വിശ്വാസി-സഭാ പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷരുടെ സമ്മേളനം വത്തിക്കാനിൽ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കസ്റ്ററി പ്രോത്സാഹിപ്പിക്കുന്ന വിശ്വാസി-സഭാ പ്രസ്ഥാനങ്ങളുടെ പുതിയ കൂട്ടായ്മ അദ്ധ്യക്ഷന്മാരുടെ വാർഷികയോഗം ജൂൺ മാസം പതിമൂന്നാം തീയതി വത്തിക്കാനിൽ വച്ച് സമ്മേളിക്കും. വത്തിക്കാനിലെ പുതിയ സിനഡൽ ശാലയിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. ഏകദേശം ഇരുനൂറോളം അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും. 'സിനഡാലിറ്റിക്കും, ദൗത്യനിർവഹണത്തിനുമുള്ള വെല്ലുവിളികൾ', എന്നതാണ് യോഗത്തിന്റെ പ്രമേയം.
ത്രിത്വ കൂട്ടായ്മയുടെ പ്രതിച്ഛായയിൽ, കൂട്ടായ്മയുടെ സിനഡൽ മാനം പൂർണ്ണമായി നടപ്പിലാക്കുന്നതിനുള്ള കൂടിയാലോചനകളും, ചിന്തകളും, സംവാദങ്ങളുമാണ് യോഗത്തിന്റെ പ്രധാന അജണ്ടകൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ യോഗത്തിൽ സംബന്ധിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തും.
സാമുദായിക വിവേചനാധികാരം, സർക്കാർ ചുമതലകൾ ഏറ്റെടുക്കുന്നതിൽ സാധാരണക്കാരുടെയും നിയുക്ത മന്ത്രിമാരുടെയും സഹ-ഉത്തരവാദിത്തം, സുവിശേഷവൽക്കരണം, ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിൽ വിവാഹിതരായ ദമ്പതികളുടെയും, യുവാക്കളുടെയും പങ്കാളിത്തം മുതലായ കാര്യങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.
അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ കെവിൻ ഫാരെലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: