രാജ്യങ്ങളുടെ സുസ്ഥിര വികസനത്തിനായി അന്താരാഷ്‌ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം: ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങൾ, വികസ്വര രാജ്യങ്ങൾ, ചെറിയ രാജ്യങ്ങൾ എന്നിവിടങ്ങളിലെ പ്രതിസന്ധികൾക്കു പരിഹാരം കാണുന്നതിനും, അവയുടെ പരിവർത്തനശ്രമങ്ങളെ ത്വരിതപ്പെടുത്തുവാനുമുള്ള ഐക്യരാഷ്ട്ര സഭയുടെ ഉന്നതതല ചർച്ചകളെ സ്വാഗതം ചെയ്തുകൊണ്ട്, പരിശുദ്ധ സിംഹാസനത്തിന്റെ ഐക്യരാഷ്ട്രസഭയിലേക്കുള്ള സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച പ്രസ്താവന നടത്തി. സുസ്ഥിരമായ വികസനം കൈവരിക്കുന്നതിന് എല്ലാ രാജ്യങ്ങളെയും സഹായിക്കുക എന്നത്, ഒരു കുടുംബമെന്ന നിലയിൽ അന്താരാഷ്‌ട്ര സമൂഹങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു.
കടബാധ്യതകൾ, പരിമിതമായസാമ്പത്തികവികസനം, ഭക്ഷ്യഅരക്ഷിതാവസ്ഥ, പോഷകാഹാരക്കുറവ്, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, കൊറോണ മഹാമാരി, എന്നിവ വികസനത്തിന് തടസമായി നിൽക്കുന്ന വെല്ലുവിളികളാണെന്നും, എന്നാൽ ഇവയെ തരണം ചെയ്യുവാൻ വിവിധ രാജ്യങ്ങളെ സഹായിക്കേണ്ടത് ധാർമ്മിക അനിവാര്യതയാണെന്നും ആർച്ചുബിഷപ്പ് പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷഫലങ്ങൾ ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന അവസരങ്ങളിൽ, ഇവയിൽ നിന്നുള്ള സുരക്ഷാമാർഗ്ഗങ്ങൾ എങ്ങനെ വളർത്തിയെടുക്കാമെന്നതിനെ കുറിച്ചും പഠനങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ദീർഘകാല സ്ഥിരതയ്ക്കും, വളർച്ചയ്ക്കും വിദ്യാഭ്യാസത്തിൻ്റെയും, തൊഴിൽ പരിശീലനത്തിൻ്റെയും പ്രാധാന്യവും പ്രസ്താവനയിൽ ആർച്ചുബിഷപ്പ് സൂചിപ്പിച്ചു. എന്നാൽ ഇവയെല്ലാം ആഗോള ഐക്യദാർഢ്യത്തിൻ്റെ മൂർത്തമായ പ്രവർത്തനങ്ങളിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: