മെത്രാൻ എന്നത് സേവനത്തിനുള്ള സ്ഥാനപ്പേരാണ്: ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഘർ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഫിലിപ്പൈൻസിലെ കത്തോലിക്കാ മെത്രാൻ സമിതി അംഗങ്ങളുമായി ചേർന്ന് , പരിശുദ്ധ സിംഹാസനത്തിന്റെ മറ്റു സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധത്തിൻ്റ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഘർ വിശുദ്ധ ബലിയർപ്പിക്കുകയും, അവർക്ക് വചനസന്ദേശം നൽകുകയും ചെയ്തു.
മനിലയിലെ, മലായ്ബാലയ് ബുക്കിഡ്‌നോണിലെ ആശ്രമത്തിലെ ദേവാലയത്തിലാണ് ജൂലൈ മാസം നാലാം തീയതി വിശുദ്ധ കുർബാനയർപ്പണം നടന്നത്. വചനവായനയിൽ, പാപങ്ങൾ ക്ഷമിക്കുക, രോഗശാന്തി നൽകുക എന്നീ യേശുവിന്റെ രണ്ടു പ്രവൃത്തികൾ പരസ്പരം ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു.
തുടർന്ന്, സഭയിൽ, വൈദികരും മെത്രാന്മാരുമെന്ന നിലയിൽ ലഭിക്കുന്ന അധികാരം പരിശുദ്ധാത്മാവിന്റെ ഒരു ദാനമാണെന്നും, അത് സേവനത്തിനുള്ള സ്ഥാനപ്പേരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്തുവിൽ നാം സ്വീകരിക്കുന്ന ഈ അധികാരം, സഭയിലൂടെയാണ് നാം വിനിയോഗിക്കേണ്ടതെന്നും, ഇത് നമ്മുടെ സ്വന്തം കഴിവുകൾക്കനുസൃതം ഉപയോഗിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.
മെത്രാന്മാരിൽ നിക്ഷിപ്തമായിരിക്കുന്ന ധാർമ്മിക അധികാരത്തെക്കുറിച്ചും ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു. മെത്രാനടുത്ത അധികാരമെന്നാൽ, ബഹുമാനം ചോദിച്ചുവാങ്ങുന്നതിലോ ഭരിക്കുന്നതിലോ അല്ല, മറിച്ച് ഇടയസേവനത്തിലൂടെയാണ് ഉപയോഗിക്കേണ്ടതെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു.
പുരോഹിതന്മാർക്കും, ആളുകൾക്കും മെത്രാന്മാരിലെ സേവന ചൈതന്യം കാണാനും, അനുഭവിക്കാനും കഴിയുമ്പോൾ മാത്രമാണ്, നമ്മിൽ അവർ വിശ്വാസമർപ്പിക്കുന്നതിനും, നയിക്കാൻ തങ്ങളെ തങ്ങളെ അനുവദിക്കുകയെന്നും ആർച്ചുബിഷപ്പ് പറഞ്ഞു. "അനീതിയുടെയും തിന്മയുടെയും മുമ്പിൽ ഭീരുക്കളോ നിശബ്ദരോ പങ്കാളികളോ ആയിത്തീരാൻ നാം വിളിക്കപ്പെടുന്നു എന്നല്ല സേവക നേതൃത്വത്തിന്റെ അർത്ഥം.
മെത്രാന്മാർ എന്ന നിലയിൽ, സേവക നേതാക്കളെന്ന നിലയിൽ, ഈ ലോകത്തിലെ ശക്തികളുടെ അധികാരത്തെ എതിർക്കാൻ നാം നമ്മുടെ ധാർമ്മിക അധികാരം ഉപയോഗിക്കേണ്ടതാണ്", ആർച്ചുബിഷപ്പ് ഗാല്ലഘർ അടിവരയിട്ടു പറഞ്ഞു. ഈ സ്ഥിരവും, ക്ഷമാപൂർവകവുമായ സാക്ഷ്യത്തിലൂടെയാണ് മെത്രാന്മാർ എന്ന നിലയിലുള്ള നമ്മുടെ ധാർമ്മിക അധികാരം പ്രകടമാക്കേണ്ടതെന്നും, ഇതിനു സഹായമാകുന്നത് കർത്താവിന്റെ അനുഗ്രഹമാണെന്നും ആർച്ചുബിഷപ്പ് ഗാല്ലഘർ ഊന്നിപ്പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: