വത്തിക്കാനിൽ നടന്ന ആദ്യയുവജനസംഗമത്തിനു നാൽപ്പത് വയസ്
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
നാൽപ്പതു വർഷങ്ങൾക്കു മുൻപ് 1984, ഏപ്രിൽ മാസം 14, 15 തീയതികളിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, അന്നത്തെ പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമന്റെ നേതൃത്വത്തിൽ നടത്തിയ ആഗോളയുവജനസംഗമത്തിന്റെ, സ്മരണകൾ ആഘോഷിക്കുവാൻ റോമിലെ അന്താരാഷ്ട്ര യുവജനസംഗമ കേന്ദ്രമായ വിശുദ്ധ ലോറൻസ് ശാലയിൽ വച്ച് രണ്ടു ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നു. അല്മായർക്കും, കുടുംബത്തിനും,ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയും, ജോൺ പോൾ രണ്ടാമൻ ഫൗണ്ടേഷനും ചേർന്നാണ് ആഘോഷപരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.
ആഗോളയുവജന സംഗമത്തിന് ആധുനികയുഗത്തിൽ എന്തു പ്രസക്തിയാണുള്ളതെന്ന് സമ്മേളനത്തിൽ ചർച്ച ചെയ്യും. ഏപ്രിൽ മാസം പതിമൂന്നാം തീയതി, ശനിയാഴ്ച്ച വൈകുന്നേരം ആറു മണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നിന്നും ആരംഭിക്കുന്ന വിശുദ്ധ കുരിശും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം സമ്മേളനനഗരിയിൽ എത്തിച്ചേരുന്നതോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ഏഴു മണിക്ക് വിദ്യാഭ്യാസത്തിനും, സംസ്കാരത്തിനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ഹോസെ തോളെന്തീനോ യുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന. ജാഗരണപ്രാർത്ഥനയോടെ ആദ്യദിവസത്തെ കർമ്മങ്ങൾക്ക് സമാപനമാകും.
പ്രഥമ യുവജനസംഗമത്തിൻ്റെ വാർഷികമായ ഏപ്രിൽ പതിനാലാം തീയതി, വൈദികർക്ക് വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ലാസർ യൂ ഹ്യൂങ്-സിക്ക്, വിശുദ്ധ കുർബാന അർപ്പിക്കും. പ്രത്യാശയുടെയും, സാഹോദര്യത്തിന്റെയും സന്ദേശമടങ്ങുന്ന 'ക്രിസ്തു ജീവിക്കുന്നു' എന്ന അപ്പസ്തോലിക പ്രബോധനത്തെ അടിസ്ഥാനമാക്കി 2025 വിശുദ്ധ വർഷത്തിന് വേണ്ടിയുള്ള ഒരുക്കത്തിന് സമപ്രായക്കാരായ യുവജനങ്ങളെ ക്ഷണിക്കുവാനും ഈ സംഗമം ലക്ഷ്യമിടുന്നു.
1984 ലെ ആദ്യ യുവജനസംഗമത്തിൽ മൂന്നുലക്ഷത്തിലധികം അംഗങ്ങളാണ് പങ്കെടുത്തത്. ആറായിരത്തോളം റോമൻ കുടുംബങ്ങൾ തങ്ങളുടെ വീടുകളിലാണ് ഇവർക്കെല്ലാം ആതിഥേയത്വം ഒരുക്കിയെന്നതും വ്യതിരിക്തമായ ഒരു വസ്തുതയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: