വത്തിക്കാ൯. വത്തിക്കാ൯. 

ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗനോയ്ക്കെതിരെ അന്വേഷണം

അമേരിക്കയിലെ മുൻ അപ്പസ്തോലിക് നുൺഷിയോയും, ആർച്ച് ബിഷപ്പുമായ കാർലോ മരിയ വിഗനോ തന്റെ "എക്സ്" അക്കൗണ്ടിലൂടെ റോമിലെ വിശ്വാസ തിരുസംഘത്തിന്റെ മുമ്പാകെ ഹാജരാകാൻ തനിക്ക് സമൻസ് ലഭിച്ചതായി പ്രഖ്യാപിച്ചു. പാഷണ്ഡതയുടെ പേരിൽ അന്വേഷണം നേരിടാനാണ് സമ൯സ്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഫ്രാൻസിസ് പാപ്പയുടെ അധികാരത്തിന്റെ നിയമസാധുത ഉൾപ്പെടെ കത്തോലിക്കാ സഭയുമായി ഐക്യം നിലനിർത്താൻ ആവശ്യമായ ഘടകങ്ങളെ നിഷേധിക്കുന്ന പരസ്യ പ്രസ്താവനകൾ നടത്തിയെന്നും രണ്ടാം വത്തിക്കാൻ സൂനഹദോസിനെ തള്ളിപ്പറഞ്ഞുവെന്നും ആർച്ച് ബിഷപ്പ് വിഗനോയ്ക്കെതിരെ ആരോപണങ്ങളുണ്ട്. ആരോപണങ്ങളും തെളിവുകളും അവലോകനം ചെയ്യുന്നതിന് വ്യാഴാഴ്ച വൈകുന്നേരം 3:30 നകം ഹാജരാകാനോ പ്രതിഭാഗം അഭിഭാഷകനെ നിയമിക്കാനോ ഉത്തരവിൽ വിഗനോയോടു ആവശ്യപ്പെട്ടതായാണ് വിവരം. ജൂൺ 28 നകം ഹാജരാകുകയോ രേഖാമൂലം സത്യവാങ്മൂലം സമർപ്പിക്കുകയോ ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ പോലും നടപടി സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്.

കർദ്ദിനാൾ തിയോഡോർ മക്കറിക്കിന്റെ കേസ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പയുടെ രാജി ആവശ്യപ്പെട്ട് 2018 സെപ്റ്റംബറിൽ ആർച്ച് ബിഷപ്പ് ഒരു കത്ത് പ്രസിദ്ധികരിച്ചിരുന്നു. 2020 നവംബറിൽ പരിശുദ്ധ സിംഹാസനം ആർച്ച് ബിഷപ്പ് വിഗനോയുടെ അവകാശവാദങ്ങളെ നിരാകരിച്ചുകൊണ്ട്, വിശദമായ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചുവെങ്കിലും ആ റിപ്പോർട്ട് ആർച്ച് ബിഷപ്പ് വിഗനോയുടെ എക്സ് അക്കൗണ്ടിൽ വിഷയമാകുന്നില്ല. ആർച്ച് ബിഷപ്പ്  വിഗനോ പറയുന്നതനുസരിച്ചു പാപ്പയുടെ അധികാരത്തിന്റെ നിയമസാധുതയെയും സൂനഹദോസിനെയും നിഷേധിച്ചതിനാണ് അന്വേഷണം. എന്നാൽ വിഗനോയ്ക്കെതിരായ അന്വേഷണത്തെക്കുറിച്ച് വിശ്വാസ തിരുസംഘം എന്തെങ്കിലും പറയുകയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല.

ആർച്ച് ബിഷപ്പ് വിഗനോ സാമൂഹ്യ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചതനുസരിച്ച്, "എനിക്കെതിരെയുള്ള ആരോപണങ്ങൾ ഞാൻ ഒരു ബഹുമതിയായി കണക്കാക്കുന്നു", രണ്ടാം വത്തിക്കാൻ കൗൺസിലിനെ "പ്രത്യയശാസ്ത്രപരവും ദൈവശാസ്ത്രപരവും ധാർമ്മികവും ആരാധനാപരവുമായ അർബുദം" എന്നും "സിനഡൽ സഭ" അതിന്റെ  വ്യാധിവ്യാപനമായ "മെറ്റാസ്റ്റാസിസ്" ആണെന്നും വിശേഷിപ്പിക്കുന്നു.

സംഭവത്തെ കുറിച്ച് പ്രതികരിക്കവേ, ചില സമീപനങ്ങളും ചില നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അതിന് അദ്ദേഹം ഉത്തരം നൽകേണ്ടതുണ്ടെന്നും വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളി൯ അഭിപ്രായപ്പെട്ടു. എന്നാൽ ആർച്ച് ബിഷപ്പ് വിഗനോയ്ക്ക് തന്റെ നിലപാടുകൾ വ്യക്തമാക്കാനുള്ള അവസരം നിഷേധിക്കുകയില്ലെന്നും കർദ്ദിനാൾ പറഞ്ഞു. ഉർബാനിയൻ പൊന്തിഫിക്കൽ സർവകലാശാലയിൽ സംസാരിക്കവെ വിഗാനോയുമായി ഒന്നിച്ചു പ്രവർത്തിച്ച മുൻ അനുഭവങ്ങളെ അനുസ്മരിച്ച കർദ്ദിനാൾ പരോളി൯ ആർച്ച് ബിഷപ്പ് പരിശുദ്ധ സിംഹാസനത്തോടു വളരെ വിശ്വസ്ഥനായിരുന്നുവെന്നും അപ്പോസ്തോലിക് ന്യൂൺഷ്യോ എന്ന നിലയിൽ നല്ല പ്രവർത്തനം കാഴ്ചവച്ചിരുന്നുവെന്നും അനുസ്മരിച്ചു. എന്നാൽ എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന് തനിക്കറിയില്ല എന്നും അതിൽ താ൯ ഒത്തിരി ഖേദിക്കുന്നുവെന്നും കർദ്ദിനാൾ കൂട്ടിചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 June 2024, 12:41