തിരയുക

സി9 സമ്മേളനം  സി9 സമ്മേളനം   (Vatican Media)

സഭാസമൂഹത്തിൽ മാതൃത്വം വിലമതിക്കപ്പെടണം

റോമൻ കൂരിയയുടെ നവീകരണത്തിനും, ഭരണക്രമ പരിഷ്കരണത്തിനുമായി ഫ്രാൻസിസ് പാപ്പാ രൂപം നൽകിയ സി9 (c9) കർദിനാൾമാരുടെ ഉപദേശകസംഘത്തിന്റെ സമ്മേളനം പര്യവസാനിച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

റോമൻ കൂരിയയുടെ നവീകരണത്തിനും, ഭരണക്രമ പരിഷ്കരണത്തിനുമായി ഫ്രാൻസിസ് പാപ്പാ രൂപം നൽകിയ സി9 (c9) കർദിനാൾമാരുടെ ഉപദേശകസംഘത്തിന്റെ സമ്മേളനം പര്യവസാനിച്ചു. കർദിനാൾമാർക്കൊപ്പം, മൂന്ന് വനിതകളുടെയും  അഭിപ്രായസ്വീകരണം ഈ സമ്മേളനത്തെ കൂടുതൽ വ്യതിരിക്തമാക്കി. സഭയിൽ സ്ത്രീകളുടെ പങ്കും, പങ്കാളിത്തവും; പ്രായപൂർത്തിയാകാത്തവർക്കു നൽകേണ്ടുന്ന പരിരക്ഷയുമാണ് രണ്ടു ദിനം നീണ്ടു നിന്ന കൗൺസിലിൽ ചർച്ചാവിഷയങ്ങളായത്. അടുത്ത യോഗം ഡിസംബർ മാസത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.

സ്ത്രീകളെ കുറിച്ചുള്ള ചർച്ചകൾക്ക് പകരം സ്ത്രീകൾക്കൊപ്പമുള്ള ചർച്ചകളാണ് ഉപദേശകസമിതി നടത്തിയതെന്ന് അംഗങ്ങൾ പങ്കുവച്ചു. ഒൻപതു കർദിനാൾമാർക്കും, പാപ്പായ്ക്കും പുറമെ, സിസ്റ്റർ ലിൻഡാ പോച്ചർ, വാലെൻന്റീന റോത്തൂന്ധി, ഡോണാത്ത ഹൊറാക് എന്നിവരും ഇരുവിഷയങ്ങളിന്മേൽ അഭിപ്രായങ്ങൾ പങ്കുവച്ചു.

അഗാധമായ തലമുറബന്ധം സമ്പദ്  വ്യവസ്ഥയുടെയും , സാമ്പത്തികത്തിന്റെയും കെട്ടുറപ്പിന് അവശ്യമാണെന്ന് വാലെൻന്റീന റോത്തൂന്ധി പറഞ്ഞു. സഭയിലും,  സമൂഹത്തിലും  നിലനിൽക്കുന്ന വിപരീതങ്ങളായ മൂല്യങ്ങളുടെ സംയോജിതപ്രാവർത്തികതയാണ് ഡോണാത്ത ഹൊറാക് അടിവരയിട്ടു പറഞ്ഞ ആശയങ്ങൾ.

സഭയിൽ ആത്മീയമായ പ്രവർത്തനങ്ങൾക്ക് മുൻപിൽ  നിൽക്കുന്ന സ്ത്രീകൾക്ക് ഉത്തരവാദിത്വപൂർണ്ണമായ കടമകളിലും സ്ഥാനം നൽകണമെന്ന് കിൻഷാസയിലെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഫ്രിഡോലിൻ അംബോംഗോ ബെസുങ്കു പറഞ്ഞു. എന്നാൽ ഇത് ഒരു സമരാർത്ഥത്തിലല്ല, മറിച്ച് സഭയുടെ മാതൃത്വഭാവം കണക്കിലെടുത്തുകൊണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്നുമുള്ള കർദിനാൾ ഓസ്വാൾഡ് ഗ്രെഷ്യസും സഭയിൽ സ്ത്രീകൾക്ക് നൽകേണ്ട പ്രാധാന്യത്തെ എടുത്തുപറഞ്ഞു. പ്രശ്നപരിഹാരങ്ങൾക്ക് സ്ത്രീകൾക്കുള്ള നിപുണതയും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

തുടർന്ന് കൗൺസിലിൽ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിന് സഭ നടത്തുന്ന പ്രവർത്തനങ്ങളെ കർദിനാൾ ഒമാലി പങ്കുവച്ചു. കമ്മീഷന്റെ  പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടും അദ്ദേഹം സഭയിൽ അവതരിപ്പിച്ചു. തുടർന്ന് കർദിനാൾമാർ ലോകത്തിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന സംഘർഷപൂരിതമായ അവസ്ഥകളെ എടുത്തുപറയുകയും ഏവരുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 June 2024, 13:55