തിരയുക

കോംഗോ ജനത്തിന്റെ  നാശത്തിനും ദുരിതത്തിനും കാരണമാകുന്ന സംഘട്ടനങ്ങൾ. കോംഗോ ജനത്തിന്റെ നാശത്തിനും ദുരിതത്തിനും കാരണമാകുന്ന സംഘട്ടനങ്ങൾ.   (AFP or licensors)

സായുധ സംഘട്ടനങ്ങളിലുള്ള സാധാരണ ജനങ്ങളുടെ മരണം ഓരോ വർഷവും വർദ്ധിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭ

ആഗോളയുദ്ധത്തിന്റെ കാലം എന്നറിയപ്പെടുന്ന ഒരു ലോകത്ത് സമാധാനത്തിന്റെ അടിയന്തിര ആവശ്യകതയുണ്ടെന്ന് പറയുന്നതിൽ ഫ്രാൻസിസ് പാപ്പാ തളരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച പാപ്പാ പൊതുജന കൂടിക്കാഴ്ചയിൽ പറഞ്ഞ കാര്യങ്ങൾക്ക് തെളിവു നൽകുന്ന ഭയാനകമായ കണക്കുകളാണ് ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയിൽ അവതരിപ്പിച്ചത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

കഴിഞ്ഞ വർഷം, ലോകമെമ്പാടുമുള്ള സായുധ സംഘട്ടനങ്ങൾ 33,000 സാധാരണക്കാരുടെ മരണത്തിനാണ് കാരണമായത്. ഇത് 2022 നെ അപേക്ഷിച്ച് 72% വർദ്ധനവാണ് കാണിക്കുന്നത്. ഐക്യരാഷ്ട്രസഭ 'ആന്നൂസ് ഹൊറിബിലിസ്' ഭീകരമായ വർഷം എന്നാണ് 2023 നെ വിശേഷിപ്പിച്ചത്.

യഥാർത്ഥ സംഖ്യ "കൂടുതലായിരിക്കാം" എങ്കിലും, 2023 ൽ സിവിലിയൻമാർക്ക് സംഭവിച്ച നാശനഷ്ടങ്ങളും കഷ്ടപ്പാടുകളും "അന്താരാഷ്ട്ര മാനുഷിക നിയമത്തോടും മനുഷ്യാവകാശങ്ങളോടുമുള്ള ഭയാനകമായ അവഗണന" യാണ് ഉയർത്തിക്കാട്ടുന്നതെന്ന്  ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി എമർജൻസി റിലീഫ് കോർഡിനേറ്റർ ജോയ്സ് മസൂയ പറഞ്ഞു. ഇസ്രായേൽ സൈനിക നടപടികമൂലം  "ഇന്നേ വരെയുണ്ടാകാത്തത്രയും മരണത്തിനും നാശത്തിനും ദുരിതത്തിനും" കാരണമായ ഗാസയിലേക്ക് പ്രത്യേക ശ്രദ്ധ ക്ഷണിച്ചു കൊണ്ട് അവിടെ നടന്നു കൊണ്ടിരിക്കുന്ന സംഘർഷത്തെ 'കുട്ടികൾക്കെതിരായ യുദ്ധം' എന്നാണ് യുണിസെഫ് വിശേഷിപ്പിച്ചത്.

സൈന്യവും അർദ്ധസൈനിക വിഭാഗങ്ങളും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ട 2023 ഏപ്രിലിനും ഡിസംബറിനും ഇടയിൽ 12,200 ലധികം ആളുകൾ കൊല്ലപ്പെടുകയും 33,000 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സുഡാനിലും സ്ഥിതി വളരെ ഗുരുതരമാണ്. യുക്രെയ്നിൽ, കുഴിബോംബുകളിൽ നിന്നും മറ്റായുധങ്ങളിൽ നിന്നുമുള്ള സിവിലിയൻ മരണങ്ങൾ കഴിഞ്ഞ വർഷം 16% വർദ്ധിച്ചു.

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മാലി, മ്യാന്മർ, നൈജീരിയ, സൊമാലിയ, ദക്ഷിണ സുഡാൻ, സിറിയ എന്നിവിടങ്ങളിലേക്ക് ആഗോള പ്രതിസന്ധി വ്യാപിക്കുന്നു. വ്യാപകമായ ഈ ഭീകരത നമ്മുടെ മനസ്സാക്ഷിയെ ഉണർത്തണം. സായുധ സംഘട്ടനങ്ങളിൽ സിവിലിയന്മാരുടെ സംരക്ഷണത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ ചർച്ചയ്ക്കിടെ, വത്തിക്കാനിലെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ഗബ്രിയേലോ കാച്ചാ സിവിലിയൻ ഇരകളെ " സമാന്തര നാശനഷ്ടമായി" കണക്കാക്കരുതെന്നും മറിച്ച് "പേരുകളും കുടുംബപ്പേരുകളും" ഉള്ള "പുരുഷന്മാരും സ്ത്രീകളും" ആയി കണക്കാക്കണമെന്നുള്ള  പാപ്പയുടെ വാക്കുകൾ ആവർത്തിച്ചു ഊന്നിപ്പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 May 2024, 10:48