്രധാന ആശയത്തിലൂന്നിയാണ് കർദിനാൾ തന്റെ വാക്കുകൾ പങ്കുവച്ചത്.
ഉല്പത്തി പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന സംഭവങ്ങളുടെ വെളിച്ചത്തിൽ രചിക്കപ്പെട്ട അമേരിക്കൻ പുലിറ്റ്സർ സമ്മാന ജേതാവായ മെർലിൻ റോബിൻസന്റെ ഏറ്റവും പുതിയ പുസ്തകമായ റീഡിംഗ് ജെനിസിസിന്റെ സന്ദേശം എടുത്തു പറഞ്ഞുകൊണ്ടാണ് കർദിനാൾ വൈദികർക്ക് സിനഡാലിറ്റിയുടെ യഥാർത്ഥ ചൈതന്യം വിശദീകരിച്ചത്. കഷ്ടപ്പാടും സന്തോഷവും, നിരാശയും പ്രതീക്ഷയും, ത്യാഗവും പ്രതിഫലവും, ഉപേക്ഷിക്കലും അനുഗ്രഹവും, മരണവും, ജീവിതവും എല്ലാം ഇടകലർന്ന ഉത്പത്തിപുസ്തകത്തിന്റെ ഏടുകൾ മാനവികതയുടെ യഥാർത്ഥ മുഖങ്ങളാണെന്ന് അദ്ദേഹം അടിവരയിട്ടു. ഇപ്രകാരം സമ്മിശ്രമായ കഥകൾ ഉൾക്കൊള്ളുന്ന വിവിധ ഇടവകകളുടെ പ്രതിനിധികളാണ് ഓരോ ഇടവക വൈദികരെന്നും കർദിനാൾ പറഞ്ഞു.
നമ്മെ വ്യത്യസ്തരാക്കുന്നതെല്ലാം ഉണ്ടായിരുന്നിട്ടും, നമ്മുടെ കഥകളെ സമാനമാക്കുന്ന നിരവധി അനുഭവങ്ങൾ പങ്കുവയ്ക്കുവാൻ വൈദികരെന്ന നിലയിൽ നമുക്ക് സാധിക്കുന്നത്, ദൈവം ഇപ്പോഴും തന്റെ ചരിത്രം എഴുതിക്കൊണ്ടിരിക്കുന്നതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ സിനഡാലിറ്റിയുടെ യഥാർത്ഥ അർത്ഥവും ചൈതന്യവും ദൈവത്തോടൊപ്പം നടക്കുക എന്നതാണെന്നും കർദിനാൾ മാരിയോ എടുത്തു പറഞ്ഞു. ജീവിതത്തിന്റെ കഥകളിൽ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടെന്നു തിരിച്ചറിയുവാൻ അവരെ സഹായിക്കുന്നതാണ് വൈദികരെന്ന നിലയിൽ എല്ലാവരുടെയും പ്രധാന ഉത്തരവാദിത്വമെന്നും അദ്ദേഹം അടിവരയിട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: