സമ്മേളനത്തിൽ കർദിനാൾ പിയെത്രോ പരോളിൻ സംസാരിക്കുന്നു  സമ്മേളനത്തിൽ കർദിനാൾ പിയെത്രോ പരോളിൻ സംസാരിക്കുന്നു   (ANSA)

സമാധാനത്തിലേക്കുള്ള ഏക വഴി സംഭാഷണമാണ്: കർദിനാൾ പരോളിൻ

സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടന്ന , ഉക്രൈൻ സമാധാനസംസ്ഥാപനത്തിനുള്ള ഉന്നതതല ചർച്ചകളിൽ ഫ്രാൻസിസ് പാപ്പായെ പ്രതിനിധീകരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പങ്കെടുത്തു സംസാരിച്ചു.

ഇസബെല്ല പീറോ, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടന്ന , ഉക്രൈൻ സമാധാനസംസ്ഥാപനത്തിനുള്ള ഉന്നതതല ചർച്ചകളിൽ ഫ്രാൻസിസ് പാപ്പായെ പ്രതിനിധീകരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പങ്കെടുത്തു സംസാരിച്ചു. തന്റെ പ്രസ്താവനയിൽ, കക്ഷികൾ തമ്മിലുള്ള സംഭാഷണത്തിന്റെ ആവശ്യകതയും, അന്താരാഷ്‌ട്ര നിയമങ്ങളോടുള്ള വിധേയത്വവും, രാജ്യങ്ങളുടെ പരമാധികാരവും, കുട്ടികളുടെയും, തടവിലാക്കപ്പെട്ടവരുടെയും സംരക്ഷണവും അടിവരയിട്ടു പറഞ്ഞു.

സുസ്ഥിരവും നീതിയുക്തവുമായ സമാധാനം കൈവരിക്കാൻ ഏകമാർഗം ഉൾപ്പെട്ടിരിക്കുന്ന കക്ഷികൾ തമ്മിലുള്ള സംഭാഷണം മാത്രമാണെന്ന് കർദിനാൾ ആവർത്തിച്ചു പറഞ്ഞു. ജൂൺ മാസം 15, 16 തീയതികളിലായിട്ടാണ് ഉന്നതതലയോഗം ചേർന്നത്. പീഡിപ്പിക്കപ്പെടുന്ന ഉക്രൈൻ ജനതയോടുള്ള ഫ്രാൻസിസ് പാപ്പായുടെ നിരന്തരപ്രതിബദ്ധതയും, അടുപ്പവും കർദിനാൾ ഓർമ്മിപ്പിച്ചു.

കഷ്ടതയിൽ ആയിരിക്കുന്ന ഈ ജനതയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുവാൻ അന്താരാഷ്ട്ര സമൂഹങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഉക്രേനിയൻ, റഷ്യൻ അധികാരികളുമായി നിരന്തരമായ സമ്പർക്കം നിലനിർത്തിക്കൊണ്ട്, എത്രയും വേഗം സമാധാനം കൈവരിക്കുവാൻ വത്തിക്കാൻ നടത്തുന്ന പരിശ്രമങ്ങളും കർദിനാൾ ചൂണ്ടിക്കാട്ടി.

ഓരോ രാജ്യത്തിൻ്റെയും പരമാധികാരത്തെയും അതിൻ്റെ പ്രദേശത്തിൻ്റെ സമഗ്രതയെയും ബഹുമാനിക്കുക എന്ന അടിസ്ഥാന തത്വത്തിൻ്റെ സാധുത എടുത്തുപറഞ്ഞ കർദിനാൾ പരോളിൻ, കുട്ടികളുടെ മേൽ നടത്തുന്ന അതിക്രമങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്തു. സമാധാനശ്രമങ്ങൾക്ക് കർദിനാൾ മത്തേയോ സൂപ്പിയുടെ നേതൃത്വത്തിൽ ആരംഭിച്ച പരിശ്രമങ്ങൾ മുൻപോട്ടു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്റ്റേറ്റ് സെക്രട്ടറിയോടൊപ്പം, സ്വിറ്റ്‌സർലണ്ടിലെ അപ്പസ്തോലിക പ്രതിനിധി മോൺസിഞ്ഞോർ മാർട്ടിൻ ക്രെബ്സ്, മോൺസിഞ്ഞോർ പോൾ ബട്ട്നാരു എന്നിവരും ചർച്ചകളിൽ സന്നിഹിതരായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 June 2024, 12:45